Nov 21, 2007

പുരുഷോത്തമന്‍സാറിന്റെ വിദ്യാഭ്യാസനയം

1999 ജൂലൈ മാസത്തിലെ, പ്രത്യേകിച്ചൊരു പുല്ലും സംഭവിക്കാത്ത ഒരു കോഞ്ഞാട്ട തിങ്കളാഴ്ച. ശനിയും ഞായറും അഴിഞ്ഞാടിയതിന്റെ ക്ഷീണത്തില്‍, ഞായറാഴ്ചയുടെ തൊട്ടടുത്ത്‌ തിങ്കളാഴ്ച കൊണ്ടുവെച്ച വിവരദോഷികളെ മനസ്സാ തെറിവിളിച്ച്‌, ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ കിടക്കുകയായിരുന്നു.

ജെനറേഷന്‍ ഗ്യാപ്പ്‌ എന്നല്ലാതെ എന്തുപറയാന്‍. നമ്മുടെ മനോവിഷമം മനസ്സിലാക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്‍പു ജനിച്ച മാതാപിതാക്കള്‍ക്കു കഴിയുന്നില്ല.

"ക്ലാസ്സില്‍ പോവൊന്നും വേണ്ടേ? എണീക്കെടാ"

ഇതു പിതാജിയുടെ സൗമ്യമായ സ്വരം. സ്വരം നന്നായിരിക്കുമ്പോള്‍ ഉറക്കം നിര്‍ത്തുന്നതാണ്‌ നല്ലത്‌ എന്നു മുന്‍ അനുഭവങ്ങളില്‍ നിന്ന്‌ പഠിച്ചിട്ടുള്ളതുകൊണ്ട്‌, പിന്നെ വെച്ചുതാമസിപ്പിച്ചില്ല. ഒറ്റ എഴുന്നേല്‍ക്കലങ്ങ്‌ വെച്ചുകൊടുത്തു.

പറ്റാവുന്നത്ര പതുക്കെ പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ഡയലോഗ്‌.

"നീയെന്താടാ സ്ലോ മോഷന്‍ പഠിക്ക്യാണോ? പെട്ടെന്ന്‌ പല്ലുതേച്ചിട്ട്‌ പോടാാ"

ആ "പോടാാ" ക്കു ആവശ്യത്തിലധികം നീളമില്ലേ എന്നൊരു ശങ്ക തോന്നിയതുകൊണ്ട്‌ ഞാന്‍ പെട്ടെന്ന്‌ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ മോഡിലേക്കു മാറി.

കുളിമുറിക്ക്‌, അതിനുള്ളില്‍ ഒരാളു കയറി എന്നു മനസ്സിലാക്കാന്‍ പോലും കഴിയുന്നതിനുമുന്‍പേ ഞാന്‍ കുളിച്ചിറങ്ങി. കാരണം കുളിച്ചാലേ ഫുഡടിക്കാന്‍ തരൂ. ആഹാരം പണ്ടേ നമുക്കു താല്‍പ്പര്യമുള്ള വിഷയമായിരുന്നു.

ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഒരു ചടങ്ങുതീര്‍ക്കലിനു പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ അതാ ഫ്രന്റ്‌ പേജില്‍ ഒരു മൂലക്ക്‌ നല്ലൊരു വാര്‍ത്ത.

"കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ---- പഠിപ്പുമുടക്കുന്നു"

[ പാര്‍ട്ടിയുടെ പേര്‌ ഒഴിവാക്കുന്നു. അല്ലേലും ഒരു പേരിലെന്തിരിക്കുന്നു ]

മതി...ഇത്രേം മതി. ചെന്നിട്ടു ചെയ്യാനൊരു പണിയായല്ലോ. ശ്ശെ, നേരത്തേതന്നെ പത്രം നോക്കാമായിരുന്നു.

അതിവേഗം ബഹുദൂരം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഓടി. തൃപ്രയാര്‍ക്കു നേരിട്ട്‌ "പ്രിയം" എന്നൊരു ബസ്സുണ്ട്‌. അതുകിട്ടിയാല്‍ കാഞ്ഞാണിയില്‍ ചെന്ന്‌ ഇടിച്ചുകേറാന്‍ നിക്കണ്ട. അതിനുവേണ്ടിയായിരുന്നു ഓട്ടം. ഓടിയതു വെറുതെയായില്ല. ബസ്സ്‌ അതിന്റെ പാട്ടിനുപോയി. എന്നെ വെയിറ്റ്‌ ചെയ്യാന്‍ ബസ്സെന്റെ അളിയനൊന്നുമല്ലല്ലോ എന്നാശ്വസിച്ച്‌ അടുത്ത ബസ്സില്‍ കേറി ഞാനും പോയി.

പ്രതീക്ഷിച്ചതുപോലെ തന്നെ ചെന്നിറങ്ങുമ്പോഴേക്കും ഹോസ്റ്റല്‍ വാസികള്‍ പ്ലക്കാര്‍ഡടക്കമുള്ള സാധനസാമഗ്രികളെല്ലാം റെഡിയാക്കിയിരുന്നു. പാര്‍ട്ടിഭേദമന്യേ ഞങ്ങള്‍ പോളി വിദ്യാര്‍ഥികള്‍ ഒന്നിച്ചണിനിരക്കുന്ന മഹോല്‍സവങ്ങളായിരുന്നു സമരങ്ങള്‍.

സാധാരണ പത്തുമണിയാകാതെ ആ ഭാഗത്തേക്കുവരാത്തവന്മാരൊക്കെ നേരത്തോടെ എത്തിയിട്ടുണ്ട്‌. അങ്ങനെ പതിവുപോലെ കാന്റീനില്‍ നിന്നു ശശിയേട്ടന്‍ വക സമരം സ്പെഷല്‍ ചായയും കുടിച്ച്‌ "നശിച്ച വിദ്യാഭ്യാസനയം തുലയട്ടെ" എന്ന മുദ്രാവാക്യത്തോടെ ചടങ്ങുതുടങ്ങി. വിദ്യാഭ്യാസനയം ഒന്നു നേരെയാക്കിയിട്ടുവേണം ഞങ്ങള്‍ക്ക്‌ നേരെ തുഷാര, ബ്ലിസ്സ്‌ തുടങ്ങിയ ബാറുകളിലോ, നാട്ടിക, ചെമ്മാപ്പിള്ളി എന്നിവിടങ്ങളിലെ ഏതെങ്കിലും ഷാപ്പിലോ ചെന്ന്‌ അടുത്ത സമരം പ്ലാന്‍ ചെയ്യാന്‍.

എല്ലാ ക്ലാസ്സിലും കേറി "കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍" ആഹ്വാനം ചെയ്തും ക്ലാസ്സുകളില്‍ നിന്ന്‌ എല്ലാരേം പുറത്തിറക്കിയും ഞങ്ങള്‍ അര്‍മ്മാദിച്ചു. കൂടുതല്‍ ക്ലാസ്സുകളിലും പക്ഷേ പ്രത്യേകിച്ചൊന്നും പറയേണ്ടിവന്നില്ല. ഞങ്ങളെ കാണുമ്പോളേക്കും "എന്താ വരാന്‍ വൈകിയത്‌" എന്നൊരു ഭാവത്തോടെ നോക്കിക്കൊണ്ട്‌ സാറമ്മാര്‌ ഇറങ്ങിപ്പോയി. അങ്ങനെ തകര്‍ത്തടിച്ച്‌ ഇലക്ട്രിക്കല്‍ സെക്കന്റിയര്‍ ക്ലാസ്സിന്റെ മുന്നില്‍ എത്തിയപ്പോള്‍ പെട്ടെന്ന്‌ എല്ലാരും ഒന്നു സ്ലോവായി..കാര്യം വേറൊന്നുമല്ല. ക്ലാസ്സെടുത്തിരുന്നത്‌ പുരുഷോത്തമന്‍ സാറായിരുന്നു. ആളൊരു ജഗജില്ലി. പ്രിന്‍സിപ്പള്‍ കഴിഞ്ഞാല്‍ പിന്നെ പിള്ളേര്‍ക്കൊക്കെ പേടിയുള്ള ഏകവ്യക്തി. എല്ലാരുടേം ഉള്ളിലൊരു ആപത്ശങ്ക. കാര്യം അത്യാവശ്യം കൊള്ളാവുന്ന കുറേ പെമ്പിള്ളേരുള്ള ക്ലാസ്സാണേയ്‌. സാറെങ്ങാനും അവരുടെ മുന്നില്‍വെച്ച്‌ നാറ്റിക്കുമോ എന്നൊരു ഇത്‌...പിന്നെ ഒരു അതും...അങ്ങനെ ആകെയൊരു അതുമിതും...

ഒടുവില്‍ എന്തും വരട്ടെ എന്നും കരുതി ഞാനങ്ങു കേറി, എന്നു പറഞ്ഞാല്‍ അതൊരു നുണയാകും. ആരോ എന്നെപ്പിടിച്ച്‌ അകത്തേക്ക്‌ തള്ളി എന്നുള്ളതാണ്‌ സത്യം.

"എന്താടോ?"

ഒന്നുമറിയാത്തതുപോലെയുള്ള സാറിന്റെ ചോദ്യം. എനിക്കുറപ്പായി...പണികിട്ടി.

"അല്ല സാര്‍...അതുപിന്നെ...സ്ട്രൈക്കാണ്‌. എല്ലാ ക്ലാസ്സും വിട്ടു"

"അതുകൊണ്ട്‌?"

സാറ്‌ ചൊറിയാനുള്ള പുറപ്പാടുതന്നെയാണ്‌.

"സാറും സഹകരിക്കണം. ക്ലാസ്സ്‌ വിടണം"

"അത്രേയുള്ളോ? ശരിശരി, വിട്ടേക്കാം"

"ഹാവൂ" എന്നതിന്റെ "ഹാ" മുഴുവനാകുന്നതിനും മുന്‍പ്‌ ഞാന്‍ പേടിച്ചിരുന്ന ആ ചോദ്യം സാറ്‌ ചോദിച്ചു.

"എന്താടോ സമരത്തിന്റെ കാര്യം?"

പറയാതിരിക്കാന്‍ വകുപ്പില്ലല്ലോ.

"കേരളസര്‍ക്കാരിന്റെ...തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ...."

ശബ്ദം പുറത്തുവരാത്തതുപോലെ...കരയുന്നതുപോലെ...ഒരുവിധത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.

പിടിച്ചതിലും വലുത്‌ അളയിലായിരുന്നു. സാറടുത്ത ചോദ്യം ചോദിച്ചു.

"ഓ അതുശരി...എന്താടോ വിദ്യാഭ്യാസനയത്തിലെ തെറ്റ്‌? അതുംകൂടി ഒന്നു പറഞ്ഞുതന്നിട്ട്‌ ക്ലാസ്സ്‌ വിടാം"

ആ സമയത്ത്‌ ഒരു കൊതുക്‌ എന്റെ മുഖത്ത്‌ വന്നുകടിച്ചാല്‍ കൊതുക്‌ ചമ്മിപ്പോയേനെ...ഒരുതുള്ളിപോലും ചോര കിട്ടാതെ...

"അതുപിന്നെ...ഈ...വിദ്യാഭ്യാസത്തിന്റെ...മറ്റേ...നയം....സര്‍ക്കാരിന്റെ ചില...."

കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പോയിട്ട്‌, വിദ്യാഭ്യാസമന്ത്രി ആരെന്നറിയാത്ത എനിക്ക്‌ ഇതില്‍കൂടുതലൊന്നും പറയാന്‍ കഴിയില്ലായിരുന്നു. എന്തായാലും നാറി. അതുവരെ സീനിയര്‍ എന്ന ബഹുമാനം തന്നിരുന്ന പിള്ളാരൊക്കെ ആക്കിച്ചിരിക്കാന്‍ തുടങ്ങി. ചമ്മല്‍ എന്ന അവസ്ഥയില്‍നിന്നൊക്കെ ഒരുപാട്‌ ഉയരെയാണ്‌ ഞാന്‍ നില്‍ക്കുന്നതെന്ന്‌ എനിക്കു മനസ്സിലായി. ഒരുമാതിരി...മെഷീനിന്റെ ഉള്ളില്‍ കൈ കുടുങ്ങിയ അവസ്ഥ. വലിച്ചെടുക്കാന്‍ നോക്കിയാല്‍ കൈ മുറിഞ്ഞുപോകും. പോട്ടേന്നുവെച്ചാല്‍ ബോഡി മൊത്തം പോകും. അതില്‍ക്കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ എനിക്കാവില്ലായിരുന്നു. അതുകൊണ്ട്‌ ഞനൊരു കോമ്പ്രമൈസിനു തയ്യാറായി. അണ്ണാന്‍ ആനയോട്‌ "തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു" എന്നു പറഞ്ഞ പഴയ കഥയിലെപ്പോലെ...

"എന്നാപ്പിന്നെ, ഞാന്‍ പൊക്കോട്ടെ സാറേ? സാറ്‌ ഈ അവര്‍ കഴിഞ്ഞിട്ടു ക്ലാസ്സ്‌ വിട്ടാല്‍ മതി"

അവിടേം സാറുതന്നെ ഹീറോയായി.

"ഓ വേണ്ട...ഇനി ഞാന്‍ ക്ലാസ്സ്‌ വിടാത്തതോണ്ട്‌ വിദ്യാഭ്യാസനയം നേരെയാവാതിരിക്കണ്ട. പിന്നെ പറ്റുവാണേല്‍, ഇനിമുതലെങ്കിലും, ആരേലും എന്തേലും പറഞ്ഞെന്നുകേട്ട്‌ സമരോം തല്ലിക്കൂട്ടി ഇറങ്ങണതിനുമുന്‍പ്‌ ചെയ്യാന്‍ പോണത്‌ ശരിയാണെന്ന്‌ അവനവനെയെങ്കിലും ബോധ്യപ്പെടുത്തണം. അങ്ങനായാല്‍ ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം."

ഈ ഡയലോഗും പറഞ്ഞ്‌ സാറുപോയി.

അതില്‍പിന്നെ ഏതുസമരത്തിനിറങ്ങുമ്പോഴും, പറയാനുള്ള കാരണങ്ങള്‍ കാണാതെപഠിച്ചിട്ടേ ഞങ്ങള്‍ ഇറങ്ങാറുള്ളൂ. അഥവാ കാരണം പറഞ്ഞ്‌ പിടിച്ഛുനില്‍ക്കാന്‍ പറ്റില്ലെന്നുതോന്നിയാല്‍ പുരുഷോത്തമന്‍ സാറിന്റെ ക്ലാസ്സ്‌ ഞങ്ങളങ്ങ്‌ കണ്ടില്ലെന്നു നടിക്കും...!!!

Nov 7, 2007

കരുമുരളീരവം

പണ്ട്‌പണ്ട്‌ ഒരു കാട്ടില്‍ കുറെ മരങ്ങളിലായി ഒരുപാട്‌ കുരങ്ങന്മാര്‍ താമസിച്ചിരുന്നു. അവിടെ കുരണ്‍ഗ്രസ്സ്‌ എന്ന വലിയൊരുമരത്തില്‍ കുരങ്ങാകരന്‍ എന്നൊരു കുരങ്ങന്‍ ഉണ്ടായിരുന്നു. ആ കുരങ്ങനായിരുന്നു ആ മരത്തിലെ ലീഡര്‍. കുരങ്ങാകരന്‌ രണ്ട്‌ മക്കളുണ്ടായിരുന്നു. ഒരു ആണും ഒരു പെണ്ണും. കുരങ്ങീധരനും പപ്പിക്കുരങ്ങും.

എപ്പോഴും കുരങ്ങാകരന്‍ രണ്ടുമക്കളേയും തോളിലെടുത്തുകൊണ്ടേ നടക്കാറുള്ളൂ. ഇതുകാണുമ്പോള്‍ മറ്റു കുരങ്ങന്മാര്‍ കുരങ്ങാകരനെ ഉപദേശിക്കും.

"മരത്തിന്റെ മുകളിലേക്ക്‌ ഇവരേയും താങ്ങിനടന്നാല്‍ അവസാനം എല്ലാവരുടേയും ഭാരം താങ്ങാനാവാതെ ലീഡര്‍ താഴേക്കു വീഴുമേ"

പക്ഷേ കുരങ്ങാകരന്‍ അതൊന്നും ചെവിക്കൊണ്ടില്ല. എങ്ങോട്ടുപോകുമ്പോഴും മക്കളേം താങ്ങിക്കൊണ്ടുതന്നെ നടന്നു.കാലം കടന്നുപോയി. മക്കള്‍ വളര്‍ന്നു. സ്വാഭാവികമായും അവരുടെ ഭാരം കൂടി. കുരങ്ങീധരന്‌ ശരീരഭാരത്തോടൊപ്പം തലക്കനവും കൂടി.

ഒടുവില്‍ അനിവാര്യമായത്‌ സംഭവിച്ചു. ഭാരം താങ്ങാനാവാതെ ബാലന്‍സ്‌ തെറ്റി ലീഡര്‍ കുരങ്ങന്‍ ആ വന്മരത്തിന്റെ മുകളില്‍നിന്ന്‌ താഴേക്ക്‌ വീണു.ഒരുവിധത്തില്‍ മക്കളേയും താങ്ങി മരത്തിലേക്ക്‌ തിരികെ വലിഞ്ഞുകയറിയെങ്കിലും, മുകളിലത്തെ ചില്ലയില്‍ മറ്റുചില കുരങ്ങന്മാര്‍ ചേക്കേറിയിരുന്നു. തല്‍ക്കാലത്തേക്ക്‌ കുരങ്ങാകരനും മക്കളും താഴത്തെ ചില്ലയില്‍ കേറിക്കൂടി.

തന്റെ അവസ്ഥയില്‍ മനംനൊന്തിരിക്കുന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

താഴെ ഇരുന്നുകൊണ്ട്‌ മുകളിലിരിക്കുന്ന കുരങ്ങന്മാരെ ശല്യപ്പെടുത്താവുന്നതിന്റെ പരമാവധി ചെയ്യാന്‍ എപ്പോഴും കുരങ്ങാകരന്‍ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി മുകളിലുള്ള ഒരു കുരങ്ങുണ്ണിത്താന്റെ ഉടുതുണി മകന്‍ കുരങ്ങീധരനെക്കൊണ്ട്‌ മറ്റുള്ളവരുടെ മുന്നില്‍വെച്ച്‌ അഴിപ്പിക്കുക വരെ ചെയ്തു. പോരാത്തതിന്‌ മുകളിലിരിക്കുന്ന കുരങ്ങന്മാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും എതിര്‍ക്കാനും തുടങ്ങി.

പക്ഷേ അതുകൊണ്ടൊന്നും ഒരുകാര്യവുമില്ലെന്നു മനസ്സിലായപ്പോള്‍ കുരങ്ങാകരന്‍ പാളയത്തില്‍ പടയുണ്ടാക്കന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം തന്റെ മക്കളേയും പിന്നെ വേറെ കുറെ കുരങ്ങന്മാരേയും കൊണ്ട്‌ ആ മരത്തില്‍ നിന്നിറങ്ങിപ്പോയി. വേറൊരു ചെറിയ മരത്തില്‍കയറി സ്വയം രാജാവായി പ്രഖ്യാപിച്ച്‌ പൊറുതിയും തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം സമീപത്തുള്ള, ചുവന്ന ഇലകളുള്ള ഒരു മരത്തില്‍നിന്നും കുറേ പേര്‍ കുരങ്ങാകരനെ കാണാന്‍ വന്നു. മക്കള്‍ക്ക്‌ തിന്നാന്‍ കുറെ പഴങ്ങളും കൊടുത്തു. സന്തുഷ്ടനായ കുരങ്ങാകരന്‍ മക്കളേയും പിന്നെ തന്റെ പുറകേ കൂടിയ മറ്റു കുരങ്ങന്മാരേയും കൂട്ടി ചുവന്ന ഇലകളുള്ള മരത്തിലേക്ക്‌ ചെന്നു.

ആ മരത്തിലെ പലര്‍ക്കും കുരങ്ങാകരന്റെ ഈ വരവ്‌ ഇഷ്ടപ്പെട്ടില്ല. അവിടുത്തെ പ്രായം കൂടിയ കുരങ്ങനായ കുരങ്ങാനന്ദന്‍ കുരങ്ങാകരനെ നോക്കി കൊഞ്ഞനം കാണിക്കുകയും കുരങ്ങീധരന്റെ ചെവിയില്‍ പിടിച്ചുവലിക്കുകയും ചെയ്തെങ്കിലും മുടിനീട്ടിവളര്‍ത്തിയ അന്ന്യന്‍ കുരങ്ങന്‍ ഇടപെട്ട്‌ അവരെ സമാധാനിപ്പിച്ചു.

കുരണ്‍ഗ്രസ്സ്‌ മരത്തിലെ കുരങ്ങന്മാരും ചുവന്ന ഇലയുള്ള മരത്തിലെ കുരങ്ങന്മാരും തമ്മില്‍ ഒരു മത്സരം നടക്കാനിരിക്കുന്ന സമയമായിരുന്നു അത്‌. അന്ന്യന്‍ കുരങ്ങനായിരുന്നു ചുവന്ന മരത്തിന്റെ പ്രതിനിധി. കുരങ്ങാകരനില്‍ നിന്നും കുരണ്‍ഗ്രസ്സ്‌ മരത്തിലുള്ള കുരങ്ങന്മാരുടെ തന്ത്രങ്ങളെല്ലാം മനസ്സിലാക്കിയ അന്ന്യന്‍ കുരങ്ങന്‍ മത്സരത്തില്‍ വിജയിച്ചു.

വിജയാഘോഷം നടക്കുമ്പോള്‍ മക്കളേം തോളില്‍ക്കേറ്റി കൈവിട്ട്‌ മതിമറന്നാടിയ കുരങ്ങാകരനെ തക്കം നോക്കി കുരങ്ങാനന്ദന്‍ ആരുമറിയാതെ താഴേക്ക്‌ തള്ളിയിട്ടു. വീണ്ടും പൊത്തിപ്പിടിച്ചുകേറാന്‍ നോക്കിയ അവരെ അന്ന്യന്‍ കുരങ്ങനടക്കമുള്ള കുറെ കുരങ്ങന്മാര്‍ വീണ്ടും തള്ളിത്താഴേക്കിട്ടു. ഇനിയിവിടെ കയറാന്‍ പറ്റില്ലെന്നുറപ്പായപ്പോള്‍ കുരങ്ങാനന്ദനെ നോക്കി "പോടാ കുരങ്ങാ" എന്നു വിളിച്ച്‌ കുരങ്ങാകരനും കൂട്ടരും തങ്ങളുടെ ചെറിയ മരത്തിലേക്കുതന്നെ തിരിച്ചുപോയി.

അടുത്ത മത്സരത്തില്‍ മറ്റു രണ്ട്‌ മരത്തിലെ കുരങ്ങന്മാരേയും ഒറ്റക്കു തോല്‍പ്പിക്കുമെന്ന്‌ കുരങ്ങാകരന്‍ പ്രതിജ്‌ഞ്ഞ ചെയ്തു. ആവുന്ന പണി ചെയ്താല്‍ പോരേ എന്നു കൂടെയുള്ള കുരങ്ങന്മാരില്‍ ചിലര്‍ കുരങ്ങാകരനോട്‌ ചോദിച്ചെങ്കിലും അച്ഛനും മക്കളും അതൊന്നും ചെവിക്കൊണ്ടില്ല.അങ്ങനെ കൂട്ടത്തില്‍ ചില കുരങ്ങന്മാര്‍ കുരങ്ങാകരനെ തെറിവിളിച്ച്‌ കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കുതന്നെ തിരിച്ചുപോയി.

ഇതുകണ്ട്‌ വിഷമിച്ചുനിന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

അങ്ങനെ മത്സരമായി. അച്ഛനും മക്കളും കൂടെയുള്ള കുരങ്ങന്മാരും ആവുന്നത്‌ ശ്രമിച്ചെങ്കിലും മറ്റുകുരങ്ങന്മാരെല്ലാം ചേര്‍ന്ന്‌ അച്ഛന്റേം മക്കടേം കട്ടേം പടോം മടക്കി.ഈ സംഭവത്തോടെ പപ്പിക്കുരങ്ങ്‌ നാടുവിട്ടുപോയി. അതിനുശേഷം പപ്പിക്കുരങ്ങിനെക്കുറിച്ച്‌ ആരും കേട്ടിട്ടില്ല.

മനസ്സ്‌ തളര്‍ന്ന്‌ വിഷമിച്ചിരുന്ന കുര്‍ങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

പുത്രസ്നേഹിയായ അച്ഛന്‍ കുരങ്ങന്റെ മനസ്സ്‌ നിറഞ്ഞു.

അങ്ങനെയിരിക്കെ നല്ല പവറുള്ള മറ്റൊരു കുരങ്ങന്‍ കുരങ്ങാകരനെ സഹായിക്കാനെത്തി. തന്റെ മരത്തിന്റെ താഴത്തെ ചില്ലയില്‍ കയറിയിരുന്നോളാന്‍ ആ കുരങ്ങന്‍ കുരങ്ങാകരനോട്‌ പറഞ്ഞു. അങ്ങനെ കുരങ്ങാകരനും കുരങ്ങീധരനും ബാക്കി കുരങ്ങന്മാരും പവറുള്ള കുരങ്ങന്റെ കൂടെക്കൂടി.

പക്ഷേ കാലക്രമേണ തനിക്കവിടെ മുകളിലെ ചില്ലകളൊന്നും കിട്ടില്ലെന്നു മനസ്സിലാക്കിയ കുരങ്ങാകരന്‍ ഒരു ദിവസം മകനെ വിളിച്ചുപറഞ്ഞു.

"വല്ലവന്റേം മരത്തില്‍ അടിമകളായി ജീവിക്കണതിലും നല്ലത്‌ സ്വന്തം മരത്തില്‍ സാധാരണക്കാരനായി ജീവിക്കണതാണ്‌. നമുക്കു കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കു മടങ്ങിപ്പോകാം"

പതിവുപോലെ "അച്ഛന്റെ കൂടെ ഞനും ഉണ്ട്‌" എന്ന മറുപടിക്കു കാത്തുനിന്ന കുരങ്ങാകരനെ ഞെട്ടിച്ചുകൊണ്ട്‌

"അച്ഛന്‍ പോണേല്‍ പൊക്കോ....ഞാന്‍ വരണില്ല"

എന്നും പറഞ്ഞ്‌ കുരങ്ങീധരന്‍ മരത്തിന്റെ മുകളിലെ ചില്ലയിലേക്ക്‌ ഓടിപ്പോയി.

[കരുണാകരന്‍ പോയാലും NCP ക്ക്‌ ഒന്നും സംഭവിക്കില്ല എന്ന മുരളീധരന്റെ പ്രസ്താവന കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്‌. ദയവായി ഇതില്‍ രാഷ്ട്രീയം കാണരുത്‌. വെറുമൊരു തമാശയേ ഉദ്ദേശിച്ചുള്ളൂ. ഈ കൊച്ചുകഥ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌. കഥകള്‍ കഥകളായിത്തന്നെയിരിക്കട്ടെ. കലഹങ്ങള്‍ക്ക്‌ വഴിമാറാതിരിക്കട്ടെ]

Nov 5, 2007

രാമുണ്ണിനായര്‍ ആട്ടക്കഥ ഒന്നാം ദിവസം

"മീനേ...., മീനേ"

പുറത്തുനിന്ന്‌ ഉറക്കെയുള്ള വിളികേട്ട്‌ അകത്തിരുന്ന്‌ മുറുക്കാന്‍ ചവക്കുകയായിരുന്ന ഭാനുമതിയമ്മ വിളിച്ചുപറഞ്ഞു

"എട്യേ തങ്കമണ്യേ...മീനെന്താന്ന്‌ നോക്കിയേടീ. നല്ലതുവല്ലോം ആണേല്‌ കൂട്ടാത്തിന്‌ കൊറച്ച്‌ വാങ്ങിച്ചോ"

"ഓാാ, ഈ പണ്ടാറത്തള്ളേനെക്കൊണ്ട്‌ ഞാന്‍ തോറ്റു. അതു മീന്‍കാരനൊന്നുമല്ല. ആ കോന്തന്‍ നായര്‌ അയാടെ മോളെ വിളിക്കണതാ"

അടുക്കളയില്‌ മനോരമേം വായിച്ചോണ്ടിരുന്ന തങ്കമണി ആദ്യത്തെ വാചകം പതിയെയും പിന്നത്തേത്‌ തൊണ്ടയുടെ മാക്സിമം പവറിലും പറഞ്ഞു

..............................................................................................................

"മീനേ, ഡീ കുരുത്തംകെട്ടോളേ, ഇറങ്ങിവാടീ"

രാമുണ്ണ്യായര്‌, നേരത്തെ തങ്കമണി പറഞ്ഞ അതേ കോന്തന്‍നായര്‌, തന്റെ വീടിനുമുന്നില്‍ നിന്ന്‌ അലറി. നായര്‌ ആളൊരു ആജാനുബാഹു. അഞ്ചടി പൊക്കം. മെലിഞ്ഞ ശരീരം. കോപം കൊണ്ട്‌ നായര്‍ അടിമുടി വിറച്ചു. വിറയലിന്റെ കാരണം കോപം മാത്രമായിരുന്നില്ല. പതിവുള്ള സ്മാളടി അന്ന്‌ നടന്നിരുന്നില്ല. വീശിയില്ലേല്‍ പുള്ളീടെ കയ്യും കാലും വിറക്കും. രണ്ടെണ്ണം വിടാന്‍ വേണ്ടി പുറത്തോട്ടിറങ്ങിയപ്പോഴാണ്‌ കവലയില്‍ വെച്ച്‌ വര്‍ക്കിമാപ്പള ഈ കാര്യം പറഞ്ഞത്‌. കേട്ട ഉടനെ തിരിച്ചതാണ്‌ വീട്ടിലേക്ക്‌.

നായരുടെ അലര്‍ച്ച കേട്ട്‌ അകത്തുനിന്ന്‌ നല്ലപാതി ഭവാനി ഇറങ്ങിവന്നു.

"എന്താ? എന്തിനാ ഈ കിടന്ന്‌ ചാടണത്‌?"

"ഫഠേ" എന്നൊരു ശബ്ദമായിരുന്നു അതേത്തുടര്‍ന്ന് കേട്ടത്‌. മലയാളം സെക്കന്റ്‌ ലാംഗ്വേജായിപ്പോലും പഠിക്കാത്തവര്‍ ശ്രദ്ധിക്കുക. അതു "ഫ + പഠേ" എന്നായിരുന്നു. ഇറങ്ങിവന്ന നല്ലപാതിക്ക്‌ രാമുണ്ണ്യായര്‌ വക ആട്ടൊന്ന്, അടിയൊന്ന്.

"നിന്റെ പേരാണോടീ മീനാന്ന്? അതോ കുരുത്തം കെട്ടവളെന്ന്‌ വിളിച്ചതോണ്ടാണോ നിന്നെ കെട്ടിയെടുത്തത്‌? ചെന്ന്‌ നിന്റെ മോളെ ഇറക്കിവിടടീ...ഇന്നവളെ ഞാന്‍ കൊല്ലും"

കിട്ടിയതും കൊണ്ട്‌ തൃപ്തയായി ഭവാനിച്ചേച്ചി അകത്തേക്ക്‌ ഊളിയിട്ടു. അങ്ങാടീല്‍ തോറ്റതിന്റെ കെറുവ്‌ അകത്ത്‌ ടീവീം കണ്ടോണ്ടിരിക്കണ സല്‍പ്പുത്രിയോട്‌ തീര്‍ത്തു.

"ചെകിട്‌ കേട്ടൂടേടീ മന്തിപ്പോത്തേ...നെന്നെ ദേ നെന്റെ മുതുകാലന്‍ തന്ത വിളിക്കണ്‌. ചെന്നു കിട്ടാനുള്ളത്‌ വാങ്ങിച്ചോണ്ട്‌ പോരേ..."

അരിച്ചാക്കിന്റെ മുകളില്‍ വരിക്കച്ചക്ക എടുത്തുവെച്ചതുപോലുള്ള ഭാരിച്ച ശരീരവും താങ്ങി മിസ്സ്‌ മീനാരാമുണ്ണി പുറത്തേക്ക്‌ ചെന്നു.നായര്‌ പക്ഷേ ഭവാനിയെ വരവേറ്റതുപോലെ മീനക്കിട്ട്‌ പൊട്ടിക്കാന്‍ പോയില്ല. കാര്യം മോളാണെങ്കിലും അവടെ കയ്യീന്ന്‌ ഒന്നുകിട്ടിയാല്‍ JCB കേറിനിരങ്ങിയ മൂന്നാറുപോലെയാകും തന്റെ കാര്യമെന്ന്‌ കക്ഷിക്ക്‌ നന്നായിട്ടറിയാം. അതുകൊണ്ട്‌ ഒരു കയ്യകലം സൂക്ഷിച്ചുകൊണ്ടാണ്‌ ചോദിച്ചത്‌.

"ഡീ, നീയും ആ അരവിന്ദന്‍മാഷും ആയിട്ടെന്താ ബന്ധം?"

"ആ,എനിക്കറിയാന്‍മേല. അമ്മയോടെങ്ങാനും ചോദിക്ക്‌. വകയില്‌ വല്ല ബന്ധവും ഉണ്ടോന്ന്‌"

"പ്‌ഫാ...തറുതല പറയുന്നോടീ പുല്ലേ...അവന്‍ നെന്റെ അമ്മേടെ ബന്ധുവാണോന്നല്ലടീ ശവമേ ഞാന്‍ ചോദിച്ചത്‌.അവടമ്മേടെ...ബന്ധം...എടീ നീയും അവനും തമ്മിലെന്താ ഇടപാടെന്ന്?"

"ദേ അച്ഛാ, വേണ്ടാതീനം പറയരുത്‌. കള്ളുകുടിച്ചാല്‍ വയറ്റീകിടക്കണം"

ഒരുതുള്ളിപോലും മോന്താതെ കരിംപച്ചക്ക്‌ നിക്കുന്ന തന്നോട്‌ ആ പറഞ്ഞത്‌ രാമുണ്ണ്യായര്‍ക്കു പിടിച്ചില്ല. ആ ദേഷ്യം കൂടി ചേര്‍ത്ത്‌ സല്‍പ്പുത്രിയുടെ തലമുടിക്ക്‌ കുത്തിപ്പിടിച്ച്‌ നായര്‌ അലറി.

"നായിന്റെ മോളേ...."

അങ്ങനെ വിളിച്ചാല്‍ നായയാകുന്നത്‌ താനാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും നായര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ മീന അത്‌ തിരുത്താനും പോയില്ല.

"സത്യം പറയെടീ....നീയും ആ അരവിന്ദന്‍മാഷും തമ്മിലെന്താടീ ഏര്‍പ്പാട്‌? നിങ്ങള്‌ രണ്ടുംകൂടെ സിംലയില്‌ സിനിമാക്ക്‌ പോയെന്ന്‌ ആ വര്‍ക്കിമാപ്പ്പ്പള പറഞ്ഞല്ലോടീ...നീ കോളേജീപ്പോണത്‌ അവടത്തെ സാറമ്മാരുടെ കൂടെ തെണ്ടാന്‍ പോകാനാണോടീ?"

ഇത്തവണ മീന ഒന്നു ഞെട്ടി. ക്രൗച്ചിംഗ്‌ ടൈഗര്‍ മോഡല്‍ ഒരു പ്രയോഗത്തിലൂടെ തന്റെ മുടികൊഴിയാതെ, ശ്രദ്ധയോടെ നായരുടെ പിടിവിടുവിച്ച്‌ മീന ചീറി.

"വര്‍ക്കിമാപ്പള പറഞ്ഞെങ്കി അയ്യാടെ പെണ്ണുമ്പിള്ളയാവും സിനിമാക്കു പോയത്‌. അരവിന്ദന്‍ മാഷോട്‌ ഞാനിതുവരെ മിണ്ടീട്ടുകൂടിയില്ല. പിന്നല്ലേ സിനിമാപ്പോക്ക്‌. അച്ഛന്‍ വെറുതെ നാട്ടാര്‌ ഓരോന്ന്‌ പറയണതും കേട്ട്‌ സത്യമറിയാതെ എന്റെ മെക്കിട്ട്‌ കേറല്ലേ"

ശക്തമായ ഈ ഡയലോഗ്‌ കേട്ടപ്പോ നായര്‍ക്കും ഡൗട്ടായി. ഇനിയിപ്പോ മാപ്പ്‌ള വെറുതെ പറഞ്ഞതാവുമോ? ഏയ്‌...എന്നാലും സ്വന്തം മോളെക്കുറിച്ച്‌ ഒരു തന്തയോട്‌ ഒരുത്തന്‍ അങ്ങനെ നുണ പറയുമോ?

അച്ചന്റെ ശൗര്യം ഒന്നടങ്ങിയെന്ന്‌ കണ്ടതോടെ മീനയുടെ കുരുട്ടുബുദ്ധി വര്‍ക്കൗട്ടായി.

"അല്ലേലും ആ ക്‍ണാപ്പന്‍ മാപ്പ്‌ളക്ക്‌ ചെറിയൊരു സൂക്കേടുള്ളതാ...കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെ പറ്റി വേണ്ടാതീനം പറഞ്ഞുണ്ടാക്കണത്‌"

"കാണാന്‍ കൊള്ളാവുന്ന" എന്ന ആ പ്രയോഗം, "ഇവളിതാരെക്കുറിച്ചാണ്‌ പറയണത്‌" എന്നൊരു ആശങ്ക നായര്‍ക്കുണ്ടാക്കിയെങ്കിലും അവളുടെ മോന്തക്കുറ്റിയില്‍ പ്രത്യക്ഷപ്പെട്ട ഭാവത്തില്‍ നിന്നും അതു ലവളെക്കുറിച്ചുതന്നെയായിരുന്നു എന്ന്‌ മനസ്സിലായി.നായരിങ്ങിനെ വര്‍ണ്ണ്യത്തിലാശങ്കയുമായി നില്‍ക്കുമ്പോള്‍, കിട്ടിയ തല്ലിന്റെ ചൂട്‌ വളരെ സിമ്പിളായി കൈകൊണ്ട്‌ തൂത്തുകളഞ്ഞ്‌ ഭവാനിയും മകളുടെ സൈഡില്‍ കളിക്കാനെത്തി.

"വല്ലവരും പറയണത്‌ കേട്ട്‌ സ്വന്തം മോളെപ്പറ്റി വേണ്ടാതീനോം പറഞ്ഞ്‌ വന്ന്‌, പെമ്പ്രന്നോത്തിയേം തല്ലി ഞെളിഞ്ഞുനിക്കണ്‌. നാണമില്ലേ മനുഷ്യാ? ചെന്ന്‌ ഇതുപറഞ്ഞോനോട്‌തന്നെ ചെന്ന്‌ ചോദിക്ക്‌"

പറയണതിനിടക്ക്‌ തന്നെ തല്ലിയത്‌ അനാവശ്യമായിപ്പോയെന്നും, അതു താന്‍ പെന്റിംഗില്‍ ഇട്ടിട്ടുണ്ടെന്നും വ്യക്തമായ സൂചന നല്‍കാന്‍ ഭവാനി മറന്നില്ല.

നായര്‌ പിന്നെ ഒന്നും ആലോചിച്ചില്ല. അധവാ ആലോചിക്കന്‍ മാത്രമുള്ള ബുദ്ധിയൊന്നും ആ മന്തന്‍ തലക്കകത്തുണ്ടായിരുന്നില്ല. വന്ന ഗിയറില്‍ തന്നെ കവലയിലേക്ക്‌ തിരിച്ചു

..............................................................................................................

ഡെസ്പ്പടിച്ചിരിക്കുന്ന മകളെ കണ്ടപ്പോള്‍ ഭവാനിക്ക്‌ സങ്കടം വന്നു. അവര്‍ സങ്കടം കടിച്ചമര്‍ത്തി. അമര്‍ത്തിയമര്‍ത്തി പല്ലുപൊട്ടാറായപ്പോള്‍ ഭവാനി മകളോട്‌ പറഞ്ഞു

"പോട്ടെ മോളേ...മോളതങ്ങ്‌ വിട്ടുകള. എന്നാലും ആ വര്‍ക്കിമാപ്പ്‌ളക്ക്‌ എങ്ങിനെയീ വേണ്ടാതീനം പറയാന്‍ തോന്നി?"

അത്രേം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഭവാനിക്കും ഒരു ഡൗട്ട്‌. ഒന്നുമില്ലാതെ അയാളിങ്ങിനെ പറയുമോ?

"മോളേ, സത്യം പറ...ഇനി നീയെങ്ങാനും ആ മാഷുടെ കൂടെ സിനിമാക്ക്‌ പോയാ?"

"യൂ റ്റൂ ഭവാനീീ" എന്നൊരു ഭാവത്തില്‍ മീന അമ്മയെ നോക്കിപ്പറഞ്ഞു

"ഇല്ലമ്മേ, ആ മാഷോട്‌ ഞാന്‍ മിണ്ടീട്ട്‌പോലുമില്ല...എന്റെ അമ്മയാണേ സത്യം"

അതമ്മക്കങ്ങ്‌ സുഖിച്ചു. തന്നേപ്പിടിച്ച്‌ സത്യം ചെയ്തതല്ലേ, അവളങ്ങനെയൊന്നും ചെയ്തുകാണത്തില്ല. വര്‍ക്കിമാപ്പ്‌ളയെ പാമ്പുകൊത്തി, ആശുപത്രീല്‍ കൊണ്ടുപോണവഴിക്ക്‌ വണ്ടിയിടിച്ച്‌ ചാകട്ടെ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഭവാനി മോളോട്‌ പറഞ്ഞു

"ആ, എന്റെ മോളതങ്ങ്‌ വിട്ടേക്ക്‌. എന്നാലും ആ വര്‍ക്കി...അയാളെന്തുകാര്യത്തിനാണാവോ ഇങ്ങിനൊക്കെ അതിയാനോട്‌ പറഞ്ഞുകൊടുത്തത്‌?"

അമ്മയുടെ ന്യായമായ ആ സംശയത്തിന്‌ മീന മറുപടി പറഞ്ഞു

"അയാള്‍ക്ക്‌ തെറ്റിയതാവും അമ്മേ...സുഗുണന്‍ മാഷെ കണ്ടിട്ടാവും ആ മണ്ടന്‍ മാപ്പ്‌ള, അരവിന്ദന്‍ മാഷാണെന്ന്‌ കരുതീത്‌"