Dec 12, 2011

സുമിമാസേന്‍, സോപ്പ്‌ പൌഡര്‍ അരിമസ്ക്ക?

കൊറെ നാളുമുന്‍പ്‌ ജപ്പാനില്‍ ഉള്ളപ്പൊ ഉണ്ടായ ഒരു സംഭവമാണ്‌.

ഞാനും ബിനുവും ആയിരുന്നു ഒരു റൂമില്‍. ഞങ്ങടെ റൂമിണ്റ്റെ ജാപ്പനീസ്‌ ഭാഷാ പരിജ്ഞാനത്തിണ്റ്റെ ശരാശരി നോക്കിയാല്‍ എല്‍.കെ.ജി ലെവലിലേ വരൂ. അതുകൊണ്ടു തന്നെ പൊറത്ത്‌ പര്‍ച്ചേസിനൊക്കെ പോകുമ്പോള്‍ ഭാഷാപണ്ടിതന്‍മാരുടെ കൂടെയെ പോകാറുള്ളൂ.

പണ്ടിതശിരോമണികളെ ആരെയും കിട്ടാത്ത ഒരു ദിവസം ഞാനും ബിനുവും കൂടി കടയില്‍ പോയി. കണ്ടാല്‍ മനസ്സിലാവുന്ന സാധനങ്ങളൊക്കെ വേഗം തന്നെ എടുത്തു. ഒരു ഐറ്റം കൂടി വാങ്ങണം. സോപ്പുപൊടി. പിറ്റേന്ന്‌ sunday ആണ്‌. ഇണ്റ്റര്‍നാഷണല്‍ ബാച്ചിലേഴ്സ്‌ തുണിയലക്കല്‍ ഡേ.

കൊറേ നോക്കി. ഒരു രക്ഷയുമില്ല. റൂമില്‍ പൊയി കാലിയായ സോപ്പുപൊടിപ്പെട്ടി എടുത്തൊണ്ട്‌ വന്ന്‌ നോക്കിവാങ്ങാമെന്നു പറഞ്ഞ ബിനുവിനെ ഞാന്‍ പുച്ചിച്ചു തള്ളി.

"എന്തിനാഡേയ്‌, ഇതു നമ്മക്കു ഡീലു ചെയ്യാം"

ഞാന്‍ നോക്കിയപ്പോള്‍ കൊറേ സെയിത്സ്‌ കൊണാണ്ടര്‍മാര്‍ യൂണിഫോമിട്ട്‌ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്‌. അവരുടെ ഒരു കൊഴപ്പം അതാണ്‌. നടക്കാന്‍ അറിയില്ല. ഫുള്‍ ടൈം ഓട്ടം ആണ്‌. അങ്ങനെ ഓടിക്കൊണ്ടിരുന്ന ഒരുത്തനെ ഓടിച്ചിട്ടു പിടിച്ച്‌ കിതപ്പിനിടയില്‍ ഞാന്‍ ചോദിച്ചു

"സുമിമാസേന്‍, സോപ്പ്‌ പൌഡര്‍ അരിമസ്ക്ക?"

ആദ്യത്തെയും അവസാനത്തെയും വാക്കുകള്‍ ഏതാണ്ട്‌ ജാപ്പനീസ്‌ പോലെ ആയിരുന്നതുകൊണ്ട്‌ എനിക്കെന്തോ ആവശ്യം ഉണ്ടെന്നും അതു ചോദിച്ചതാണെന്നും അങ്ങോര്‍ക്ക്‌ മനസ്സിലായി. ഇടയില്‍ പറഞ്ഞത്‌ ഇംഗ്ളീഷ്‌ ആയതുകൊണ്ട്‌ പുള്ളിക്കൊരു വൈക്ളബ്യം. മുഖഭാവത്തിനു ഭാഷയില്ലല്ലോ.

ഞാന്‍ വീണ്ടും ശ്രമിച്ചു.

"സോപ്പ്‌...പൌദാ... പൌദാ"

മോണിറ്റര്‍ എന്നതിനു മൊനിത്താ എന്നും കമ്പ്യൂട്ടര്‍ എന്നതിനു കൊമ്പ്യൂത്താ എന്നുമാണ്‌ പറയണതെന്ന്‌ എന്നെപ്പോലെ തന്നെ വിവരദോഷമുള്ള ഒരുത്തന്‍ എനിക്കു പറഞ്ഞുതന്നിരുന്നു. ആ നമ്പര്‍ ഇട്ടുനോക്കിയതാണ്‌. അതും പൊളിഞ്ഞു.

അടുത്ത സ്റ്റെപ്പ്‌ എന്ന നിലക്ക്‌ ഞാന്‍ ഷര്‍ട്ട്‌ ഊരി അലക്കുന്ന രംഗം ഭംഗിയായി അഭിനയിച്ച്‌ കാണിച്ചു. എണ്റ്റെ അഭിനയത്തിണ്റ്റെ ഒറിജിനാലിറ്റി കൊണ്ട്‌ ഞാന്‍ അയാളെ തല്ലാന്‍ ചെന്നതാണെന്നാണ്‌ ബിനു വിചാരിച്ചത്‌. അവന്‍ എന്നെ ബ്ളോക്ക്‌ ചെയ്തു.

"ഡേയ്‌, നമുക്കു റൂമില്‍ പോയി ആ ബോക്സ്‌ എടുത്തിട്ടു വരാം"

ഞാന്‍ പക്ഷേ നന്നാവാന്‍ ഒരുക്കമല്ലായിരുന്നു.

"നിക്കെടേയ്‌, ഇതു ശെരിയാക്കം. ഒന്നൂടെ നോക്കട്ടെ"

ഞാന്‍ എണ്റ്റെ മാക്സിമം ബുദ്ധി ഉപയോഗിച്ചു. അയാളെ വിളിച്ചോണ്ടുപോയി അവിടെ ഇരുന്ന ഒരു സ്പൂണ്‍ എടുത്ത്‌ കയ്യില്‍ ഉള്ള ഒരു സാധനത്തില്‍ നിന്നു സ്പൂണ്‍ കൊണ്ട്‌ എടുക്കണ സീന്‍ കിടിലനായി അഭിനയിച്ചു. ഇപ്പൊ അങ്ങോരു ചെറുതായിട്ടു ചിരിച്ചു. എന്നിട്ട്‌ തല നിലത്തുമുട്ടുന്നപോലെ കുനിഞ്ഞിട്ട്‌ ജാപ്പനീസില്‍ അലറി.

"ഹയ്‌, വക്കാരിമസ്ത്താ"

എണ്റ്റമ്മോ....രക്ഷപ്പെട്ടു. ഞാന്‍ ബിനുവിനെ നോക്കി "കണ്ടോഡാ, ആണുങ്ങള്‌ ഡീല്‍ ചെയ്തത്‌" എന്നൊരു ലുക്ക്‌ കൊടുത്തു.

ഇതിനിടക്ക്‌ നമ്മടെ ജപ്പാന്‍ കാരന്‍ ഓടാന്‍ തുടങ്ങി. ഞാനും പുറകെ ഓടി. പെട്ടെന്നു സഡന്‍ ബ്രേക്ക്‌ ഇട്ടു നിന്ന്‌ പുള്ളി എനിക്കു ഒരു കവര്‍ എടൂത്തു തന്നു. സന്തോഷത്തൊടെ ഞാന്‍ അതു വാങ്ങി. ചായപ്പൊടി.

അവണ്റ്റെ അപ്പനു വിളിച്ചാലും പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോണില്ലാത്തതുകൊണ്ട്‌ ഞാന്‍ അതിനു മിനക്കെട്ടില്ല. അയാളാണെങ്കില്‍ എനിക്കേതാണ്ട്‌ ഓസ്ക്കാര്‍ അവാര്‍ഡ്‌ തന്നപോലെ നില്‍ക്കുന്നു.

"നൊ നൊ...ഇയെ ഇയെ... സോപ്പ്‌ പൌദാ"

ഞാന്‍ പല്ലവി വീണ്ടും പാടി. അങ്ങോര്‌ "ഹയ്‌, വക്കാരിമസ്ത്താ" എന്ന ചരണം പാടി പിന്നേം ഓടാന്‍ തുടങ്ങി. ഞാന്‍ പുറകെയും.

ഈ ഓട്ടത്തിനിടക്ക്‌ സോപ്പ്‌ പൊടി അല്ലാതെ ആ കടയില്‍ പൊടിരൂപത്തില്‍ ഉള്ള എല്ലാ സാധനങ്ങളും അങ്ങോരു എന്നെ എടുതു കാണിച്ചു. ഞാന്‍ പല്ലവി പാടും. അയാളു ചരണം പാടും. ഞങ്ങളു രണ്ടും പിന്നേം ഓടും.

ഞാന്‍ നൊക്കുമ്പോ ഫുട്ബോളില്‍ റഫറി ഓടണ പോലെ ബിനുവും പുറകെയുണ്ട്‌. ഇതിനിടക്ക്‌ അങ്ങേര്‌ റിലേക്കിടയില്‍ ബാറ്റണ്‍ കൈമാറുന്ന പോലെ എന്നെ വേറെ ഒരു സെയിത്സ്‌ ക്ണാപ്പനെ ഏല്‍പ്പിച്ചു. അയാളും ഓട്ടത്തില്‍ ഒട്ടും മോശമല്ല. ഞാനും വിട്ടില്ല. റഫറിയും പുറകെത്തന്നെ.

ബിനുവിണ്റ്റെ ഓട്ടം കണ്ടാല്‍ അവന്‍ ഇത്‌ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഒരു ഓട്ടമത്സരമായിട്ടാണ്‌ എടുത്തതെന്നു തോന്നും. അത്രക്ക്‌ ആത്മാര്‍ഥതയുണ്ടായിരുന്നു ഓട്ടത്തിന്‌.

ഈ കോപ്പന്‍മാരൊട്‌ വേണ്ടെന്നു പറയാനുള്ള ജാപ്പനീസ്‌ പോലും അറിയാന്‍ പാടില്ലല്ലോ. എവിടേലും നിന്നു റസ്റ്റ്‌ ചെയ്യാന്‍ തൊടങ്ങിയാല്‍ അയാള്‌ റിട്ടേണ്‍ വന്ന്‌ കണകുണാന്ന്‌ എന്തോ ജാപ്പനീസില്‍ പറയാന്‍ തോടങ്ങും. ഞാന്‍ പിന്നേം ഓടാനും തൊടങ്ങും.

തളര്‍ന്നു...മൂന്നു റൌണ്ട്‌ ആയി. ഇനി അങ്ങോരു എടുത്തു കാണിക്കണത്‌ എലിവെഷമാണേലും ശരി, അതും വാങ്ങി വീട്ടില്‍ പോകാന്‍ ഞാന്‍തീരുമാനിച്ചു. കുറച്ചൂടെ ഓടിയിട്ടു പുള്ളി നിന്നു, കുനിഞ്ഞു, ഒരു കവറുമായി പൊങ്ങി. അയാളൊന്നു നിവര്‍ന്നു നിക്കണതിനു മുന്‍പേ ഞാന്‍ ആ കവര്‍തട്ടിപ്പറിച്ചു.

"അരിഗാതോ ഗൊസായ്മസ്‌" എന്നും പറഞ്ഞ്‌ ബില്ല്‌ ചെയ്യാന്‍ ഓടി.

ഇവനൊന്നും ഇതു വരെ പഞ്ചസാര കണ്ടിട്ടില്ലേ എന്ന ഭാവമയിരുന്നു അങ്ങൊരുടെ മുഖത്ത്‌.

തിരിച്ചു റൂമിലേക്കുള്ള യാത്രയില്‍ മൊത്തം ബിനുവിണ്റ്റെ ചിരിയായിരുന്നു ഏക ശബ്ദം. എന്തേലും പറയാനുള്ള ആരോഗ്യം പോലും എന്നില്‍ അവശേഷിച്ചിരുന്നില്ല.