Feb 23, 2012

ലോണാഘോഷം

രംഗം ഒന്ന്‍.
വലപ്പാട് കാനറ ബാങ്ക്. മാനേജരുടെ മുറി. സീനില്‍ ഞാനും മാനേജരും മാത്രം. ഒരു വീട് വാങ്ങാന്‍ ലോണിനായി വന്നിരിക്കുനത് കൊണ്ട് എന്റെ മുഖത്തെ ഭാവം ഒടുക്കത്തെ വിനയം.

പേപ്പേഴ്സ്‌ എല്ലാം ഓക്കെ ആയാല്‍ വലിയ താമസമില്ലാതെ തന്നെ ലോണ്‍ ശരിയാക്കാമെന്ന്‌ പുള്ളി ഉറപ്പുതന്നു. എന്തൊരു തങ്കപ്പെട്ട മനുഷ്യന്‍. ഈ ലോണ്‍ എന്നു പറയണത്‌ ഇത്രെം സിമ്പിള്‍ ആയ ഒരു കാര്യമാണെന്ന്‌ എനിക്കറിയില്ലായിരുന്നു. ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കി ചുമ്മാ രണ്ടുമൂന്നു ലോണ്‍ നേരത്തെ തന്നെ എടുത്തുവെക്കാമായിരുന്നു.

രംഗം രണ്ട്
ബ്രോക്കര്‍ ഉസ്മാനിക്കായുടെ വീട്. സ്ഥലം മുറ്റിച്ചൂര്‍...
ആവശ്യമുള്ള ഡോക്യുമെന്റ്സിന്റെ ലിസ്റ്റ് ഞാന്‍ ഉസ്മാനിക്കാക്ക് കൊടുക്കുന്നു, ഒരാഴ്ചകൊണ്ട് എല്ലാം ശെരിയാക്കാമെന്നു പുള്ളി ഉറപ്പുതരുന്നു. അങ്ങനാണേല്‍ കരാറെഴുതാന്‍ നോ റിസ്ക്‌. മൂന്നു മാസത്തേക്ക്‌ കരാറെഴുതി, അഡ്വാന്‍സും കൊടുത്ത്‌ ഞാന്‍ തിരോന്തരത്തീക്ക് തിരിച്ചുപോരുന്നു.
ദൈവമേ...എന്നെ എന്തിനിങ്ങിനെ സ്നേഹിച്ചു കൊല്ലുന്നു. എല്ലാം എന്ത് പെട്ടെന്നാണ് ശെരിയാവുന്നത്

രംഗം മൂന്ന്
പിന്നത്തെ ശെനിയാഴ്ച. വീണ്ടും മാനേജരുടെ മുറി. സീനില്‍ ഞാനും മാനേജരും മാത്രം. കയ്യിലുള്ള എല്ലാ ചപ്പുചവറുകളും മാനേജരുടെ മുന്നില്‍ നിക്ഷേപിച്ച്‌ ഞാന്‍ വിനയാന്വിതപുങ്കിലകങ്കിലനായി മാറിനിന്നു.
ഇപ്പോതന്നെ കാശു കിട്ടുകയാണെങ്കില്‍ എങ്ങനെ കൊണ്ടോവണം, ശ്ശെ, ഒരു ചാക്കെടുക്കാമായിരുന്നു എന്നൊക്കെ ആലോചിച്ചു ഞാന്‍ നിക്കുംബോ ഒരു സൌണ്ട്‌.

"കുടിക്കടം ഇല്ലേ?"

ചോദ്യം എന്നോടല്ലെന്നുള്ള ഉറച്ച വിശ്വസത്തില്‍ കൊറച്ചുനേരം മിണ്ടാതെനിന്നു. അപ്പൊ ലങ്ങേര്‌ പിന്നേം ചോദിച്ചു.

"ഇല്ലേ?"

കുടി അത്യാവശ്യത്തിനുണ്ട്‌. കടം, ദൈവം സഹായിച്ച്‌ ഇതുവരെ അധികം ഇല്ല. ഈ ലോണ്‍ എടുക്കണതോടെ ആ വെഷമോം മാറും. അതാണോ ചോദിക്കണത്‌? അതോ കടം വാങ്ങി കുടിക്കാര്‍ണ്ടോന്നാണോ?

എന്തായാലും അങ്ങനൊരു സാധനം നേരത്തെ കേട്ടിട്ടുപോലുമില്ലാത്ത സ്ഥിതിക്ക്‌ എണ്റ്റേലുണ്ടാവന്‍ വഴിയില്ല. ഭാഗ്യമായി, അതെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ ലോണ്‍ കിട്ടാതെ മടങ്ങിപ്പോവേണ്ടി വന്നേനെ. ദൈവമേ, എന്നെ എന്തിനിങ്ങിനെ സ്നേഹിക്കുന്നു... ഞാന്‍ ധൈര്യമായി മറുപടി പറഞ്ഞു.

"ഇല്ല"

"അതെന്താ കൊണ്ടുവരാഞ്ഞത്‌?"

പണി പാളി. ഇത് ശെരിക്കും ഉണ്ടെന്നായിരുന്നു പറയേണ്ടിയിരുന്നത്.

"അല്ല, അങ്ങനെ ഒരു സാധനം വേണമെന്ന്‌ പറഞ്ഞില്ലായിരുന്നു"

"ഇത്‌ പ്രത്യേകിച്ച്‌ പറയണോ? ഈ സ്ഥലത്തിന്‌ വേറെ കടബാധ്യതയൊന്നും ഇല്ലെന്ന്‌ ബാങ്കിന്‌ ഒരു ഉറപ്പ്‌ വേണ്ടേ?"

എന്നിട്ട്‌ "ഇതൊന്നും അറിഞ്ഞൂടേ" എന്ന മട്ടില്‍ എന്നെയൊരു നോട്ടവും

കേട്ടാല്‍ തോന്നും എനിക്ക് സ്ഥിരമായി ലോണ്‍ എടുക്കലാണ് പണിയെന്ന്.

"അല്ല സാറേ...ഈ വീടിണ്റ്റെ ആധാരം കഴിഞ്ഞ ഒരു കൊല്ലായിട്ട്ട് ഈ ബാങ്കില്‍ തന്നെ ഇരിപ്പുണ്ട്‌. ഇപ്പളത്തെ ഓണര്‍ ഇവിടുന്നു തന്നെയാണ് ലോണ്‍ എടുത്തിട്ടുള്ളത് . പിന്നിപ്പോ ഇതിന്‌ വേറെന്ത്‌ ബാധ്യത ഉണ്ടാവാനാ?"

ഞാന്‍ എണ്റ്റെ വിജ്ഞാനം വിളംബി. സ്വാഭാവികമായും അതങ്ങോര്‍ക്കിഷ്ടപ്പെട്ടില്ല.

"നമ്മക്കിത്‌ പ്രൊസസ്സ്‌ ചെയ്യണമെങ്കില്‍ നോണ്‍ എന്‍കമ്പറന്‍സ്‌ സര്‍ടിഫിക്കറ്റ്‌ കിട്ടതെ എന്തായലും പറ്റില്ല"

തൊലഞ്ഞോ? പറപറാന്നൊരു ശബ്ദം മാത്രമേ മനസ്സിലായുള്ളൂ. പേരുപറയാന്‍ പോലും അറിയാത്ത ഈ സാധനവും ഒപ്പിക്കണം.

"സാറേ, ഇതു ഞാന്‍ പിന്നെ കൊണ്ടുവന്നു തന്നാ മതിയോ? ഞാന്‍ ഇന്ന്‌ ഇതിനായിട്ട്‌ തിരുവനന്തപുരത്തൂന്ന്‌ വന്നതാണ്‌"

അങ്ങോരെന്നെ ഒരു നോട്ടം നോക്കി. നീ ചന്ദ്രനീന്നൊന്നുമല്ലല്ലോ വരണത്‌ എന്നായിരുന്നിരിക്കണം അതിണ്റ്റെ അര്‍ത്ഥം.

"അങ്ങനാണേല്‍ പിന്നെ ഇതിണ്റ്റെയൊന്നും ആവശ്യമില്ലല്ലോ. കാശ്‌ ആദ്യമേ തന്നിട്ട്‌ നിങ്ങടെ സൌകര്യത്തിന്‌ ഡോക്യുമെണ്റ്റ്സൊക്കെ ഇങ്ങൊട്ടെത്തിച്ചാല്‍ മതിയായിരുന്നല്ലോ"

ശ്ശെ, മതിയായിരുന്നു. ഞാനെന്തൊരു മണ്ടനാണെന്നു നോക്കണേ.

"തനിക്ക്‌ ലോണ്‍ വേണമെങ്കില്‍ പോയിട്ട്‌ പറഞ്ഞ എല്ലാ ഡൊക്യുമെണ്റ്റ്സും കൊണ്ടു വാ. എന്നിട്ട്‌ സംസാരിക്കാം".

ഓഹോ, അപ്പോ തൊട്ടുമുന്‍പു പറഞ്ഞത്‌ തമാശക്കാണല്ലേ. ഈ പിശാചിനോടു തന്നെയാണോ ഞാന്‍ കഴിഞ്ഞ തവണ സംസാരിച്ചത്‌? ഈ കാലമാടനെയാണോ ഞാന്‍ തങ്കപ്പെട്ട മനുഷ്യന്‍ എന്നു മനസ്സില്‍ പറഞ്ഞത്‌? ഞാന്‍ സ്വയം ശപിച്ചു.

"സാറാ ലാസ്റ്റ്‌ പറഞ്ഞ സാധനത്തിണ്റ്റെ പേരൊന്നൂടെ പറയാമോ?"

"ഞാന്‍ ആകെ ഒരു സാധനമല്ലെ പറഞ്ഞുള്ളൂ"

"അല്ല, എന്തോ ഒരു നോണ്‍....എങ്കറ...."

ഇറവറ അല്ല...ഇറവറന്‍സ്‌. എന്ന് പറഞ്ഞ ആനക്കാട്ടില്‍ ഈപ്പച്ച്ചനെ പോലെ അങ്ങോരെന്നെ തിരുത്തി.

"നോണ്‍ എങ്കമ്പറന്‍സ്‌. അതുതന്നെയാണെഡോ ഈ കുടിക്കട സര്‍ടിഫിക്കറ്റ്‌"

ഓ, അത്രേം ആശ്വാസം.

"എന്നാപ്പിന്നെ ഞാന്‍ അതും കൊണ്ട്‌ വരാം"

രംഗം നാല്

ഉസ്മാനിക്കായുടെ വീട്. എന്റെ മുഖത്തെ ഭാവം ഭീകരമായ ദയനീയത. ഉസ്മാനിക്കയുടെ മുഖത്ത് തിലകന്റെ ഭാവം, കൊക്കെത്ര ലത് കണ്ടതാ എന്ന ഭാവം.

എന്നിട്ട് പുള്ളീടെ വക ന്യായം. ഞാന്‍ നേരത്തെ ബാങ്കില്‍ പറഞ്ഞ അതേ ന്യായം.

"അതെന്തിനാ? ആധാരം അവിടെത്തന്നെയല്ലേ ഉള്ളത്‌?"

ഒരുവിധത്തില്‍ കാര്യം പറഞ്ഞുമനസ്സിലാക്കി. വീണ്ടും ഒരാഴ്ച സമയം. ഈ ലോകത്ത്‌ ഒരാഴ്ചയില്‍ കുറവു സമയം കൊണ്ട്‌ നടക്കണ കാര്യങ്ങള്‍ ഒന്നും ഇല്ലേ ആവോ. അങ്ങനെ ആ വരവു വെറുതെയായി. അതൊരു തുടക്കം മാത്രമായിരുന്നു.

വെള്ളിയാഴ്ച ഉസ്മാനിക്കയെ വിളിച്ചപ്പോ പുള്ളി പറഞ്ഞു കുടിക്കടം കിട്ടിയില്ല. അടുത്ത ആഴ്ചയേ ആകൂന്ന്‌. അങ്ങനെ ഒരാഴ്ച കൂടി മാറിക്കിട്ടി. പിന്നത്തെ ശനിയാഴ്ച കുടിക്കടവും കുടിക്കാത്ത കടവും ഒക്കെ കെട്ടിപ്പെറുക്കി പിന്നേം ബാങ്കില്‍.

രംഗം അഞ്ച്

പിന്നേം ബാങ്കില്‍. അതേ മുറി.

എല്ലാം പഴയപോലെ തന്നെ. മാനേജര്‌ എല്ലാം വാങ്ങുന്നു. ആദ്യമായി കാണുന്ന പോലെ എല്ലാ പേപ്പറും മൊത്തം വായിക്കുന്നു. അവസാനം എന്നെ ഞെട്ടിക്കുന്നു.

"ഫോം 16 ഉം സരള്‍ ഫോമും ഈ വര്‍ഷത്തെ മാത്രമേയുള്ളല്ലോ. കഴിഞ്ഞ മൂന്നുവര്‍ഷത്തെ വേണം. "

ഞാന്‍ മൌനം. പിന്നേം മൌനം. കൊറേ നേരത്തെക്ക്ക്‌ മൌനം. വേറൊന്നുമല്ല. വാ തൊറന്നിരുന്നെങ്കില്‍ ഞാന്‍ അയാളെ തെറി പറഞ്ഞേനെ.

"കൊണ്ടന്നിട്ടില്ലേ?"

കൊണ്ടുവന്നിട്ട്‌ തന്നേ കാണിക്കാതിരിക്കാന്‍ ഈ പറഞ്ഞ സാധനം എന്റെ അണ്ടര്‍വെയറൊന്നുമല്ലല്ലോ.

"ഇല്ല. അന്നു ഇതു രണ്ടും വേണമെന്നേ പറഞ്ഞുള്ളൂ. മൂന്നു വര്‍ഷത്തിണ്റ്റെ കാര്യമൊന്നും പറഞ്ഞില്ല"

"മൂന്നു വര്‍ഷത്തെ വേണം. അല്ലതെങ്ങിനെയാ... "

ലോണ്‍ പ്രൊസസ്സ്‌ ചെയ്യണത്‌. ബാക്കി ഞാന്‍ മനസ്സില്‍ പൂരിപ്പിച്ചു.

"എന്നാപിന്നെ ഞാന്‍ അങ്ങോട്ട്‌... ". അങ്ങോട്ടെന്നു പറഞ്ഞാല്‍ തിരോന്തരത്ത്ക്ക്‌'. ഈ പറഞ്ഞ വസ്തുക്കള്‍ അവിടെയാണിരിക്കുന്നത്‌. അന്നു തന്നെ പോയി അതും കൊണ്ട്‌ തിങ്കളാഴ്ച ഞാന്‍ വീണ്ടും ബാങ്കില്‍. ദൈവം സഹായിച്ച്‌ അന്നു ഡോക്യുമെണ്റ്റ്സ്‌ എല്ലാം ഉണ്ടെന്നു അങ്ങോര്‌ സമ്മതിച്ചു.

"ഇനി ഇതെല്ലാം അഡ്വക്കേറ്റിനെക്കൊണ്ട്‌ വെരിഫൈ ചെയ്യിച്ച് ലീഗല്‍ റിപ്പോര്‍ട്ട്‌ വാങ്ങണം"

ഓഹോ...അപ്പോ കഴിഞ്ഞിട്ടില്ല...തൊടങ്ങീട്ടെയുള്ളൂ....സന്തോഷമായി.

"സാറേ, ഇവരീ വീടു വെച്ചത്‌ ഇവിടുന്നുതന്നെ ലോണ്‍ എടുത്തിട്ടാണ്‌. ഇതൊക്കെ അന്നു വെരിഫൈ ചെയ്തതാവില്ലേ?"

പുള്ളി എന്നെ അന്നത്തെ അതേ നോട്ടം നോക്കി. ഞാന്‍ മെല്ലെ എണീറ്റു.

കൊടുങ്ങല്ലൂരാണത്രേ ബങ്കിണ്റ്റെ വക്കീല്‍. ഡെല്‍ഹിയിലാണെന്നൊന്നും പറഞ്ഞില്ലല്ലോ എന്ന ആശ്വാസത്തോടെ എല്ലാം വാരിക്കെട്ടി അങ്ങോട്ട്‌.
ഒരാഴ്ച എന്നു വക്കീലെങ്ങാനും പറഞ്ഞാല്‍ ഓണ്‍ ദ സ്പോട്ടില്‍ പുള്ളീടെ കാല്‍ക്കല്‍ വീഴാന്‍ ഉറപ്പിച്ചാണ്‌ ഞാന്‍ പോയത്‌. ഭാഗ്യത്തിന്‌ അതു വേണ്ടിവന്നില്ല. വര്‍ഷങ്ങള്‍ കൂടി ഒരാളെ കണ്ട സന്തോഷത്തിലായിരുന്നു അങ്ങേര്‌. മൂന്നു മണിക്കൂറ്‍ കൊണ്ട്‌ അവിടുത്തെ പരിപാടി കഴിഞ്ഞു.

ഒരുവിധത്തില്‍ എല്ലാം കൂടെ ബാങ്കില്‍ എത്തിച്ചു. ഇനിയെന്ത്‌ കുരിശാണാവോ വേണ്ടത്‌. ദിവസങ്ങള്‍ പടപടാന്ന്‌ തീരുന്നു. കരാര്‍ കാലവധിക്കുള്ളില്‍ രെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ അഡ്വാന്‍സ്‌ കൊടുത്ത കാശ്‌...

"സൈറ്റ്‌ ചെക്കിംഗിനു ആളുവരും. അതു കഴിഞ്ഞിട്ട്‌ രെജിസ്ട്രേഷണ്റ്റെ തീയതി തീരുമാനിച്ച്‌ ലോണ്‍ പ്രൊസസ്സ്‌ ചെയ്യാം"

ഹാവൂ. കൊറച്ചാശ്വാസമായി. പക്ഷേ കൊറച്ചു നേരത്തേക്ക്‌ മാത്രം.

രെജിസ്ട്രേഷന്‌ മുന്‍പ്‌ ഒറിജിനല്‍ ആധാരം ബാങ്കീന്നെടുക്കണം. അതിന്‌ ഇപ്പളത്തെ ഓണര്‍ ബാങ്കില്‍ ബാക്കി അടക്കാനുള്ള കാശ്‌ അടക്കണം. അതിനുവേണ്ടിയാണ്‌ ഞാന്‍ നേരത്തേ തന്നെ അഡ്വാന്‍സ്‌ കൊടുത്തത്‌.

നമ്മടെ സമയം മോശമാണല്ലോ. ഞാന്‍ അഡ്വാന്‍സ്‌ കൊടുത്തത്‌ ഉസ്മാനിക്കേടെ കയ്യിലാണ്‌. ഒറിജിനല്‍ ഓണര്‍ക്ക്‌ അതുകിട്ടിയിട്ടില്ല. ഉസ്മാനിക്ക അതു വേറെന്തോ റോളിംഗ്‌ നടത്തി. പുള്ളി കച്ചോടം കഴിയണ അന്ന്‌ മൊത്തം കാശ്‌ കൊടുക്കാം എന്നുള്ള പ്ളാനിലായിരുന്നു.

ഈ ലോകത്തുള്ള കുരിശൊക്കെ എണ്റ്റെ തലേല്‍ക്കാണല്ലോ വരണത്‌. ഇനിയിപ്പോ അതിനു കാശുണ്ടാക്കനുള്ള വഴി ഞാന്‍ നോക്ക്ക്കണമെന്ന്‌. എണ്റ്റെ കാലിണ്റ്റെ വെരല്‌ തൊട്ട്‌ തലേടെ ഓടുവരെ തരിച്ചുവന്നു.

കൊറേ നാളായിട്ട്‌ ഇതിണ്റ്റെ പിന്നാലെ കെടന്ന്‌ ഓട്ടമാണ്‌. മര്യാദക്കൊന്നൊറങ്ങീട്ട്‌ തന്നെ നാള്‌ കൊറച്ചായി. ഒറങ്ങാന്‍ കെടന്നാല്‍ സ്വപ്നം കാണണത്‌ കുടിക്കടൊം, മാനേജരുടെ ഓഞ്ഞ മോന്തയും ഒക്കെയാണ്‌. അതിനെടക്കാണിയാളുടെ വക ഈ ഉടായ്പ്പ്.

ഞാന്‍ ഈ കച്ചോടം ഒഴിയാണെന്ന്‌ രണ്ടും കല്‍പ്പിച്ചൊരടി ഞാന്‍ അടിച്ചു. അതേറ്റു.

ഉസ്മ്മാനിക്കയും ഇപ്പളത്തെ ഓണറും തമ്മില്‍ എഴുതിയ കരാറിണ്റ്റേം കാലാവധി കഴിയാറായിട്ടുണ്ട്‌. ഇതു നടന്നില്ലേല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട്‌ അങ്ങേര്‌ വേറെ ആളെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ മൊത്തം കാശ്‌ കൊടുത്ത്‌ അതു വാങ്ങണം. അതു രണ്ടും തല്‍ക്കാലം നടക്കില്ലെന്നുറപ്പുള്ളതോണ്ട്‌ പുള്ളി ടോണ്‍ മാറ്റി.

ഒരു കോമ്പ്രമൈസില്‍ പുള്ളി തല്‍ക്കാലം കാശ്‌ കൊടുക്കാം എന്നേറ്റു. കണ്ടീഷന്‍ എന്താന്നു വെച്ചാല്‍, രെജിസ്ട്രേഷനു നാലു ദിവസം മുന്‍പ്‌, ലോണ്‍ എടുക്ക്ക്കണതും അഡ്വാന്‍സ്‌ കൊടുത്തതും കഴിച്ച്‌ ബാക്കി ഉള്ള കാശ്‌ ഞാന്‍ കൊടുക്കണം. തെറ്റില്ലാത്ത ഒരാവശ്യം എന്നു തോന്നിയതോണ്ട്‌, ഞാന്‍ സമ്മതിച്ചു.

അങ്ങനെ ഒരു വിധത്തില്‍ എല്ലാം ശരിയായി രെജിസ്ട്രേഷണ്റ്റെ ഡേറ്റും തീരുമാനമായി.

ആധാരം എഴുതലും അതിണ്റ്റെ ഡ്രാഫ്റ്റ്‌ വക്കീലിനെ കൊണ്ട്‌ വെരിഫൈ ചെയ്യിക്കലും പിന്നെ തെറ്റുതിരുത്തലും അതു പിന്നേം വക്കീലിനെ കാണിക്കലും ഒക്കെയായി ഒരു രണ്ടുമൂന്നു വരവു കൂടെ വരേണ്ടിവന്നു. കാര്യങ്ങള്‍ ക്ളൈമാക്സിലേക്ക്ക്കടുത്തു.

രംഗം....ആ, എത്രയാണാവോ.

സ്ഥലം വീണ്ടും ബാങ്ക് തന്നെ. അല്ലാണ്ടെവിടെ പോവാന്‍.

രെജിസ്ട്രേഷണ്റ്റെ അന്ന്‌ രാവിലെയാണ്‌ ലോണ്‍ പ്രൊസസ്സ്‌ ചെയ്യണത്‌. DD ആയിട്ടാണ്‌ തരണതെന്ന്‌ നേരത്തേ പറഞ്ഞിരുന്നു. രാവിലെ തന്നെ കുളിച്ച്‌ (സത്യമായിട്ടും) കുട്ടപ്പനായി ബാങ്കില്‍ ചെന്നു. കാര്യത്തിലേക്ക്‌ കടന്നു. എഴുത്തുകുത്തുകളും ഒപ്പിടല്‍ മഹാമഹവും ഒക്കെ കഴിഞ്ഞു. DD എടുക്കാന്‍ ഉള്ള സമയമായി.

എന്തോ ഒരു വശപ്പെശക്‌. മാനേജരും വേറേ ഒരാളും തമ്മില്‍ എന്തൊക്കെയോ സംഭാഷിക്കുന്നു, തര്‍ക്കിക്കുന്നു...ഉറപ്പായി. ഒരു പണി വരുന്നുണ്ട്‌. നമ്മുടെ ടൈം നല്ലതാണല്ലോ. സംശയം വെറുതെയായില്ല.

"താന്‍ ബാക്കി കാശ്‌ അക്കൌണ്ടില്‍ ഇട്ടിട്ടില്ലേ?"

എനിക്കൊന്നും മനസ്സിലായില്ല. അവരെനിക്കല്ലേ കാശ്‌ തരാന്‍ പോണത്‌. ഞാന്‍ എന്തിനവിടെ കാശിടണം?

"ബാക്കി കാശാ? എന്തു കാശ്‌?"

"അഡ്വാന്‍സ്‌ തുക കഴിച്ച്‌ ഈ ആധാരത്തില്‍ പറഞ്ഞിരിക്കണ മൊത്തം തുകക്കാണ്‌ DD തരണത്‌. അപ്പൊ ലോണിണ്റ്റെ തുക കഴിഞ്ഞ്‌ ബാക്കി കാശ്‌ ഇവിടെ അക്കൌണ്ടില്‍ ഇടണം"

ഇതികര്‍തവ്യാമൂഠന്‍ എന്ന വാക്കിണ്റ്റെ അര്‍ത്ഥം എനിക്കന്നു വരെ ശരിക്കറിയില്ലായിരുന്നു. ആരും പറഞ്ഞു തരാതെ തന്നെ, ആ നിമിഷത്തില്‍ എനിക്കതിണ്റ്റെ അര്‍ത്ഥം ശരിക്കും മനസ്സിലായി.

"അല്ല സാറെ...ഞാന്‍ ആ കാശ്‌ അവര്‍ക്ക്‌ നേരത്തെ തന്നെ കൊടുത്തു. ഇനിയിപ്പൊ അത്രെം കാശ്‌ ഇവിടെ കൊണ്ടന്നിടാന്‍.... "

"തന്നൊടാരു പറഞ്ഞു നേരത്തേ കേറി കാശ്‌ കൊടുക്കാന്‍"

"തന്ടപ്പന്‍"

പറഞ്ഞില്ല. പറഞ്ഞെനെ...നാവിണ്റ്റെ തുമ്പു വരെ എത്തി. വിഴുങ്ങി. അങ്ങെര്‌ മാനെജരും ഞാന്‍ ലോണേജരും ആയിപ്പോയില്ലേ.

"ഇങ്ങിനൊരു സംഭവം എന്നോടു നേരത്തേ പറഞ്ഞില്ലല്ലോ സാറേ" സാറെന്നുള്ളതിണ്റ്റെ സാ കുറചു ലൈറ്റ്‌ ആയും റേ മാക്സിമത്തിലും ആയിരുന്നു.

"ഇതു ബാങ്കിണ്റ്റെ റൂളാണ്‌. നമ്മളെന്തു ചെയ്യും?"

അതെ...അതാണ്‌. പാവപ്പെട്ട നമ്മക്കുവേണ്ടി റൂള്‍ ഒന്നുമില്ലല്ലോ...നമ്മക്കിട്ടു പണിതരാനാണെങ്കില്‍ ഇഷ്ടം പോലെ റൂളുകള്‍ ഉണ്ടുതാനും.

"സാറെന്താ പറഞ്ഞു വരണത്‌? നിന്ന നിപ്പില്‍ ഇത്രെം കാശുണ്ടാക്കാന്‍ എന്തായലും എന്നെക്കൊണ്ട്‌ പറ്റില്ല. അങ്ങനെ കഴിവുണ്ടെങ്കില്‍ ഞാനിവിടെ ലോണിനു വരണ്ട കാര്യമില്ലല്ലോ. എനിക്ക്‌ തന്നെ അങ്ങട്‌ ഒണ്ടാക്കിയല്‍ പോരേ? അപ്പോ ഇന്ന്‌ രെജിസ്ട്രേഷന്‍ നടക്കില്ലെന്നാണോ?"

അങ്ങേരൊന്നും മിണ്ടിയില്ല. സ്വഭാവികമായും എനിക്കാവേശം കൂടി. അങ്ങോരുടെ ബാക്ഗ്രൌണ്ട്‌ ഒന്നും അറിയില്ലായിരുന്നു. അല്ലെങ്കില്‍ "അന്നു ഞാന്‍ കണ്ണൂര്‌ DYFI" എന്നൊക്കെ കാച്ചാമായിരുന്നു. ഈ സുരേഷ്‌ ഗോപിയെ ഒക്കെ സമ്മതിക്കണം. എല്ലാവരുടെം ബക്ക്ഗ്രൌണ്ട്‌ വിവരങ്ങളെല്ലാം പുള്ളിക്കറിയാം. എന്തായാലും ഞാന്‍ എന്തൊക്കെയോ ന്യായം വിളമ്പി.

എല്ലാം കേട്ടുകഴിഞ്ഞപ്പോ മാനേജരുകോന്തന്‍ പിന്നേം അകത്തുപോയി, വേറെ ആരാണ്ടൊക്കെയായി എന്താണ്ടൊക്കെയോ സംസാരിച്ചിട്ട്‌ തിരിച്ചുവന്നു. അകത്തു നടന്ന സംസരത്തിണ്റ്റെ ഫലമായി ആവശ്യമുള്ള തുകക്ക്‌ മാത്രം DD തരാന്‍ അങ്ങോര്‌ സമ്മതിച്ചു. ഇപ്പോ റൂളൊന്നും പ്രശ്നമില്ലേ എന്നൊരു ന്യായമായ സംശയാം ജന്‍മനാ ഉള്ള വിവരക്കേടുകൊണ്ട്‌ എണ്റ്റെ വായില്‍ വന്നു. പക്ഷെ സാഹചര്യം മനസ്സിലാക്കാനുള്ള കഴിവ്‌ ആ ബാങ്കില്‍ നിന്നു തന്നെ എണ്റ്റെ നാവ്‌ നേടിയിരുന്നു. അതോണ്ട്‌ ചോദിച്ചില്ല.

അങ്ങോരുടെ മനസ്സ്‌ പെട്ടെന്ന് മാറിയതെങ്ങിനെ എന്നെനിക്കിന്നും അറിയില്ല. എന്തായാലും അന്നു കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു. ഒരുപക്ഷേ അന്നും നടന്നില്ലെങ്കില്‍ ഞാന്‍ ചിലപ്പോ ഈ പരിപാടി തന്നെ വേണ്ടെന്നു വെച്ചേനെ. അതിനുശേഷം ബാങ്കെന്നും ലോണെന്നും കേള്‍ക്കുമ്പോള്‍ ഇന്നും ഒരു...ഒരു മാതിരി ഇതാണ്‌...യേത്‌...ആ, അത്‌ തന്നെ.