ശശിയേട്ടന് ഒരു ശരാശരി ചെമ്മാപ്പിള്ളിക്കാരന്‍. ജിമ്മ് ശശി എന്നു പറഞ്ഞാലേ ജനങ്ങള്‍ അറിയൂ. അധവാ ജനങ്ങള്‍ അറിഞ്ഞാലും ശശിയേട്ടന്‍ വിളികേള്‍ക്കണമെങ്കില്‍ ജിമ്മെന്നു തന്നെ വിളിക്കണം. ഇതു വെറും ഇരട്ടപ്പേരല്ല. ശശിയേട്ടന്‍ യഥാര്‍ഥത്തില്‍ ജിമ്മാകുന്നു. വിവാഹിതന്‍. ആ വകയില്‍ നാലു പിള്ളേരുടെ അച്ചന്‍. ജോലി തെങ്ങുകയറ്റം. കൂലി രണ്ടുതരത്തിലാണ്. ശശിയേട്ടന്‍ ഫിറ്റാണെങ്കില്‍ പുള്ളിക്ക് അപ്പോള്‍ തോന്നുന്നതാണ് കൂലി. പച്ചക്കാണെങ്കില്‍ നാട്ടുനടപ്പനുസരിച്ചുള്ളതു മതി.
ശശിയേട്ടന്‍ പൊതുവെ ഷര്‍ട്ടിടാറില്ല. അതു സല്‍മാന്‍ഖാനെപ്പോലെ മസിലുകാണിക്കാന്‍ ആണെന്ന് അസൂയക്കാര്‍ പറയാറുണ്ടെങ്കിലും പുള്ളി അതു മൈന്റ് ചെയ്യാറില്ല. കാരണം മസില്‍ ശശിയേട്ടനും താല്‍പ്പര്യമുള്ള കാര്യമാണ്. മസില്‍ കാണിക്കുന്നത് തന്റെ മൗലികാവകാശമായി ശശിയേട്ടന്‍ കണക്കാക്കിയിരുന്നു.
കള്ളുകഴിഞ്ഞാല്‍ ശശിയേട്ടനേറ്റവും ഇഷ്ടമുള്ളത് ആനയും സിനിമയുമാണ്. ആനേശ്വരം അമ്പലത്തില്‍ ആനയുള്ള എന്ത് പരിപാടിയുണ്ടായാലും ശശിയേട്ടന്‍ രംഗത്തുണ്ടാകും. അന്നു ശശിയേട്ടന്‍ പതിവില്‍ കൂടുതല്‍ വെള്ളമടിക്കും. വേറൊന്നിനുമല്ല, ഒരു ധൈര്യത്തിന്. കാര്യം ജിമ്മാണെങ്കിലും ആന ചവിട്ടിയാല്‍ പോയില്ലേ. ആ ചിന്തയൊന്നു മനസ്സീന്നു പോയിക്കിട്ടാന്‍. ചുമ്മാ അവിടെ ഉണ്ടാകുമെന്നു മാത്രമല്ല. ആനയുടെ തോട്ടി പിടിച്ചു ആനയുടെ ഒപ്പം തന്നെയുണ്ടാകും. ശശിയേട്ടനെ താങ്ങിക്കൊണ്ട് യ്ഥാര്‍ഥ പാപ്പാന്‍ പുറകെയും.
വെങ്ങാലി ഗോപിയേട്ടന്റെ പറമ്പിലെ തെങ്ങിന്റെ മുകളിലിരുന്നാണ് ശശിയേട്ടന്‍ താഴെ നിന്നാരോ പറയണകേട്ടത്. തൃപ്രയാര്‍ ചേലൂര്‍ മനയില്‍ ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കണുണ്ടത്രെ. ഈ ഡയലോഗ് ചെവിയില്‍ വീണതിനുശേഷമുള്ള തേങ്ങവെട്ട് ചാര്‍ളിചാപ്ലിന്റെ സിനിമയിലെ സീനുകള്‍ പോലെ ഒരു ഫാസ്റ്റ് ഫോര്‍വേഡ് മോഡിലായിരുന്നു. തേങ്ങയേക്കാള്‍ കൂടുതല്‍ ഇളനീര് വെട്ടിയിട്ട് പെട്ടെന്ന് പണിതീര്‍ത്ത് ശശിയേട്ടന്‍ തെങ്ങുകയറ്റയൂണിഫോമില്‍ തന്നെ ചേലൂര്‍ മനയിലേക്ക് സൈക്കിളില്‍ വെച്ചുപിടിച്ചു.
ഒരു സ്റ്റണ്ട്‌സീനില്‍ പോലീസ് വേഷമിടാന്‍ വേണ്ടി രണ്ട് എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ അന്വേഷിച്ച് നിന്നിരുന്ന ഒരു സഹസംവിധായകന്റെ (ഇവിടുന്നങ്ങോട്ട് സഹന്‍ എന്നു പറയാം. മൊത്തം എഴുതാന്‍ നിന്നാല്‍ മൊതലാവില്ല.) കണ്ണ് ശശിയേട്ടന്റെ മസിലില്‍ തട്ടി സഡന്‍ബ്രേക്കിട്ടുനിന്നു. സഹന്‍ ശശിയേട്ടനെ ഷാജികൈലാസിനു ചൂണ്ടിക്കാണിച്ചുകൊടുത്തു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഷാജിക്കും ആളെ ഇഷ്ടപ്പെട്ടു. പിടിക്കുന്നത് പുലിയുടെ വാലിലാണെന്നറിയാതെ സഹന്‍ ചെന്ന് ശശിയേട്ടനോട് കാര്യം പറഞ്ഞു.
"സിനിമയില്‍ അഭിനയിക്കാമോ? രണ്ടുമൂന്ന് സീനുണ്ട്. പോലീസ് ഡ്രെസ്സിലാണ്"
ശശിയേട്ടന് കുറച്ചുനേരത്തെക്ക് സൗണ്ട് പുറത്തുവന്നില്ല. സൗണ്ട് വന്നപ്പോള്‍ വാക്കുകള്‍ വന്നില്ല. ഒടുവില്‍ എല്ലാം കൂടി വന്നപ്പോളേക്കും ശശിയേട്ടന്റെ ബോധം പോയിരുന്നു.
ഇത്രേം കണ്ടപ്പോ സഹന്‍ ഇട്ടേച്ച് പോയി. വേറെ രണ്ടുപേരെ തപ്പിപ്പിടിച്ച് മേക്കപ്പ് ഇടുവിക്കാന്‍ വിട്ടു. സഹന്റെ കഷ്ടകാലം. ശശിയേട്ടന്റെ നഷ്ടപ്പെട്ടുപോയ ബോധം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. തന്റെ മസിലിനു നന്ദി പറഞ്ഞുകൊണ്ട് ശശിയേട്ടന്‍ സഹന്റെ അടുത്തെക്ക് ചെന്നു.തനിക്കുപകരം വേറെ ആളെ വെച്ചെന്നറിഞ്ഞ ശശിയേട്ടന്‍ ഞെട്ടി. ശശിയേട്ടന്റെ തനിസ്വഭാവം പുറത്തുവന്നു. വേലിയിലിരുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെച്ചെന്നു പറഞ്ഞ അവസ്ഥയായി സഹന്റേത്. ലോക്കല്‍സിനോടു കളിക്കുന്നത് പന്തിയല്ലെന്നു മനസ്സിലാക്കിയ സഹന്‍ സ്ക്രിപ്റ്റില്‍ ഒരു പോലീസുകാരനെ കൂടി കയറ്റി. അങ്ങിനെ ചെമ്മാപ്പിള്ളിയില്‍ നിന്നും ആദ്യമായൊരാള്‍ സിനിമയില്‍ മേക്കപ്പിട്ടു. ചെമ്മാപ്പിള്ളി പുളകം കൊണ്ടു.
പിടിച്ചതിലും വലുത് അളയിലാണെന്ന് സഹന് മനസ്സിലായത് ശശിയേട്ടന്‍ കാമറക്കുമുന്നില്‍ വന്നപ്പോളായിരുന്നു. പൂക്കാട്ട് ശശി വക കണ്ടീഷന്‍ നമ്പര്‍ വണ്‍. തനിക്കു സ്റ്റണ്ട് സീനില്‍ ഷര്‍ട്ടിടാതെ അഭിനയിക്കണം. പോലീസുകാരന്റെ വേഷമാണെന്നും യൂണിഫോം എന്തായാലും ഇടണം എന്നും ഒരുവിധം പുള്ളി പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ ശശിയേട്ടന്‍ അതിനും വകുപ്പുണ്ടാക്കി. സ്റ്റണ്ടിനിടയില്‍ ഏതെങ്കിലും ഗുണ്ട തന്റെ യൂണിഫോം വലിച്ചു കീറട്ടെ. സഹന്റെ ക്ഷമകെട്ടു. ശശിയേട്ടനെ ഭൂജാതനാക്കിയ മാതാപിതാക്കളെ പുള്ളി മനസ്സാ ശപിച്ചു. ഒരുവിധത്തില്‍ എല്ലാം പറഞ്ഞ് സെറ്റില്‍മെന്റാക്കി ഷൂട്ടിംഗ് തുടങ്ങി.
ചെമ്മാപ്പിള്ളിയില്‍ ശശിയേട്ടന്റെ ഗ്ലാമര്‍ കൂടി. സിനിമാവിശേഷങ്ങള്‍ അറിയാന്‍ വരുന്ന സാധാരണക്കാരായ അയല്‍ക്കാരെ "ആരാധകരുടെ ശല്യം" എന്നുപറഞ്ഞ് ശശിയേട്ടന്‍ മൈന്റ് ചെയ്യാതായി. "സ്റ്റാര്‍ട്ട് കാമറ ആക്ഷന്‍" എന്നു കേള്‍ക്കാതെ ശശിയേട്ടന് തെങ്ങില്‍ കയറാന്‍ പറ്റില്ലെന്നായി. ശിവം എന്ന സിനിമയില്‍ അഭിനയിക്കുന്നത് ആരൊക്കെ എന്ന ചോദ്യത്തിന് "ജിമ്മും ബിജുമേനോനും പിന്നെ വേറെ കുറെ പേരും" എന്നു ചെമ്മാപ്പിള്ളിക്കാര്‍ മറുപടി പറയാന്‍ തുടങ്ങി.
ഷൂട്ടിംഗ് തീര്‍ന്ന് സിനിമാക്കാരെല്ലാം തിരിച്ചുപോയി. സിനിമ റിലീസാകാന്‍ ശശിച്ചേട്ടന്‍ അക്ഷമനായി കാത്തിരുന്നു. ഒടുവില്‍ ആ സുദിനം വന്നെത്തി. ശിവം റിലീസായി.
ചെമ്മാപ്പിള്ളിയുടെ സ്വന്തം താരം ജിമ്മ് ശശി കിട്ടാവുന്നത്രേം ബന്ധുക്കളെയും നാട്ടുകാരെയും വാരിക്കൂട്ടി സ്വന്തം ചിലവില്‍ സിനിമ കാണിക്കാന്‍ കൊണ്ടുപോയി. സിനിമാതാരങ്ങള്‍ക്കുപോലും ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ട വൃത്തികെട്ട സമ്പ്രദായത്തെ പഴിച്ചുകൊണ്ട് ശശിയേട്ടന്‍ ക്യൂ നിന്നു. ഒരുവിധം തിക്കിത്തിരക്കി ടിക്കറ്റും എടുത്ത് അകത്തുകയറി.
സിനിമ തുടങ്ങി...ഇന്റര്‍വെല്ലായി...ക്ലൈമാക്സായി....സിനിമ തീര്‍ന്നു...ശശിയേട്ടനെ മാത്രം ആരും കണ്ടില്ല...പടം തീര്‍ന്നു എന്ന ദുഖസത്യം അംഗീകരിക്കാന്‍ ശശിയേട്ടന് മനസ്സുവന്നില്ല. ഒടുവില്‍ മാനം രക്ഷിക്കാന്‍ ശശിയേട്ടന്‍ പറഞ്ഞു
"ആ സ്റ്റണ്ട്‌സീനില്‍ ബിജുമേനോനെ പിന്നില്‍നിന്നും പിടിച്ചുമാറ്റുന്ന കൈ എന്റെയാ".
എന്താണേലും ഒരുപകാരം ഉണ്ടായി. ചെമ്മാപ്പിള്ളിക്കാരാരും ഇപ്പോള്‍ ശശിയേട്ടനോട് "എന്നാടാ തെങ്ങുകയറാന്‍ വരണത്" എന്നു ചോദിക്കാറില്ല.. പകരം "നെന്റെ ഡെയിറ്റൊന്നു വേണമല്ലോടാ" എന്നേ പറയാറുള്ളൂ.