Mar 13, 2009

നവാസ്‌ ഷെറീഫും വലപ്പാട്‌ സര്‍ക്കിളും പിന്നെ ഞാനും

1999 ജൂലൈ മാസം പന്ത്രണ്ടാം തീയതി. ത്രിപ്രയാര്‍ ശ്രീരാമാ പോളിയിലെ ഞാനടക്കമുള്ള കുറേ വിദ്യാര്‍ഥികളുടെ രാജ്യസ്നേഹം പെട്ടെന്ന്‌ കുളുകുളു ശബ്ദത്തോടെ കുതിച്ചുയര്‍ന്നു.കാരണം മറ്റൊന്നുമല്ല, കാര്‍ഗില്‍ തന്നെ. എല്ലാവര്‍ക്കും വെളിപാടുണ്ടാകുന്നു, നവാസ്‌ ഷെരീഫിണ്റ്റെ കോലം കത്തിക്കണം. അതില്‍ കുറഞ്ഞൊരു ശിക്ഷയും ആര്‍ക്കും സ്വീകാര്യമല്ല. 

പിന്നൊന്നും ആലൊചിച്ചില്ല. നേരെ തുഷാരയില്‍ പോയി രണ്ടെണ്ണം വിട്ടു. (അതിപ്പോ കുറെ ആലോചിച്ചിട്ടാണെങ്കിലും ഇതുതന്നെയേ ആദ്യം ചെയ്യൂ. ) 

തിരിച്ചുവന്ന്‌ ആലോചനായോഗം കൂടി,എന്തൊക്കെ ചെയ്യണമെന്നു തീരുമാനിച്ചു. പരിപാടി കഴിഞ്ഞിട്ട്‌ ഏതു ബാറില്‍ പോണം, ഏതു ബ്രാണ്റ്റടിക്കണം എന്നൊക്കെ തീരുമാനിച്ചു. അവസാനം, എന്നാപ്പിന്നെ കോലം കത്തിച്ചേക്കാം എന്നും പറഞ്ഞ്‌ യോഗം അവസാനിപ്പിച്ചു. കോലം ഉണ്ടാക്കുന്ന ചുമതല, പിരമിഡ്‌ തലയന്‍ എന്നറിയപ്പെട്ടിരുന്ന അനൂപിനെ ഏല്‍പ്പിച്ചു. കോലം കത്തിക്കാന്‍ പെര്‍മിഷന്‍ വാങ്ങേണ്ട ചുമതല എനിക്കും.

 ജോണിസാറ്‌ റിട്ടയര്‍ ചെയ്ത ഗ്യാപ്പില്‍ ഉണ്ണിരാജന്‍ സാറാണ്‌ അപ്പോള്‍ പ്രിന്‍സിപ്പലായി അഭിനയിച്ചോണ്ടിരുന്നത്‌. (ആക്റ്റിംഗ്‌ പ്രിന്‍സിപ്പല്‍). പോളിയുടെ ഉള്ളില്‍ വെച്ച്‌ കോലം കത്തിക്കാന്‍ പുള്ളീടെ സമ്മതം കിട്ടണം. സാറമ്മാരുമായി വളരെ നല്ല റിലേഷന്‍ ആയിരുന്നതോണ്ട്‌ പുള്ളി സമ്മതിക്കില്ലെന്ന്‌ ഏതാണ്ടുറപ്പായിരുന്നു.

 പിന്നത്തെ ഓപ്ഷന്‍ പോളിക്കു പുറത്ത്‌ വെച്ച്‌ കത്തിക്കലാണ്‌. അതിനു പെര്‍മിഷന്‍ വാങ്ങേണ്ടത്‌ വലപ്പാട്‌ സര്‍ക്കിളിണ്റ്റെ കയ്യീന്നാണ്‌. അതും ഞാന്‍ നിസ്സാരമായി ഏറ്റെടുത്തു. ചീള്‌ കേസ്‌. അവിടെപ്പോയി സംസാരിച്ചിട്ട്‌ ഇനിയിപ്പോ സര്‍ക്കിളെങ്ങാനും സമ്മതിച്ചില്ലെങ്കില്‍ പുള്ളീടെ മൊഖത്തുനോക്കി "മോഹന്‍ തോമസ്സിണ്റ്റെ ഉച്ചിഷ്ടം, അമേദ്യം, ആസനം" എന്നൊക്കെ പറയണമെന്നും ഞാന്‍ തീരുമാനിച്ചു. 

പോയാല്‍ ഒരു വാക്ക്‌, കിട്ടിയാല്‍ ഒരൊലക്ക എന്ന മട്ടില്‍ ഉണ്ണിരാജന്‍ സാറിനോട്‌ ചോദിച്ചുനോക്കാന്‍ വേണ്ടി ഞാന്‍ പുള്ളീടെ റൂമില്‍ ചെന്നു കാര്യം പറഞ്ഞു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ എരിതീയില്‍ ഒഴിക്കാനുള്ള എണ്ണ സ്പോണ്‍സര്‍ ചെയ്യണത്‌ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെണ്റ്റിലെ സിദ്ധാര്‍ത്ഥന്‍ സാറാണ്‌. അന്നും ഒരു കന്നാസ്‌ എണ്ണ ആ നല്ല മനുഷ്യന്‍ ഇതിനുവ്വേണ്ടി കരുതിവെച്ചിരുന്നു. പുള്ളി ഇടക്കിടക്ക്‌ എണ്ണയൊഴിച്ചുകൊടുത്തതിണ്റ്റെ ഫലമായി ആദ്യം ഒരു പാതിമനസ്സില്‍ നിന്നിരുന്ന ഉണ്ണിസാറ്‌ ഒടുവില്‍ പൂര്‍ണ്ണമനസ്സോടെ എന്നെ ഗെറ്റൌട്ടടിച്ചു. 

"ഞാന്‍ സമ്മതിച്ചിട്ട്‌ നിങ്ങളിവിടെ കോലം കത്തിക്കില്ല" 

ഇത്‌ നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നതോണ്ട്‌ കേട്ടപാടെ ഞാന്‍ "ശരി സാര്‍" എന്നും പറഞ്ഞ്‌ തിരിച്ചുനടന്നു. സാറ്‌ പക്ഷേ കണ്‍ഫ്യൂഷനായി. സാര്‍ സമ്മതിച്ചില്ലെങ്കിലും കോലം കത്തിക്കുമെന്നാണോ അതോ ഞങ്ങളാ പരിപാടി ഉപേക്ഷിച്ചെന്നാണോ, സാറിനൊന്നും മനസ്സിലായില്ല. പുള്ളി എന്നെ തിരിച്ചുവിളിച്ചു. 

"എന്നിട്ട്‌ താനിപ്പോ എവിടെക്കാ?"

 "പോലീസ്‌ സ്റ്റേഷനില്‍ക്ക്‌" 

ഇപ്പോ സാറൊന്നു കിടുങ്ങി. നവാസ്‌ ഷറീഫിണ്റ്റെ കോലം കത്തിക്കാന്‍ സമ്മതിക്കാത്തതിന്‌ സാറിനെ ഒരു രാജ്യദ്രോഹിയാക്കി അകത്താക്കാനുള്ള അടവാണെന്നെങ്ങാനും കരുതിക്കാണും. ആ ഒരു ടെന്‍ഷന്‍ അടുത്ത ചോദ്യത്തിലുണ്ടായിരുന്നു.

 "എന്തിന്‌? അതിനിപ്പോ എന്തിനാ പോലീസ്‌ സ്റ്റേഷന്‍?" 

"പോളീടെ പൊറത്തുവെച്ച്‌ കോലം കത്തിക്കാന്‍ സാറിണ്റ്റെ പെര്‍മിഷന്‍ വേണ്ട. സര്‍ക്കിളിണ്റ്റെ സമ്മതം കിട്ടിയാല്‍ മതി"

 എണ്റ്റെ അപ്പളത്തെ വര്‍ത്തമാനം കേട്ടപ്പൊ സര്‍ക്കിള്‍ എന്നു പറയണത്‌ എണ്റ്റെ അളിയനെങ്ങാനും ആണെന്ന്‌ സാറ്‌ കരുതീട്ടുണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. അവിടുന്ന്‌ നേരെ കാണ്റ്റീനില്‍ എത്തി അവിടിരുന്ന്‌ അപേക്ഷേം എഴുതി ഞാനും അരുണും കൂടി സ്റ്റേഷനിലേക്ക്‌ പോകാനിറങ്ങി. ആ നേരത്താണ്‌ ശശിയേട്ടണ്റ്റെ വക ഒരു ബോംബ്‌. 

"ഡാ, സൂക്ഷിച്ചും കണ്ടും നിന്നോട്ടാ...പുതിയ സര്‍ക്കിളാ. ആള്‌ നല്ല ചൂടനാ. നമ്മടെ കോഴിക്കോടന്‍ പ്രസാദിനെ പിടിച്ചിട്ട്‌ നട്ടെല്ലൂരി ലാത്തിയാക്കീട്ടാ വിട്ടേ"

 കോഴിക്കോടന്‍ പ്രസാദ്‌ എന്നറിയപ്പെടുന്ന വ്യക്തി പോളീടെ അടുത്തുള്ള കോളനീലെ അത്യാവശ്യം കൊള്ളാവുന്ന ഒരു ഗുണ്ടയാണ്‌. കണ്ടാല്‍ നല്ലൊരു ജിംഡന്‍. അങ്ങോര്‍ക്കാ ഗതിയണെങ്കില്‍...ദൈവമേ...ഞങ്ങളു രണ്ടും സ്മോളുമടിച്ചിട്ടാണീ പോക്ക്‌. നട്ടെല്ല്‌ സെപ്പറേറ്റ്‌ ഊരിയൊന്നും എടുക്കണ്ട. ചെവിയില്‌ മൂന്നുവട്ടം ലാത്തി ലാത്തീന്ന്‌ വെറുതെ പറഞ്ഞാല്‍ മതി ഞങ്ങളെ ലാത്തിയാക്കാന്‍. അതിനുള്ള ശരീരഘടനയേ രണ്ടെണ്ണത്തിനും ഉള്ളൂ. 

"പിന്നെ ഇന്നലെ എസ്സെന്‍ കോളേജില്‌ അടീണ്ടാക്കിട്ട്‌ കൊണ്ടോയോര്‍ക്കൊക്കെ നല്ല ചാമ്പ്‌ കിട്ടീണ്ട്ന്ന്‌ പറയണകേട്ടു"

 ശശിയേട്ടന്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്‌. ഈ പണ്ടാറക്കാലനിതൊക്കെ നേരത്തേ പറയാരുന്നില്ലേ. എന്നാല്‍ നൈസായിട്ട്‌ ഇതു വേറെ വല്ലോരുടേം തലേല്‍ വെക്കാരുന്നു. ഇനി രക്ഷയില്ല. എന്തായാലും കുളിച്ചു. ഇനിയിപ്പോ തോര്‍ത്തീട്ടു കേറാം. നേരേ വണ്ടിവിട്ടു.

 അത്രേം നേരം ഇതൊരു നിസ്സാരസംഭവമായി കണ്ടിരുന്ന ഞങ്ങള്‌ രണ്ടുപേരും ഒരു മരിച്ചടക്കിനുപോണപോലെയായിരുന്നു ഏതാണ്ട്‌. 

സ്റ്റേഷനിലെത്തി. കുറച്ചുനേരം ഡൌട്ടടിച്ച്‌ നിന്ന്‌ വലിഞ്ഞുകേറിച്ചെന്നു. സര്‍ക്കിളിണ്റ്റെ റൂമിണ്റ്റെ മുന്നില്‍ വെയിറ്റ്‌ ചെയ്യണസമയത്ത്‌ തെങ്കാശിപ്പട്ടണത്തില്‍ ദിലീപ്‌ ചോദിക്കണപോലെ "ഈ കണ്ണന്‍ മൊതലാളി ആളെങ്ങനാ" എന്ന്‌ ഏതേലും കോണ്‍സ്റ്റബിളിനോട്‌ ചോദിച്ചാലോ എന്നോര്‍ത്ത്‌ ഞാന്‍ നിക്കുമ്പോ റൂമീന്നൊരു സൌണ്ട്‌. 

"നിണ്റ്റപ്പണ്റ്റെ വകയാണോടാ ഹൈവേ നിനക്കൊക്കെ തോന്നിയേടത്ത്‌ കൊണ്ട്‌ ഫ്ളക്സ്‌ വെക്കാന്‍? ഇന്നു തന്നെ അഴിച്ചുമാറ്റണം"

 അപ്പൊ അതിനൊരു തീരുമാനമായി...ഹൈവേയില്‍ ഫ്ളക്സ്‌ വെച്ചതിന്‌ ഈ ജാതി തെറിയാണെങ്കില്‍ വഴീലിട്ട്‌ കോലം കത്തിക്കാന്‍ പോണവനിട്ട്‌ ഇടിയൊറപ്പ്‌. "ലോക്കപ്പ്‌ മര്‍ദ്ദനം, പോളിവിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു" എന്നൊരു പത്രവാര്‍ത്ത എണ്റ്റെ മനസ്സില്‍ മിന്നി. ആ സംഭവം വല്ല്യ കോളിളക്കമാകുന്നതും പിന്നെ ഷാജി കൈലാസ്‌, രണ്‍ജി പണിക്കര്‍ ടീം അതു സിനിമയാക്കുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു. ആ സിനിമയില്‍ എണ്റ്റെ റോള്‍ ചെയ്യണതാരാകും എന്നോര്‍ത്തോണ്ട്‌ നിക്കുമ്പോ അരുണിണ്റ്റെ ശബ്ദം.

 "ഡാ, ദേ വിളിക്കണ്‌"

 അവണ്റ്റെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ എണ്റ്റെ പെങ്ങടെ കല്യാണം വിളിക്കാന്‍ വന്നതാണെന്ന്‌. വിളിക്കണ കേട്ടെങ്കില്‍ അവനു പോയി കാര്യം പറഞ്ഞിട്ടുപോന്നാല്‍ പോരെ...കണ്ണീച്ചോരയില്ലാത്തവന്‍. വിളിച്ചില്ലേ, ഇനി പോകാതെ പറ്റില്ലല്ലോ.

 പോളിന്ന്‌ സ്റ്റേഷന്‍ വരെ അഞ്ചുമിനിട്ട്‌ കൊണ്ടെത്തിയ ഞങ്ങള്‍ ഏതാണ്ട്‌ അത്രേം തന്നെ നേരമെടുത്തു റൂമിണ്റ്റെ പൊറത്തൂന്ന്‌ അകത്തെത്താന്‍. ചെന്നയുടെനെ കയ്യിലുള്ള അപേക്ഷ മേശപ്പുറത്ത്‌ വെച്ച്‌, ബസ്‌ സ്റ്റാണ്റ്റില്‍ നിര്‍ത്തിയിട്ടിരിക്കണ ബസ്സില്‍ വെള്ളപ്പൊക്കം,കൊടുങ്കാറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ കാര്‍ഡ്‌ വെച്ച്‌ കാശുവാങ്ങാനിറങ്ങണവരുടെ പോലെ, ഒരു ബന്ധവുമില്ലത്ത മട്ടില്‍ ഞങ്ങള്‍ നീങ്ങി നിന്നു. അതിനുശേഷമാണ്‌ ആളുടെ മുഖത്തേക്കുതന്നെ നോക്കിയത്‌. ഈശ്വരാ...കീരീക്കാടന്‍ ജോസിന്‌ ഭീമന്‍ രഘുവിലുണ്ടായ പോലൊരു മൊതല്‌. ഈ സാധനത്തിണ്റ്റേന്നാണോ പെര്‍മിഷന്‍ വാങ്ങാന്‍ പോണത്‌. ചെറിയരീതിയില്‍ ഒരു വിറ. പോരാത്തേന്‌ സ്മോളിണ്റ്റെ സ്മെല്ലടിക്കുമോന്നുള്ള പേടീം... 

പുള്ളി ആ കടലാസെടുത്ത്‌ വായിച്ചു. എന്നിട്ടൊരു ചോദ്യോം.

 "നിങ്ങള്‌ പാക്കിസ്ഥാനില്‍ പോണുണ്ടോ അതോ ഇവിടെ വെച്ചുതന്നെ കത്തിക്കാനാണോ?"

 തമാശയാണോ സീരിയസ്സായിട്ടാണോന്നൊരു പിടിയുമില്ല. ഈ രൂപോം വെച്ചിങ്ങോര്‌ തമാശ പറയുമെന്നു കരുതാനും പറ്റണില്ല. ഇനിയിപ്പോ ഈ ഇരിക്കണതൊരു മാടപ്രവാണോ...ഈ മാടിണ്റ്റെ രൂപത്തിനുള്ളില്‍ ഒരു പ്രാവിണ്റ്റെ മനസ്സോ...ചോദ്യത്തിണ്റ്റെ പള്‍സറിയാതെ മറുപടി പറഞ്ഞാല്‍...ഞാന്‍ അങ്ങോരുടെ മേശപ്പുറത്തിരിക്കണ ലാത്തിയിലേക്കൊന്നു നോക്കി. ലാത്തിക്കു പകരം ഞങ്ങളെ രണ്ടെണ്ണത്തിനേം ആ മേശപ്പുറത്തിട്ടേക്കണ സീനും ഒന്നു സങ്കല്‍പ്പിച്ചുനോക്കി. 

എന്തായാലും മിണ്ടാതെ നിന്നിട്ട്‌ കാര്യമില്ല. ഒടുവില്‍ ചങ്കൂറ്റത്തോടെ ഉറച്ച ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു. 

"അ....ഇ...പോ...മു... വ" 

എണ്റ്റമ്മോ, ഇതേതുഭാഷ. ഞനിതെപ്പോ പഠിച്ചു. ഈ വാചകം തലച്ചോറില്‍ നിന്ന്‌ നാവിണ്റ്റെ അറ്റത്തെത്തണവരെ ഇങ്ങിനായിരുന്നില്ലല്ലൊ. ഞാന്‍ നോക്കിയപ്പോ സര്‍ക്കിളിണ്റ്റെ മുഖത്തൊരമ്പരപ്പ്‌...അരുണിണ്റ്റെ മുഖത്ത്‌ ഞെട്ടല്‍...എണ്റ്റെ മുഖത്ത്‌ അതിഭയങ്കരമായ ദയനീയത...അവിടെയൊരു ഭാവാഭിനയമത്സരം തന്നെ അരങ്ങേറി. എനിക്കാകെ വെപ്രാളമായി...ഒന്നൂടെ ശ്രമിച്ചു. കുറച്ചുനേരത്തെ തീവ്രപരിശ്രമത്തിണ്റ്റെ ഭാഗമായി അവസാനം ഞാന്‍ സ്ഫുടമായി പറഞ്ഞു. 

"അല്ല...ഇവിടെ...മറ്റേ...പോളീടെ...മുന്നില്‌...സൈഡില്‌...പോസ്റ്റാഫീസിണ്റ്റെ... " 

അതിണ്റ്റെടക്ക്‌ പോസ്റ്റാഫീസ്‌ എങ്ങനെ കേറിവന്നെന്ന്‌ ഒരു പിടീം കിട്ടിയില്ല. എന്തായാലും പുള്ളിക്ക്‌ കാര്യം മനസ്സിലായി. 

"കത്തിച്ചോ കത്തിച്ചോ...പക്ഷേ ഇതിണ്റ്റെ പേരില്‌ അവടെ എന്തുപ്രശ്നം ഉണ്ടായാലും ഇതിലൊപ്പിട്ടിരിക്കണവനെ ഞാന്‍ പൊക്കും. ഇതിലൊപ്പിട്ടതാരാ?"

 ഗതികേടിന്‌ അതു ഞാനായിരുന്നു. അതു ഞങ്ങടെ പ്രിന്‍സിപ്പളിണ്റ്റെ ഒപ്പാ എന്നൊരു നുണ ഞാന്‍ മനസ്സില്‍ ഉണ്ടാക്കിവരുമ്പോളേക്കും അരുണ്‍ ചാടിക്കേറിപ്പറഞ്ഞു.

 "ഇവനാ"

 എന്നിട്ട്‌, എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ടെന്ന മട്ടില്‍ എന്നെയൊരു നോട്ടം. കാലമാടന്‍.

 ഈ കോലം കത്തിക്കണ സമയത്ത്‌ അവിടെ അടുത്ത പ്രദേശത്തെങ്ങാനും ഒരു മരണം നടന്നാല്‍ അതു കൊലക്കുറ്റമായി എണ്റ്റെ തലയില്‍ വരുമോ എന്നൊരു ന്യായമായ സംശയം ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്നു വെച്ചു. വരാനുള്ളത്‌ ഇങ്ങോട്ട്‌ വന്നാല്‍ പോരെ, വണ്ടീം കേറി അങ്ങോട്ട്‌ ചെന്നുകാണണ്ടല്ലോ. അവസാനം സംഗതി പുള്ളി ഒപ്പിട്ടുതന്നു.

 ഒരിത്തിരി നേരം കൂടി അവിടെനിന്നെങ്കില്‍ എണ്റ്റെ പേരില്‍ ഒരു പെറ്റി കേസ്‌ വന്നേനെ, പോലീസ്‌ സ്റ്റേഷനില്‍ മൂത്രമൊഴിച്ചതിന്‌. 

എന്തായാലും കാര്യങ്ങളെല്ലാം ഒരുവിധത്തില്‍ നന്നായിതന്നെ നടന്നു. പോലീസ്‌ സ്റ്റേഷനില്‍ പോയ വിശേഷം ചോദിച്ചവരോടൊക്കെ സര്‍ക്കിള്‌ ഞങ്ങള്‍ക്ക്‌ ചായവാങ്ങിത്തന്നെന്നും ഇനിയെന്തു പ്രശ്നമുണ്ടെങ്കിലും ചെന്നോളാന്‍ പറഞ്ഞിട്ടുണ്ടെന്നുമുള്ള സത്യങ്ങള്‍ ഞങ്ങല്‍ ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു. അതിനുശേഷം രണ്ടുമൂന്നു തവണകൂടി പോലീസ്‌ സ്റ്റേഷനില്‍ പോയിട്ടുണ്ടെങ്കിലും (എന്തിനാന്ന്‌ എന്നെ കൊന്നാലും ഞാന്‍ പറയില്ല!!!), ഇതുപോലെ പേടിതോന്നിയ അവസരം ഉണ്ടായിട്ടില്ല.

 വാല്‍ക്കഷണം: അന്നത്തെ യഥാര്‍ത്ഥ ട്രാജഡി ഇതൊന്നുമായിരുന്നില്ല. കോലം ഉണ്ടാക്കാന്‍ ഏല്‍പിച്ച പിരമിഡ്‌ തലയന്‍ വേറൊരു കുരുത്തക്കേടൊപ്പിച്ചു. കോലത്തിണ്റ്റെ ഉള്ളില്‍ നിറക്കാനായി വേസ്റ്റ്‌ തുണിയൊന്നും കിട്ടാതായപ്പോള്‍ ഹോസ്റ്റലില്‍ പോയി കിട്ടാവുന്നവരുടെയൊക്കെ ഷര്‍ട്ടും പാണ്റ്റും അടിച്ചുമാറ്റി അതാണ്‌ കോലത്തിണ്റ്റുള്ളില്‍ കയറ്റിയത്‌. അബദ്ധത്തില്‍ പോലും അവണ്റ്റെ ഒരു തോര്‍ത്തുമുണ്ടുപോലും അവനെടുത്തില്ല. കോലത്തിണ്റ്റെ കൂടെ അങ്ങിനെ കുറെപ്പേരുടെ ഡ്രസ്സുകൂടി ചാമ്പലാക്കിയാണ്‌ ഞങ്ങള്‍ പാക്കിസ്ഥാനോടുള്ള പ്രതിഷേധം അറിയിച്ചത്‌. ഇന്നിതിവിടെ എഴുതുന്നതുവരെ, ഞങ്ങളൊരഞ്ചാറുപേര്‍ക്കുമാത്രമേ ഈ സത്യം അറിയൂ,ഒരുപാട്‌ പേര്‍ക്ക്‌ സംശയമുണ്ടായിരുന്നെങ്കിലും...

Feb 15, 2009

പ്രണയം

ഫെബ്രുവരി 14, വാലണ്റ്റൈന്‍സ്‌ ഡേ.

പ്രണയം പൂനിലാവാണെങ്കില്‍, നിണ്റ്റെ മിഴികളാണ്‌ പൂര്‍ണ്ണചന്ദ്രന്‍ എന്നു കാമുകിയുടെ കോങ്കണ്ണില്‍ നോക്കി പറയുന്ന കാമുകന്‍മാരുടെ ഡേ...

മനസ്സിണ്റ്റെ കോണില്‍ നിണ്റ്റെ പുഞ്ചിരിയുള്ളതിനാല്‍ എണ്റ്റെ രാത്രികള്‍ക്കിപ്പോള്‍ പകല്‍വെളിച്ചമാണെന്നു പറയുമ്പോള്‍ കാമുകണ്റ്റെ കോന്ത്രമ്പല്ല്‌ കണ്ടില്ലെന്നു നടിക്കുന്ന കാമുകിമാരുടെ ഡേ...

ഭൂമിയുടെ ഓരോ സ്പന്ദനവും പ്രണയത്തിലാണെന്ന്‌ വിശ്വസിക്കുന്ന കമിതാക്കളുടെ ഡേ...

അങ്ങനെയൊരു ഫെബ്രുവരി 14 ന്‌, അവന്‍ അവളോടു ചോദിച്ചു

"നമ്മുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?"

അവള്‍ പറഞ്ഞു

"വീട്ടുകാരും നാട്ടുകാരും സമ്മതിച്ചില്ലെങ്കിലും എനിക്കൊരു ജീവിതമുണ്ടെങ്കില്‍ നിന്നോടൊപ്പം മാത്രമായിരിക്കും"

അപ്പോഴെക്കും ബെല്ലടിച്ചു. അവന്‍ നാല്‌ C യിലേക്കും അവള്‍ മൂന്ന്‌ B യിലേക്കും ഓടിപ്പോയി. 

Feb 13, 2009

അളിയനാണളിയാ ശരിക്കും അളിയന്‍

വെങ്കിടങ്ങില്‍ എണ്റ്റെ വീട്ടില്‍ നിന്നു അധികം അകലെയല്ലാതെ ഒരു ചായക്കട നടത്തിയിരുന്ന ആളാണ്‌ അളിയന്‍. അളിയനൊരിടത്തും ആറുമാസത്തില്‍ കൂടുതല്‍ ഉറച്ചുനിക്കാറില്ല. കുറച്ചുനാള്‌ കണ്ണോത്ത്‌, പിന്നെ തൊയക്കാവ്‌, അല്ലെങ്കില്‍ മുല്ലശ്ശേരി...അളിയനങ്ങിനെ കറങ്ങിക്കൊണ്ടിരുന്നു. അളിയന്‍ എന്നറിയപ്പെട്ടിരുന്ന ഈ കക്ഷിയുടെ ശരിക്കുള്ള പേരെന്താണെന്ന്‌ എനിക്കിന്നും അറിയില്ല. അല്ലേലും അങ്ങോര്‍ക്കൊരു പേരിണ്റ്റെ ആവശ്യം ഉണ്ടായിരുന്നില്ല. അളിയനെ എല്ലാരും അളിയന്‍ എന്നു വിളിച്ചു. അളിയനും എല്ലാരേം അളിയാന്നു വിളിച്ചു. അങ്ങനെ എല്ലാരുടേം അളിയനായി പുള്ളി ആനന്ദത്തോടെ വാണു.

പരിചയമുള്ള ആരെങ്കിലും കടയുടെ മുന്നില്‍ക്കൂടി പോയിട്ട്‌ കടയില്‍ കയറാതിരുന്നാല്‍ അളിയനു വല്ല്യ വിഷമമായിരുന്നു. ചായ കുടിക്കണമെന്നൊന്നുമില്ല. കക്ഷിക്കു കുറച്ചുനേരം കത്തിവെക്കാന്‍ ആളെക്കിട്ടിയാല്‍ മതി. കത്തി എന്നു പറയുമ്പോള്‍, നിസ്സാരവല്‍ക്കരിക്കരുത്‌. അതൊരു കൊടുവാളിന്‍മേള്‍ കെട്ടിവെച്ച വാക്കത്തിയുടെ അറ്റത്ത്‌ കഠാര പിടിപ്പിച്ച പോലത്തെ മൊതലായിരുന്നു. മോള്‍ക്കു വന്ന കല്യാണക്കാര്യം പറയണ അപ്പാവിയോട്‌ അളിയന്‍ പറഞ്ഞവസാനിപ്പിക്കണത്‌ സൂര്യനെല്ലിയിലെ സ്ത്രീപീഡനവും ബില്‍ ക്ളിണ്റ്റണ്റ്റെ അവിഹിതബന്ധവുമൊക്കെയാകും.

അളിയണ്റ്റെ വേറൊരു പ്രത്യേകത സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന മാത്തമാറ്റിക്കല്‍ തെറികളാണ്‌. "അവണ്റ്റമ്മേടെ ലാസാഗു", "പോടാ ഗുണനപ്പട്ടിക മോനേ"....ഇങ്ങിനെ കൊറേയുണ്ട്‌. ചൂടായാല്‍ പിന്നെ നിക്കണത്‌ അമ്പലത്തിലാണേലും അളിയണ്റ്റെ വായില്‍ തെറിയേ വരൂ. അളിയനോട്‌ തിരിച്ചെന്തേലും ഒടക്കിപ്പറയാന്‍ എല്ലാരും മടിച്ചിരുന്നതും അളിയനിലെ ഈ പ്രത്യേക സിദ്ധി കോണ്ടാണ്‌. അളിയന്‍ പലപ്പോഴയി പലരുടേയും ചോര ഇങ്ങിനെ ഊറ്റിയൂറ്റിക്കുടിക്കണത്‌ കണ്ട്‌ ആസ്വദിച്ചിട്ടുള്ള ഈയുള്ളവന്‍ ഒരിക്കല്‍ അളിയണ്റ്റെ കത്തിക്കിരയായി. ആ കദനകഥ ഇവിടെ...

മജീദിക്കാണ്റ്റെ വീടിണ്റ്റെ സൈഡിലായിരുന്നു അളിയണ്റ്റെ കട. ഒരുദിവസം, എന്നു വെച്ചാല്‍ സംഭവദിവസം. ഷൈജണ്റ്റെ വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. അളിയണ്റ്റെ കണ്ണില്‍ പെടാതിരിക്കാന്‍ ആവുന്നതു ശ്രമിച്ചെങ്കിലും അന്നെണ്റ്റെ കൂടെ ചെകുത്താനായിരുന്നു. ദൈവം ലീവായിരുന്നു.

"എവിട്ക്ക്യണ്ടാ ചുള്ളാ, ഷാപ്പില്‍ക്കാ?"

തീര്‍ന്നു. ഇന്നത്തെ ദിവസം ഈ ചായക്കടക്കുള്ളില്‍.

"ഏയ്‌, ഞാന്‍ നമ്മടെ ഷൈജണ്റ്റെ വീട്ടീക്കാ"

 ഒരു വളിച്ച ചിരി ചിരിച്ച്‌ ഞാന്‍ കടയില്‍ കേറി. മനസ്സില്ലാമനസ്സോടെ പറഞ്ഞു
 
"ഒരു ചായ"

കടയിലപ്പോള്‍ ആകെ അഞ്ചാറാള്‍ക്കാരേ ഉള്ളൂ. അവരുടെയൊക്കെ മുഖഭാവത്തില്‍ നിന്ന്‌, അളിയന്‍ അവരെ പോസ്റ്റ്മോര്‍ട്ടം കഴിച്ചിട്ടിരിക്ക്യാണെന്ന്‌ വ്യക്തം. അതുകൊണ്ടുതന്നെ ഇന്നത്തെ ഇര ഞാന്‍ ആകാനുള്ള സാധ്യത വളരെ കൂടുതലാണെന്നു ഞാന്‍ മനസ്സിലാക്കി.

ആരും മിണ്ടല്ലേ, കടയില്‍ ഉള്ള എല്ലാരും കുറച്ചുനേരത്തേക്കെങ്കിലും ഊമകളായിപ്പോണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു ഞാന്‍ ഇരുന്നു. ദാണ്ടെ കെടക്കണ്‌...ഒരാവശ്യവുമില്ലാതൊരു ഡയലോഗ്‌...ഒരു കാരണവരുടെ വക...പുറത്ത്‌ ടെലിഫോണ്‍ കേബിളിനു വേണ്ടി കുഴിയെടുത്തോണ്ടു നിക്കണ തമിഴന്‍മാരെ നോക്കിക്കൊണ്ട്‌.

"ഇവന്‍മാരെയൊക്കെ കണ്ടുപഠിക്കണം. എന്തു പണീം ചെയ്യാന്‍ ഒരു മടീമില്ല. നമ്മടെ പിള്ളേര്‍ക്കൊക്കെ ഈ വക പണിക്കെറങ്ങാന്‍ മടിയല്ലേ? പണിയില്ലാന്നു പറഞ്ഞ്‌ കെടന്നു കരയാനല്ലേ അറിയൂ"

ഒന്നു നിര്‍ത്തൂ മൈ ഡിയര്‍ അങ്കിള്‍, എന്ന ഭാവത്തോടേ അങ്ങോരെ ദയനീയമായി നോക്കിയ എന്നൊട്‌ അതിക്രൂരമായി, പറഞ്ഞോണ്ടിരുന്നതിണ്റ്റെ ബാക്കിയായി പുള്ളി ചോദിച്ചു

"അല്ലേ?"

എന്തു മറുപടി പറഞ്ഞാലും ബീഡീം കത്തിച്ച്‌ വെടിക്കെട്ടുപുരയിലേക്കു ചാടണതിനു തുല്യമായിരിക്കും. അതുകൊണ്ടു ഒന്നും പറയാന്‍ നിന്നില്ല. വെറുതേ ഒന്നു ചിരിച്ചു.

"നീയെന്തൂട്ടിനണ്ട്രാ ചിരിക്കണേ?"

തീര്‍ന്നു. ചോദ്യം എന്നോടാണ്‌. സംഭവം അളിയണ്റ്റെ കോടതി എടുത്തുകഴിഞ്ഞു. ഇനി ഒന്നേ ബാക്കിയുള്ളൂ. കാപ്പിറ്റല്‍ പണിഷ്മെണ്റ്റ്‌. ദയനീയമായി ഞാന്‍ അളിയനെ നോക്കി. അളിയന്‍ സ്വയം ഉത്തരവും പറഞ്ഞു. 

"അഹങ്കാരം. അല്ലാണ്ടെന്താ"

ഈശ്വരാ...ഇന്നു കണികണ്ടവനാരായാലും, അവനടുത്ത ജന്‍മത്തില്‍ അളിയണ്റ്റെ മോനായിപ്പോട്ടെ. 

"ജോലി ഇല്ലാണ്ട്‌ കഷ്ടപ്പെടുമ്പഴ്ള്ള വെഷമോന്നും നെനക്കറിയില്ലല്ലോ. നെനക്കു ജോലീണ്ട്‌, കാശ്ണ്ട്‌. പിന്നെന്തൂട്ട്‌ തേങ്ങ്യാ" 

എനിക്കൊന്നും മനസ്സിലാവണില്ല. ഇയാളിതെങ്ങോട്ടാണ്‌ വണ്ടി ഓടിച്ചുകേറ്റണത്‌. 

"അളിയാ, അതിനു ഞാനൊന്നും... "

"അതേന്നേയ്‌, നീയൊന്നും കഷ്ടപ്പാടെന്താന്ന്‌ അറിഞ്ഞിട്ട്ണ്ടാവില്ലല്ലോ. പഠിച്ചെറങ്ങുമ്പളക്കും ജോലി...അതും വെര്‍തെ കുത്തിയിരുന്നുട്ള്ള പണി... സുഖിക്ക്യല്ലേ" 

"അളിയാ, അതിനിപ്പൊ ഞാനെന്തൂട്ടു പറ... "

ഞാനെന്തു പറയാന്‍ ശ്രമിച്ചാലും അപ്പോത്തന്നെ അളിയന്‍, കൊടുംവളവ്‌ കാണുമ്പോ ആവേശം മൂക്കണ സൂപ്പര്‍ ഫാസ്റ്റ്‌ ഡ്രൈവറെപ്പോലെ ഒരു ഹോണ്‍ പോലുമടിക്കാതെ എന്നെ ഓവര്‍ടേക്ക്‌ ചെയ്തുകേറും. 

"ഏയ്‌, നീയൊന്നും പറയണ്ട്രാ..നീയൊക്കെ വല്ല്യ കുണ്‍സ്രാളോളല്ലെ... അല്ലെങ്കി നീയീ പണിയില്ലാത്തോരെ പറ്റി ഇങ്ങിനെ പറയോ" 

ദൈവേ, പറാഞ്ഞതും എണ്റ്റെ തലേലായാ. ഞഞ്ഞായി. കടയിലുള്ള എല്ലാവരും ഇപ്പൊ എന്നെയാണ്‌ നോക്കണത്‌. ഒരു കുത്തകമുതലാളിയെ കണ്ട കമ്മ്യൂണിസ്റ്റ്കാരെപ്പോലെ. ഈ കുരിശു മൊത്തം ഉണ്ടാക്കിയ ആ ഒടുക്കത്തെ ഡയലോഗടിച്ച കാര്‍ന്നോരു പോലും "ഇവനെയൊക്കെ വെടിവെച്ചുകൊല്ലണം" എന്ന രീതിയിലാണെന്നെ നോക്കണത്‌. കശ്മല്‍ ഫെല്ലോസ്‌. സ്വന്തം തലയില്‍ തൂറീട്ട്‌ പോണ കാക്കയെ നോക്കി ഒന്നു കൊഞ്ഞനം കാണിക്കാന്‍ പോലും കഴിയാത്ത ഒരു പാവം കരിങ്കല്‍ പ്രതിമയുടെ അവസ്ഥയിലായി ഞാന്‍.

"നമ്മടെ പിള്ളേരൊന്നും ഈ പണിക്കെറങ്ങണില്ലന്നല്ലേ നീ പറയണെ. ഇതിനെറങ്ങണ തമിഴന്‍മാര്‍ക്കും തെലുങ്കന്‍മാര്‍ക്കുമൊക്കെ കിട്ടണ കൂലി എത്രയാന്നു നീ ആലോയിച്ച്ട്ട്ണ്ടാ എപ്പളെങ്കിലും? നീ പറ. അതും വെച്ച്‌ അവരെങ്ങിനെയാകും ജീവിക്കണതെന്ന്‌ നീ നോക്കീട്ട്ണ്ടാ? അല്ല, നീ പറ" 

എടക്കെടക്ക്‌ "നീ പറ" "നീ പറ" എന്ന്‌ അളിയന്‍ പറയണ്ണ്ടെങ്കിലും അതു വെറുതെ ഹോട്ടലില്‍ പുട്ടിണ്റ്റെടേല്‌ തേങ്ങ ഇടണപോലെ നാമമാത്രമായൊരു പരിപാടിയായിരുന്നു, എന്നെക്കൊണ്ട്‌ എന്തേലും പറയിപ്പിക്കാന്‍ അളിയന്‍ ഉദ്ദേശിച്ചിരുന്നില്ല. 

"നമ്മള്‌ ഒരു പണിയെടുക്കണുണ്ടെങ്കില്‍ അതെന്തിനാ? ജീവിക്കന്‍. കാശ്ണ്ടാക്കന്‍. വീട്ടുകാരെ മര്യാദക്ക്‌ നോക്കാന്‍. ഇത്‌വല്ലതും ഈ പണ്യൊണ്ട്‌ നടക്കോ? ഇവ്റ്റോള്‌ കുടുംബടക്കാണീ എറങ്ങണത്‌. ക്ടാങ്ങള്‌ വരെണ്ടാവും പണിക്കെറങ്ങാന്‍. ന്നിട്ടും കിട്ടണത്‌ എന്തൂട്ട്ന്‍ണ്ടാവും? കെടക്കണത്‌ ദേ ആ പറമ്പില്‌ ടെണ്റ്റടിച്ചിട്ട്‌. തൂറണത്‌ വല്ലോണ്റ്റേം പറമ്പില്‌. കുളിക്കണത്‌ തോന്ന്യേപോലെ വല്ലോടത്തും. നീയാണെങ്കി ഇങ്ങിനൊരു പണി കിട്ട്യാ അതിന്‌ പോവോ അതോ ഇത്തിരീം കൂടി നല്ല പണി കിട്ട്വോന്ന്‌ നോക്ക്വോ? അത്യാവശ്യം മാന്യമായി ജീവിക്കാന്‍ പറ്റണ കൂലി കൊടുത്താല്‍ നമ്മടെ പിള്ളേരും ചെയ്യും എന്തു പണീം. " 

അളിയാ...അളിയന്‍ പറഞ്ഞതെല്ലാം സത്യം. എല്ലാം ഞാന്‍ സമ്മതിക്കുന്നു. എന്നാലും എന്തിനീ ക്രൂരത എന്നോട്‌? ഞാന്‍ ചെയ്ത തെറ്റെന്ത്‌? വൈ ഷുഡ്‌ ഐ? 

അളിയനാണെങ്കില്‍ ഓരോ ഡയലോഗിനും ഒരു കട്ട വെച്ച്‌ സൌണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യണുമുണ്ട്‌. ഇപ്പോ ഏതാണ്ട്‌ എണ്റ്റെ വീട്ടില്‍ കേള്‍ക്കാവുന്ന ശബ്ദത്തിലാണ്‌ കീറണത്‌. വഴീക്കൂടെ പോണോരുവരെ നോക്കിത്തൊടങ്ങി. ഇനീം മിണ്ടാതിരുന്നാല്‍ പാടാ. ഞാന്‍ ഒരു അഹങ്കാരിയായ, തൊഴില്‍ രഹിതരെ പുച്ചിക്കുന്ന ബൂര്‍ഷ്വയായി വാഴ്ത്തപ്പെടും. അതുകൊണ്ട്‌, അതുകൊണ്ട്‌ മാത്രം ഞാന്‍ പ്രതികരിച്ചു. 

"അളിയന്‍ കൊറെ നേരായല്ലാ കെടന്ന്‌ തൊള്ളതൊറക്കണ്‌? വല്ലോരും പറഞ്ഞേന്‌ മറുപടി എണ്റ്റെ നെഞ്ഞത്ത്‌ കേറിനിന്നട്ടാണാ പറയണത്‌?" 

ഹാവൂ, ഇത്രയെങ്കിലും പറയാന്‍ സാധിച്ചു. അളിയന്‌ പക്ഷേ കൂസലൊന്നുമില്ല. 

"അല്ല, പറയാരുന്നു. കാര്യമറിയാണ്ട്‌ വായീത്തോന്നീത്‌ വിളിച്ചുപറയണകേട്ടാ മിണ്ടാണ്ടിരിക്കാന്‍ പറ്റോ" 

ഈ എടപാട്‌ മുഴോനും ണ്ടാക്കീട്ട്‌, നിസ്സാരമായി എണ്റ്റടുത്തേക്ക്‌ വന്നിട്ട്‌ അളിയന്‍ പറഞ്ഞു. 

"ഇന്നാടാ ചായ" 

കൊണ്ടോയി തന്‍റപ്പന്‌ കൊടുക്കെടോ എന്നാണ്‌ മനസ്സില്‍ വന്നത്‌. പറഞ്ഞില്ല. പറഞ്ഞെങ്കില്‍ ചെലപ്പോ വല്ലടത്തും ഇരിക്കണ ലതെടുത്ത്‌ ലിവിടെ വെച്ചെന്നുപറയണപോലെയാകും. ചായ വാങ്ങിക്കുടിച്ച്‌, അളിയണ്റ്റെ നാക്ക്പ്പയറ്റെല്ലാം കഴിഞ്ഞ്‌ ബാക്കിയുള്ള എന്നേം കൊണ്ട്‌ ഞാന്‍ പോയി. 

അളിയന്‍ അന്നു പറഞ്ഞതൊന്നും എന്നോടുള്ള ദേഷ്യം കൊണ്ടല്ല എന്നെനിക്കറിയാം. എന്നാലും പറയാത്ത കാര്യത്തിനു പഴി കേട്ടതിണ്റ്റെ ഒരു വിഷമം അന്നുണ്ടായിരുന്നു.

പക്ഷേ ഇന്ന്‌, തൊഴിലില്ലായ്മയും തൊഴില്‍ നഷ്ട്ടപ്പെടലും ഒരുപാട്‌ വാര്‍ത്തകള്‍ക്ക്‌ ആധാരമാകുന്ന ഈ സമയത്ത്‌, അളിയണ്റ്റെ വാക്കുക്കള്‍ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്തുന്നപോലെ...തൊഴിലില്ലായ്മയേയും തൊഴില്‍രഹിതരായ ലക്ഷക്കണക്കിനു പേരെയും കുറിച്ചുള്ള ഒരു സാധാരണക്കാരണ്റ്റെ ആശങ്കകള്‍ മാത്രമായിരുന്നു ആ വാക്കുകള്‍ എന്ന്‌ ഞാന്‍ അറിയുന്നു. 

ഇന്ന്‌ അളിയന്‍ എവിടെയാണെന്നെനിക്കറിയില്ല. ഒന്നുറപ്പ്‌. ഏതെങ്കിലും നാട്ടില്‍ ഒരു ചായക്കടയില്‍ പുറത്തേക്കുനോക്കിനിന്ന്‌ വഴീല്‍ക്കൂടി പോണ ആരോടെങ്കിലും ചോദിക്കണുണ്ടാകും.

"ചുള്ളാ, ഷാപ്പില്‍ക്കാ?"

Feb 10, 2009

കാര്‍ത്തുമ്പിയും പൂവാലന്‍മാരും

ഞാന്‍ പത്താം ക്ളാസ്സില്‍ പഠിക്കണ കാലത്താണ്‌ തേന്‍മാവിന്‍ കൊമ്പത്ത്‌ റിലീസായത്‌. ആ പടവും കാര്‍ത്തുമ്പി എന്ന പേരും മുദുഗവു എന്ന വാക്കും ഒക്കെ ഇങ്ങിനെ മൊത്തത്തില്‍ ഒരു തരംഗമായി നിക്കണ സമയത്താണ്‌ വാവ (ഷജില്‍ എന്നണ്‌ ശരിക്കുള്ള പേര്‌. എണ്റ്റെ ചെറിയച്ഛണ്റ്റെ മോന്‍. എല്ലാരും വാവ എന്നു വിളിക്കും) ഒരു സൈക്കിള്‍ വാങ്ങിയത്‌. വാങ്ങിയതല്ല, പണിയിപ്പിച്ചത്‌. വാവയെക്കുറിച്ച്‌ പറഞ്ഞാല്‍, കക്കൂസില്‍ പോകാനാണേലും അവന്‍ സൈക്കിളിലേ പോകൂ എന്ന്‌ ഞങ്ങള്‍ കളിയാക്കി പറയാറുണ്ട്‌. പിന്നീട്‌ സൈക്കിള്‍ മാറി ബൈക്കും കാറുമൊക്കെ ആയെങ്കിലും ആ സ്വഭാവത്തിന്‌ മാറ്റമൊന്നുമില്ല. രണ്ട്‌ മിനിറ്റ്‌ നടക്കാനുള്ള ദൂരത്തേക്കും അണ്ണന്‍ വണ്ടീം കൊണ്ടേ പോകൂ.

പറഞ്ഞുവന്നത്‌ സൈക്കിളിനെ പറ്റിയാണല്ലോ. കാലുകൊണ്ട്‌ ചവിട്ടുന്ന പോലെയായിരുന്നു അതിണ്റ്റെ ബ്രേക്‌. പെഡലില്‍ നിന്ന്‌ മേലേക്ക്‌ പോണ വടിയിന്‍മേലാണ്‌ ബ്രേക്ക്‌ പെഡല്‍. കൈ വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യണ ബ്രേക്ക്‌ ഇല്ല.പിന്നെ സ്റ്റ്ടെയിറ്റ്‌ ഹാണ്റ്റിലും. ചെലവ്‌ ചുരുക്കലിണ്റ്റെ ഭാഗമായിട്ടോ അതോ ഒരു റഫ്‌ ലുക്ക്‌ വരുത്താനോ എന്തോ, ബെല്ല്‌, ലൈറ്റ്‌,കേരിയര്‍, സ്റ്റാണ്റ്റ്‌ തുടങ്ങിയ ആഡംഭരങ്ങളൊന്നും അവന്‍ അതിനു വെച്ചിരുന്നില്ല. എഴുതാവുന്നിടത്തൊക്കെ കാര്‍ത്തുമ്പി എന്ന്‌ പേരും എഴുതിവെച്ചു.രണ്ട്‌ വീലും പെഡലും ഹാണ്റ്റിലും കാലു കൊണ്ട്‌ ചവിട്ടണ ബ്രേക്കും. അതായിരുന്നു കാര്‍ത്തുമ്പി. സംഗതി ഹിറ്റായി. കാര്‍ത്തുമ്പി ഒരു വികാരമായി പടര്‍ന്നു കയറി. അന്നു ബൈക്ക്‌ നമ്മളെ സംബന്ധിച്ച്‌ ഒരു സ്വപ്നം മാത്രമായതോണ്ട്‌, കാര്‍ത്തുമ്പി ചവിട്ടിച്ചെന്ന്‌ ബൈക്ക്‌ നിര്‍ത്തണ പോലെ കാലുകൊണ്ട്‌ ബ്രേക്ക്‌ ചവിട്ടി നിര്‍ത്തി ജാഡയില്‍ ഇറങ്ങണത്‌ ഞങ്ങള്‍ക്കൊക്കെ ഒരു ത്രില്ലായി. നല്ല തൈരും പപ്പടോം ഒക്കെ കൂട്ടിക്കൊഴച്ച്‌ ചോറുണ്ണുമ്പോ കിട്ടണ ഒരു...ഒരു...ഒരിതില്ലേ...അതിനേക്കാള്‍ ഇതായിരുന്നു കര്‍ത്തുമ്പി ചവിട്ടാന്‍.

ആ പേരിനോടുള്ള ഇഷ്ടം കൊണ്ടോ എന്തോ, എല്ലാര്‍ക്കും കാര്‍ത്തുമ്പിയോട്‌ ഭയങ്കര താല്‍പ്പര്യമായിരുന്നു. എല്ലാരും കൂടി സൈക്കിളെടുത്ത്‌ എങ്ങോട്ടേലും പോകുന്ന അവസരങ്ങളില്‍ കാര്‍ത്തുമ്പിക്കു വേണ്ടി ഒരു അടി പതിവാണ്‌. ആര്‍ക്കു കിട്ടും എന്നുറപ്പില്ലെങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, വാവക്കൊരിക്കലും അതു കിട്ടാറില്ല.

ചെമ്മാപ്പിള്ളിയില്‍ ഉള്ളപ്പോഴൊക്കെ പെരിങ്ങോട്ടുകര കോണ്‍വെണ്റ്റ്‌ വിടാന്‍ നേരത്ത്‌ ഞങ്ങള്‍ക്കൊരു സ്ത്ഥിരം യാത്രയുണ്ടായിരുന്നു സൈക്കിളില്‍. യൂണിഫോമിട്ട ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനി പോലും അവിടെ ബാക്കി ഇല്ലെന്നുറപ്പു വരുത്തിയിട്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. പ്രതിഫലേച്ച്ഛ കൂടാതെ, ഉത്തരവാദിത്തത്തോടെ ഞങ്ങളീ ജോലി വൃത്തിയായി ചെയ്തുപോന്നു. അവിടുത്തെ പെമ്പിള്ളേര്‍ക്കൊക്കെ സ്വാഭവികമായും, ഈ സൈക്കിള്‍ ഇവന്‍മാരുടെ ചന്തിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നതാണൊ എന്നൊരു സംശയം ഉണ്ടായിക്കാണണം. കാരണം സൈക്കിളീന്നിറങ്ങിയിട്ട്‌ അവര്‍ ഞങ്ങളെ ഒരിക്കല്‍ പോലും കണ്ടിരുന്നില്ല. ആദ്യമൊക്കെ പെമ്പിള്ളെര്‍ക്കൊരു കൌതുകമായിരുന്നു, അഞ്ചെട്ടുപേര്‌ അവരു പോണ വഴി മുഴുവന്‍ ഒരു നാണവുമില്ലാതെ ഇങ്ങിനെ തെണ്ടണതു കാണുമ്പോള്‍. കാലക്രമേണ അതു മാറി പുച്ചവും മറ്റു പല ഭാവങ്ങളും ആയിമാറിയെങ്കിലും ഞങ്ങള്‍ തളര്‍ന്നില്ല.

അങ്ങനെ ഒരു ദിവസം. അന്നു കാര്‍ത്തുമ്പിയെ എനിക്കാണ്‌ കിട്ടിയത്‌. കോണ്‍വെണ്റ്റ്‌ പരിസരത്ത്‌ ഞങ്ങല്‍ പട്ട്രോളിംഗ്‌ നടത്തുന്നു.ക്ളാസ്സ്‌ വിട്ടു.മുഖത്തു ഞങ്ങളോടുള്ള പുച്ചം ആവുന്നത്ത്ര വാരിത്തേച്ച്‌ കിളികള്‍ പറന്നുതുടങ്ങി. ഞങ്ങള്‍ യജ്ഞവും തുടങ്ങി. കുറച്ച്‌ നേരം ചവിട്ടിയപ്പോള്‍ മനസ്സില്‍ ഒരാഗ്രഹം,തുമ്പിയെ 180 ഡിഗ്രി തിരിക്കാന്‍. (കാര്‍ത്തുമ്പിയില്‍ ആയിടെ ഞാന്‍ അഭ്യസിച്ച ഒരു സംഭവമായിരുന്നു അത്‌, ചവിട്ടി വന്ന അതേ സ്പീഡില്‍ പെട്ടെന്നുതന്നെ 180 ഡിഗ്രി തിരിച്ച്‌ നേരെ ഓപ്പോസിറ്റ്‌ സൈഡിലേക്ക്‌ ചവിട്ടിപ്പോവുന്ന ഒരു അഡാറ്‌ വിദ്യ. ചവിട്ടി വന്നിട്ട്‌ പെട്ടെന്ന്‌ ചെറുതായി ഒന്നു ബ്രേക്ക്‌ കൊടുത്തിട്ട്‌ ഒറ്റ തിരിച്ചില്‍. തുമ്പി ചതിക്കാറില്ല. വണ്ടി നേരെ ഓപ്പോസിറ്റ്‌ സൈഡിലേക്കായിക്കിട്ടും. ഇതാണോ വല്ല്യ കൊമ്പത്തെ അഭ്യാസം, ഇതിപ്പോ വേറെ ഏതു സൈക്കിളിലും പറ്റില്ലേ എന്നെന്നോടു ചോദിക്കരുത്‌, കാരണം ഞാന്‍ ആകെ ഇത്‌ തുമ്പിയുടെ പുറത്തേ പയറ്റിയിട്ടുള്ളൂ). വരാനുള്ളത്‌ വണ്ടി പിടിച്ചാണേലും വരാതിരിക്കില്ലല്ലോ. എണ്റ്റെ ഈ അമാനുഷികമായ കഴിവ്‌ കാണിച്ച്‌ പെമ്പിള്ളേരെ ഞെട്ടിക്കാന്‍ നാനുറപ്പിച്ചു.

അങ്ങനെ പെണ്‍കുട്ടികള്‍ പോണതിണ്റ്റെ ഓപ്പോസിറ്റ്‌ സൈഡീന്നു ഞാന്‍ ആവുന്നത്ത്ര സ്പീഡില്‍ ചവിട്ടി വന്നു. ഏറ്റവും ജനസാന്ദ്രതയുള്ള സ്ത്ഥലമെത്തിയപ്പോള്‍ ചെറുതായി ബ്രേക്ക്‌ ചവിട്ടി "കാവിലമ്മേ കാത്തോളണേ" എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഒരൊറ്റ തിരിച്ചില്‍. എനിക്കന്ന്‌ കണ്ടകശ്ശനി ആയിരുന്നെന്ന്‌ പിന്നീട്‌ മംഗളം വാരികയിലെ നക്ഷത്ത്രഫലത്തീന്നാണ്‌ ഞാന്‍ അറിഞ്ഞത്‌. അന്നാദ്യമായി തുമ്പി എന്നെ ചതിച്ചു. കൊടും ചതി. തിരിച്ചിലിണ്റ്റെ ശക്തിയില്‍ ഭൂമീദേവിയുടെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ച്‌ കൊണ്ട്‌ ഞാന്‍ ക്രാഷ്‌ ലാണ്റ്റ്‌ ചെയ്തു.

കിടന്ന കിടപ്പില്‍ മരിച്ചു പൊകണേ എന്ന്‌ ആത്മാര്‍ത്ഥ്തമായി ആഗ്രഹിച്ചുപോയി ഒരു നിമിഷത്തേക്ക്‌. ആ കുറച്ച്‌ നേരം കൊണ്ട്‌ ഞാനെന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടു. എണ്റ്റെ അഭ്യാസം കണ്ട്‌ ഒരു 10 പെമ്പിള്ളെരെങ്കിലും എന്നെ പ്രേമിക്കുന്നു. അതില്‍ നല്ല 5 എണ്ണത്തിനെ നോക്കി ഞാനും പ്രേമിക്കുന്നു. അതില്‍ ഏറ്റവും നല്ലതിനെ കെട്ടി ഹണിമൂണിനു പോകുന്നു...ഒരു നിമിഷം കൊണ്ടെല്ലാം തീര്‍ന്നില്ലേ...

പണ്ടു സീതാദേവി മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭൂമി പിളര്‍ന്നു അകത്തെക്കു കൊണ്ടോയതായി കേട്ടിട്ടുണ്ട്‌. ആ വഴിക്കും ഒരു ശ്രമം ഞാന്‍ നടത്തിനോക്കി. അറിയാവുന്ന രീതിയിലൊക്കെ പ്രാര്‍ത്ഥിച്ചു നോക്കി, ഭൂമിയില്‍ ഒരു ചെറിയ ഓട്ടയെങ്കിലും വരാന്‍.ആ ഗ്യാപ്പില്‍ കൂടി ഞാന്‍ നൂണിറങ്ങിപ്പോയേനെ. കുറച്ച്‌ നേരം നോക്കി. യെവടെ, ഭൂമിക്കൊരു കുലുക്കവുമില്ല. എന്നു വെച്ച്‌ അവിടെ തന്നങ്ങു കിടക്കാന്‍ പറ്റില്ലല്ലോ. ഇടംവലം നോക്കാതെ എണീറ്റു.

അന്നു വരെ തിരിഞ്ഞുപോലും നോക്കാത്ത കോഞ്ഞാട്ടകളൊക്കെ എന്നെത്തന്നെ നോക്കുന്നു. ആദ്യം അമ്പരന്നു നോക്കിയും പിന്നെ ആക്കിച്ചിരിച്ചും പിന്നെ അലറിച്ചിരിച്ചും അവരുടെ റോള്‍ അവര്‍ ഭംഗിയായി അഭിനയിച്ചു.

അതില്‍പ്പിന്നെ കുറെ നാള്‍ ഞാന്‍ തുമ്പിയുമായി പിണക്കത്തിലായിരുന്നു. പിന്നെ വീണ്ടും ഞങ്ങള്‍ ഇണങ്ങി, കോണ്‍വെണ്റ്റിണ്റ്റെ മുന്നില്‍ പിന്നേം പോയി. പക്ഷേ അഭ്യാസത്തിനു പിന്നെ നിന്നിട്ടില്ല. 

പിന്നീട്‌ വാവ ബൈക്ക്‌ വാങ്ങിയപ്പോള്‍ തുമ്പിയെ ആര്‍ക്കോ കൊടുത്തു. ഈയടുത്ത്‌ വാവ കാര്‍ വാങ്ങിയപ്പോള്‍ അതിണ്റ്റേം നാലു സൈഡിലും അവന്‍ സ്റ്റിക്കര്‍ കേറ്റി, "കാര്‍ത്തുമ്പി".