Mar 13, 2009

നവാസ്‌ ഷെറീഫും വലപ്പാട്‌ സര്‍ക്കിളും പിന്നെ ഞാനും

1999 ജൂലൈ മാസം പന്ത്രണ്ടാം തീയതി. ത്രിപ്രയാര്‍ ശ്രീരാമാ പോളിയിലെ ഞാനടക്കമുള്ള കുറേ വിദ്യാര്‍ഥികളുടെ രാജ്യസ്നേഹം പെട്ടെന്ന്‌ കുളുകുളു ശബ്ദത്തോടെ കുതിച്ചുയര്‍ന്നു.കാരണം മറ്റൊന്നുമല്ല, കാര്‍ഗില്‍ തന്നെ. എല്ലാവര്‍ക്കും വെളിപാടുണ്ടാകുന്നു, നവാസ്‌ ഷെരീഫിണ്റ്റെ കോലം കത്തിക്കണം. അതില്‍ കുറഞ്ഞൊരു ശിക്ഷയും ആര്‍ക്കും സ്വീകാര്യമല്ല. 

പിന്നൊന്നും ആലൊചിച്ചില്ല. നേരെ തുഷാരയില്‍ പോയി രണ്ടെണ്ണം വിട്ടു. (അതിപ്പോ കുറെ ആലോചിച്ചിട്ടാണെങ്കിലും ഇതുതന്നെയേ ആദ്യം ചെയ്യൂ. ) 

തിരിച്ചുവന്ന്‌ ആലോചനായോഗം കൂടി,എന്തൊക്കെ ചെയ്യണമെന്നു തീരുമാനിച്ചു. പരിപാടി കഴിഞ്ഞിട്ട്‌ ഏതു ബാറില്‍ പോണം, ഏതു ബ്രാണ്റ്റടിക്കണം എന്നൊക്കെ തീരുമാനിച്ചു. അവസാനം, എന്നാപ്പിന്നെ കോലം കത്തിച്ചേക്കാം എന്നും പറഞ്ഞ്‌ യോഗം അവസാനിപ്പിച്ചു. കോലം ഉണ്ടാക്കുന്ന ചുമതല, പിരമിഡ്‌ തലയന്‍ എന്നറിയപ്പെട്ടിരുന്ന അനൂപിനെ ഏല്‍പ്പിച്ചു. കോലം കത്തിക്കാന്‍ പെര്‍മിഷന്‍ വാങ്ങേണ്ട ചുമതല എനിക്കും.

 ജോണിസാറ്‌ റിട്ടയര്‍ ചെയ്ത ഗ്യാപ്പില്‍ ഉണ്ണിരാജന്‍ സാറാണ്‌ അപ്പോള്‍ പ്രിന്‍സിപ്പലായി അഭിനയിച്ചോണ്ടിരുന്നത്‌. (ആക്റ്റിംഗ്‌ പ്രിന്‍സിപ്പല്‍). പോളിയുടെ ഉള്ളില്‍ വെച്ച്‌ കോലം കത്തിക്കാന്‍ പുള്ളീടെ സമ്മതം കിട്ടണം. സാറമ്മാരുമായി വളരെ നല്ല റിലേഷന്‍ ആയിരുന്നതോണ്ട്‌ പുള്ളി സമ്മതിക്കില്ലെന്ന്‌ ഏതാണ്ടുറപ്പായിരുന്നു.

 പിന്നത്തെ ഓപ്ഷന്‍ പോളിക്കു പുറത്ത്‌ വെച്ച്‌ കത്തിക്കലാണ്‌. അതിനു പെര്‍മിഷന്‍ വാങ്ങേണ്ടത്‌ വലപ്പാട്‌ സര്‍ക്കിളിണ്റ്റെ കയ്യീന്നാണ്‌. അതും ഞാന്‍ നിസ്സാരമായി ഏറ്റെടുത്തു. ചീള്‌ കേസ്‌. അവിടെപ്പോയി സംസാരിച്ചിട്ട്‌ ഇനിയിപ്പോ സര്‍ക്കിളെങ്ങാനും സമ്മതിച്ചില്ലെങ്കില്‍ പുള്ളീടെ മൊഖത്തുനോക്കി "മോഹന്‍ തോമസ്സിണ്റ്റെ ഉച്ചിഷ്ടം, അമേദ്യം, ആസനം" എന്നൊക്കെ പറയണമെന്നും ഞാന്‍ തീരുമാനിച്ചു. 

പോയാല്‍ ഒരു വാക്ക്‌, കിട്ടിയാല്‍ ഒരൊലക്ക എന്ന മട്ടില്‍ ഉണ്ണിരാജന്‍ സാറിനോട്‌ ചോദിച്ചുനോക്കാന്‍ വേണ്ടി ഞാന്‍ പുള്ളീടെ റൂമില്‍ ചെന്നു കാര്യം പറഞ്ഞു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ എരിതീയില്‍ ഒഴിക്കാനുള്ള എണ്ണ സ്പോണ്‍സര്‍ ചെയ്യണത്‌ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെണ്റ്റിലെ സിദ്ധാര്‍ത്ഥന്‍ സാറാണ്‌. അന്നും ഒരു കന്നാസ്‌ എണ്ണ ആ നല്ല മനുഷ്യന്‍ ഇതിനുവ്വേണ്ടി കരുതിവെച്ചിരുന്നു. പുള്ളി ഇടക്കിടക്ക്‌ എണ്ണയൊഴിച്ചുകൊടുത്തതിണ്റ്റെ ഫലമായി ആദ്യം ഒരു പാതിമനസ്സില്‍ നിന്നിരുന്ന ഉണ്ണിസാറ്‌ ഒടുവില്‍ പൂര്‍ണ്ണമനസ്സോടെ എന്നെ ഗെറ്റൌട്ടടിച്ചു. 

"ഞാന്‍ സമ്മതിച്ചിട്ട്‌ നിങ്ങളിവിടെ കോലം കത്തിക്കില്ല" 

ഇത്‌ നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നതോണ്ട്‌ കേട്ടപാടെ ഞാന്‍ "ശരി സാര്‍" എന്നും പറഞ്ഞ്‌ തിരിച്ചുനടന്നു. സാറ്‌ പക്ഷേ കണ്‍ഫ്യൂഷനായി. സാര്‍ സമ്മതിച്ചില്ലെങ്കിലും കോലം കത്തിക്കുമെന്നാണോ അതോ ഞങ്ങളാ പരിപാടി ഉപേക്ഷിച്ചെന്നാണോ, സാറിനൊന്നും മനസ്സിലായില്ല. പുള്ളി എന്നെ തിരിച്ചുവിളിച്ചു. 

"എന്നിട്ട്‌ താനിപ്പോ എവിടെക്കാ?"

 "പോലീസ്‌ സ്റ്റേഷനില്‍ക്ക്‌" 

ഇപ്പോ സാറൊന്നു കിടുങ്ങി. നവാസ്‌ ഷറീഫിണ്റ്റെ കോലം കത്തിക്കാന്‍ സമ്മതിക്കാത്തതിന്‌ സാറിനെ ഒരു രാജ്യദ്രോഹിയാക്കി അകത്താക്കാനുള്ള അടവാണെന്നെങ്ങാനും കരുതിക്കാണും. ആ ഒരു ടെന്‍ഷന്‍ അടുത്ത ചോദ്യത്തിലുണ്ടായിരുന്നു.

 "എന്തിന്‌? അതിനിപ്പോ എന്തിനാ പോലീസ്‌ സ്റ്റേഷന്‍?" 

"പോളീടെ പൊറത്തുവെച്ച്‌ കോലം കത്തിക്കാന്‍ സാറിണ്റ്റെ പെര്‍മിഷന്‍ വേണ്ട. സര്‍ക്കിളിണ്റ്റെ സമ്മതം കിട്ടിയാല്‍ മതി"

 എണ്റ്റെ അപ്പളത്തെ വര്‍ത്തമാനം കേട്ടപ്പൊ സര്‍ക്കിള്‍ എന്നു പറയണത്‌ എണ്റ്റെ അളിയനെങ്ങാനും ആണെന്ന്‌ സാറ്‌ കരുതീട്ടുണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. അവിടുന്ന്‌ നേരെ കാണ്റ്റീനില്‍ എത്തി അവിടിരുന്ന്‌ അപേക്ഷേം എഴുതി ഞാനും അരുണും കൂടി സ്റ്റേഷനിലേക്ക്‌ പോകാനിറങ്ങി. ആ നേരത്താണ്‌ ശശിയേട്ടണ്റ്റെ വക ഒരു ബോംബ്‌. 

"ഡാ, സൂക്ഷിച്ചും കണ്ടും നിന്നോട്ടാ...പുതിയ സര്‍ക്കിളാ. ആള്‌ നല്ല ചൂടനാ. നമ്മടെ കോഴിക്കോടന്‍ പ്രസാദിനെ പിടിച്ചിട്ട്‌ നട്ടെല്ലൂരി ലാത്തിയാക്കീട്ടാ വിട്ടേ"

 കോഴിക്കോടന്‍ പ്രസാദ്‌ എന്നറിയപ്പെടുന്ന വ്യക്തി പോളീടെ അടുത്തുള്ള കോളനീലെ അത്യാവശ്യം കൊള്ളാവുന്ന ഒരു ഗുണ്ടയാണ്‌. കണ്ടാല്‍ നല്ലൊരു ജിംഡന്‍. അങ്ങോര്‍ക്കാ ഗതിയണെങ്കില്‍...ദൈവമേ...ഞങ്ങളു രണ്ടും സ്മോളുമടിച്ചിട്ടാണീ പോക്ക്‌. നട്ടെല്ല്‌ സെപ്പറേറ്റ്‌ ഊരിയൊന്നും എടുക്കണ്ട. ചെവിയില്‌ മൂന്നുവട്ടം ലാത്തി ലാത്തീന്ന്‌ വെറുതെ പറഞ്ഞാല്‍ മതി ഞങ്ങളെ ലാത്തിയാക്കാന്‍. അതിനുള്ള ശരീരഘടനയേ രണ്ടെണ്ണത്തിനും ഉള്ളൂ. 

"പിന്നെ ഇന്നലെ എസ്സെന്‍ കോളേജില്‌ അടീണ്ടാക്കിട്ട്‌ കൊണ്ടോയോര്‍ക്കൊക്കെ നല്ല ചാമ്പ്‌ കിട്ടീണ്ട്ന്ന്‌ പറയണകേട്ടു"

 ശശിയേട്ടന്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്‌. ഈ പണ്ടാറക്കാലനിതൊക്കെ നേരത്തേ പറയാരുന്നില്ലേ. എന്നാല്‍ നൈസായിട്ട്‌ ഇതു വേറെ വല്ലോരുടേം തലേല്‍ വെക്കാരുന്നു. ഇനി രക്ഷയില്ല. എന്തായാലും കുളിച്ചു. ഇനിയിപ്പോ തോര്‍ത്തീട്ടു കേറാം. നേരേ വണ്ടിവിട്ടു.

 അത്രേം നേരം ഇതൊരു നിസ്സാരസംഭവമായി കണ്ടിരുന്ന ഞങ്ങള്‌ രണ്ടുപേരും ഒരു മരിച്ചടക്കിനുപോണപോലെയായിരുന്നു ഏതാണ്ട്‌. 

സ്റ്റേഷനിലെത്തി. കുറച്ചുനേരം ഡൌട്ടടിച്ച്‌ നിന്ന്‌ വലിഞ്ഞുകേറിച്ചെന്നു. സര്‍ക്കിളിണ്റ്റെ റൂമിണ്റ്റെ മുന്നില്‍ വെയിറ്റ്‌ ചെയ്യണസമയത്ത്‌ തെങ്കാശിപ്പട്ടണത്തില്‍ ദിലീപ്‌ ചോദിക്കണപോലെ "ഈ കണ്ണന്‍ മൊതലാളി ആളെങ്ങനാ" എന്ന്‌ ഏതേലും കോണ്‍സ്റ്റബിളിനോട്‌ ചോദിച്ചാലോ എന്നോര്‍ത്ത്‌ ഞാന്‍ നിക്കുമ്പോ റൂമീന്നൊരു സൌണ്ട്‌. 

"നിണ്റ്റപ്പണ്റ്റെ വകയാണോടാ ഹൈവേ നിനക്കൊക്കെ തോന്നിയേടത്ത്‌ കൊണ്ട്‌ ഫ്ളക്സ്‌ വെക്കാന്‍? ഇന്നു തന്നെ അഴിച്ചുമാറ്റണം"

 അപ്പൊ അതിനൊരു തീരുമാനമായി...ഹൈവേയില്‍ ഫ്ളക്സ്‌ വെച്ചതിന്‌ ഈ ജാതി തെറിയാണെങ്കില്‍ വഴീലിട്ട്‌ കോലം കത്തിക്കാന്‍ പോണവനിട്ട്‌ ഇടിയൊറപ്പ്‌. "ലോക്കപ്പ്‌ മര്‍ദ്ദനം, പോളിവിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു" എന്നൊരു പത്രവാര്‍ത്ത എണ്റ്റെ മനസ്സില്‍ മിന്നി. ആ സംഭവം വല്ല്യ കോളിളക്കമാകുന്നതും പിന്നെ ഷാജി കൈലാസ്‌, രണ്‍ജി പണിക്കര്‍ ടീം അതു സിനിമയാക്കുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു. ആ സിനിമയില്‍ എണ്റ്റെ റോള്‍ ചെയ്യണതാരാകും എന്നോര്‍ത്തോണ്ട്‌ നിക്കുമ്പോ അരുണിണ്റ്റെ ശബ്ദം.

 "ഡാ, ദേ വിളിക്കണ്‌"

 അവണ്റ്റെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ എണ്റ്റെ പെങ്ങടെ കല്യാണം വിളിക്കാന്‍ വന്നതാണെന്ന്‌. വിളിക്കണ കേട്ടെങ്കില്‍ അവനു പോയി കാര്യം പറഞ്ഞിട്ടുപോന്നാല്‍ പോരെ...കണ്ണീച്ചോരയില്ലാത്തവന്‍. വിളിച്ചില്ലേ, ഇനി പോകാതെ പറ്റില്ലല്ലോ.

 പോളിന്ന്‌ സ്റ്റേഷന്‍ വരെ അഞ്ചുമിനിട്ട്‌ കൊണ്ടെത്തിയ ഞങ്ങള്‍ ഏതാണ്ട്‌ അത്രേം തന്നെ നേരമെടുത്തു റൂമിണ്റ്റെ പൊറത്തൂന്ന്‌ അകത്തെത്താന്‍. ചെന്നയുടെനെ കയ്യിലുള്ള അപേക്ഷ മേശപ്പുറത്ത്‌ വെച്ച്‌, ബസ്‌ സ്റ്റാണ്റ്റില്‍ നിര്‍ത്തിയിട്ടിരിക്കണ ബസ്സില്‍ വെള്ളപ്പൊക്കം,കൊടുങ്കാറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ കാര്‍ഡ്‌ വെച്ച്‌ കാശുവാങ്ങാനിറങ്ങണവരുടെ പോലെ, ഒരു ബന്ധവുമില്ലത്ത മട്ടില്‍ ഞങ്ങള്‍ നീങ്ങി നിന്നു. അതിനുശേഷമാണ്‌ ആളുടെ മുഖത്തേക്കുതന്നെ നോക്കിയത്‌. ഈശ്വരാ...കീരീക്കാടന്‍ ജോസിന്‌ ഭീമന്‍ രഘുവിലുണ്ടായ പോലൊരു മൊതല്‌. ഈ സാധനത്തിണ്റ്റേന്നാണോ പെര്‍മിഷന്‍ വാങ്ങാന്‍ പോണത്‌. ചെറിയരീതിയില്‍ ഒരു വിറ. പോരാത്തേന്‌ സ്മോളിണ്റ്റെ സ്മെല്ലടിക്കുമോന്നുള്ള പേടീം... 

പുള്ളി ആ കടലാസെടുത്ത്‌ വായിച്ചു. എന്നിട്ടൊരു ചോദ്യോം.

 "നിങ്ങള്‌ പാക്കിസ്ഥാനില്‍ പോണുണ്ടോ അതോ ഇവിടെ വെച്ചുതന്നെ കത്തിക്കാനാണോ?"

 തമാശയാണോ സീരിയസ്സായിട്ടാണോന്നൊരു പിടിയുമില്ല. ഈ രൂപോം വെച്ചിങ്ങോര്‌ തമാശ പറയുമെന്നു കരുതാനും പറ്റണില്ല. ഇനിയിപ്പോ ഈ ഇരിക്കണതൊരു മാടപ്രവാണോ...ഈ മാടിണ്റ്റെ രൂപത്തിനുള്ളില്‍ ഒരു പ്രാവിണ്റ്റെ മനസ്സോ...ചോദ്യത്തിണ്റ്റെ പള്‍സറിയാതെ മറുപടി പറഞ്ഞാല്‍...ഞാന്‍ അങ്ങോരുടെ മേശപ്പുറത്തിരിക്കണ ലാത്തിയിലേക്കൊന്നു നോക്കി. ലാത്തിക്കു പകരം ഞങ്ങളെ രണ്ടെണ്ണത്തിനേം ആ മേശപ്പുറത്തിട്ടേക്കണ സീനും ഒന്നു സങ്കല്‍പ്പിച്ചുനോക്കി. 

എന്തായാലും മിണ്ടാതെ നിന്നിട്ട്‌ കാര്യമില്ല. ഒടുവില്‍ ചങ്കൂറ്റത്തോടെ ഉറച്ച ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു. 

"അ....ഇ...പോ...മു... വ" 

എണ്റ്റമ്മോ, ഇതേതുഭാഷ. ഞനിതെപ്പോ പഠിച്ചു. ഈ വാചകം തലച്ചോറില്‍ നിന്ന്‌ നാവിണ്റ്റെ അറ്റത്തെത്തണവരെ ഇങ്ങിനായിരുന്നില്ലല്ലൊ. ഞാന്‍ നോക്കിയപ്പോ സര്‍ക്കിളിണ്റ്റെ മുഖത്തൊരമ്പരപ്പ്‌...അരുണിണ്റ്റെ മുഖത്ത്‌ ഞെട്ടല്‍...എണ്റ്റെ മുഖത്ത്‌ അതിഭയങ്കരമായ ദയനീയത...അവിടെയൊരു ഭാവാഭിനയമത്സരം തന്നെ അരങ്ങേറി. എനിക്കാകെ വെപ്രാളമായി...ഒന്നൂടെ ശ്രമിച്ചു. കുറച്ചുനേരത്തെ തീവ്രപരിശ്രമത്തിണ്റ്റെ ഭാഗമായി അവസാനം ഞാന്‍ സ്ഫുടമായി പറഞ്ഞു. 

"അല്ല...ഇവിടെ...മറ്റേ...പോളീടെ...മുന്നില്‌...സൈഡില്‌...പോസ്റ്റാഫീസിണ്റ്റെ... " 

അതിണ്റ്റെടക്ക്‌ പോസ്റ്റാഫീസ്‌ എങ്ങനെ കേറിവന്നെന്ന്‌ ഒരു പിടീം കിട്ടിയില്ല. എന്തായാലും പുള്ളിക്ക്‌ കാര്യം മനസ്സിലായി. 

"കത്തിച്ചോ കത്തിച്ചോ...പക്ഷേ ഇതിണ്റ്റെ പേരില്‌ അവടെ എന്തുപ്രശ്നം ഉണ്ടായാലും ഇതിലൊപ്പിട്ടിരിക്കണവനെ ഞാന്‍ പൊക്കും. ഇതിലൊപ്പിട്ടതാരാ?"

 ഗതികേടിന്‌ അതു ഞാനായിരുന്നു. അതു ഞങ്ങടെ പ്രിന്‍സിപ്പളിണ്റ്റെ ഒപ്പാ എന്നൊരു നുണ ഞാന്‍ മനസ്സില്‍ ഉണ്ടാക്കിവരുമ്പോളേക്കും അരുണ്‍ ചാടിക്കേറിപ്പറഞ്ഞു.

 "ഇവനാ"

 എന്നിട്ട്‌, എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ടെന്ന മട്ടില്‍ എന്നെയൊരു നോട്ടം. കാലമാടന്‍.

 ഈ കോലം കത്തിക്കണ സമയത്ത്‌ അവിടെ അടുത്ത പ്രദേശത്തെങ്ങാനും ഒരു മരണം നടന്നാല്‍ അതു കൊലക്കുറ്റമായി എണ്റ്റെ തലയില്‍ വരുമോ എന്നൊരു ന്യായമായ സംശയം ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്നു വെച്ചു. വരാനുള്ളത്‌ ഇങ്ങോട്ട്‌ വന്നാല്‍ പോരെ, വണ്ടീം കേറി അങ്ങോട്ട്‌ ചെന്നുകാണണ്ടല്ലോ. അവസാനം സംഗതി പുള്ളി ഒപ്പിട്ടുതന്നു.

 ഒരിത്തിരി നേരം കൂടി അവിടെനിന്നെങ്കില്‍ എണ്റ്റെ പേരില്‍ ഒരു പെറ്റി കേസ്‌ വന്നേനെ, പോലീസ്‌ സ്റ്റേഷനില്‍ മൂത്രമൊഴിച്ചതിന്‌. 

എന്തായാലും കാര്യങ്ങളെല്ലാം ഒരുവിധത്തില്‍ നന്നായിതന്നെ നടന്നു. പോലീസ്‌ സ്റ്റേഷനില്‍ പോയ വിശേഷം ചോദിച്ചവരോടൊക്കെ സര്‍ക്കിള്‌ ഞങ്ങള്‍ക്ക്‌ ചായവാങ്ങിത്തന്നെന്നും ഇനിയെന്തു പ്രശ്നമുണ്ടെങ്കിലും ചെന്നോളാന്‍ പറഞ്ഞിട്ടുണ്ടെന്നുമുള്ള സത്യങ്ങള്‍ ഞങ്ങല്‍ ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു. അതിനുശേഷം രണ്ടുമൂന്നു തവണകൂടി പോലീസ്‌ സ്റ്റേഷനില്‍ പോയിട്ടുണ്ടെങ്കിലും (എന്തിനാന്ന്‌ എന്നെ കൊന്നാലും ഞാന്‍ പറയില്ല!!!), ഇതുപോലെ പേടിതോന്നിയ അവസരം ഉണ്ടായിട്ടില്ല.

 വാല്‍ക്കഷണം: അന്നത്തെ യഥാര്‍ത്ഥ ട്രാജഡി ഇതൊന്നുമായിരുന്നില്ല. കോലം ഉണ്ടാക്കാന്‍ ഏല്‍പിച്ച പിരമിഡ്‌ തലയന്‍ വേറൊരു കുരുത്തക്കേടൊപ്പിച്ചു. കോലത്തിണ്റ്റെ ഉള്ളില്‍ നിറക്കാനായി വേസ്റ്റ്‌ തുണിയൊന്നും കിട്ടാതായപ്പോള്‍ ഹോസ്റ്റലില്‍ പോയി കിട്ടാവുന്നവരുടെയൊക്കെ ഷര്‍ട്ടും പാണ്റ്റും അടിച്ചുമാറ്റി അതാണ്‌ കോലത്തിണ്റ്റുള്ളില്‍ കയറ്റിയത്‌. അബദ്ധത്തില്‍ പോലും അവണ്റ്റെ ഒരു തോര്‍ത്തുമുണ്ടുപോലും അവനെടുത്തില്ല. കോലത്തിണ്റ്റെ കൂടെ അങ്ങിനെ കുറെപ്പേരുടെ ഡ്രസ്സുകൂടി ചാമ്പലാക്കിയാണ്‌ ഞങ്ങള്‍ പാക്കിസ്ഥാനോടുള്ള പ്രതിഷേധം അറിയിച്ചത്‌. ഇന്നിതിവിടെ എഴുതുന്നതുവരെ, ഞങ്ങളൊരഞ്ചാറുപേര്‍ക്കുമാത്രമേ ഈ സത്യം അറിയൂ,ഒരുപാട്‌ പേര്‍ക്ക്‌ സംശയമുണ്ടായിരുന്നെങ്കിലും...

25 comments:

തെന്നാലിരാമന്‍‍ said...

ജയ്‌ ഹിന്ദ്‌...

പാവപ്പെട്ടവന്‍ said...

ഇന്നായിരുന്നെങ്കില്‍ സര്‍ദാരിയുടെ കോലം കത്തിക്കാന്‍ ശ്രമിചേനേ

ചങ്കരന്‍ said...

കലക്കൂ കലക്കൂ, രസിച്ചു വായിച്ചു.

ശ്രീ said...

“എന്തായാലും മിണ്ടാതെ നിന്നിട്ട്‌ കാര്യമില്ല. ഒടുവില്‍ ചങ്കൂറ്റത്തോടെ ഉറച്ച ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു.


"അ....ഇ...പോ...മു... വ"

ഇങ്ങനെ ഒരു ഭാഷ പഠിയ്ക്കാന്‍ പറ്റിയല്ല്ലോ അല്ലേ? മാത്രമല്ല, പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിയ്ക്കുന്നതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു... ഭാഗ്യം!
;)

നിഷ്ക്കളങ്കന്‍ said...

Ha Ha . Kalakki Rama . A Bheeman Rakhu-Keerikkadna upama kalakki. :-))

Deepa said...

adipoli...ingane okke nadannittundalle...ippozha ariyunne..

കാദംബരി said...

എന്തായാലും വലപ്പാട് നവാസ് ഷെരിഫിന്റെ കോലം സാഹസികമായി കത്തിച്ചു.ആശംസകള്‍

smitha adharsh said...

വേറെ ഒരു പണിയും ഇല്ല അല്ലെ?
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ നടക്കുന്നു !!!
തൃപ്രയാര്‍ പോളിയില്‍ പഠിച്ച രണ്ടു 'വിത്തുകള്‍' ഇവിടെ ദോഹയില്‍ ഉണ്ടായിരുന്നു.
നിങ്ങളെയൊക്കെ ഒരമ്മ പെറ്റതാണോ ?

തൂലികാ ജാലകം said...

ഒരിത്തിരി നേരം കൂടി അവിടെനിന്നെങ്കില്‍ എണ്റ്റെ പേരില്‍ ഒരു പെറ്റി കേസ്‌ വന്നേനെ, പോലീസ്‌ സ്റ്റേഷനില്‍ മൂത്രമൊഴിച്ചതിന്‌.!!!

അടിപൊളി വിവരണം. വായിച്ചു രസിച്ചു.
അടുത്തതു പോരട്ടേ..

തെന്നാലിരാമന്‍‍ said...

പാവപ്പെട്ടവന്‍ - അവിടെ ഇപ്പോ ആറ്‍ക്കും കോലം കത്തിക്കാനൊന്നും സമയമില്ലെന്നേയ്‌ :-)

ചങ്കരാ - നന്ദി മാഷേ :-)

ശ്രീ - ആ ഭാഷ പക്ഷേ പിന്നെ എവിടേം ഉപയോഗിക്കാന്‍ പറ്റിയില്ല :-)

നിഷ്കളങ്കന്‍ഭായ്‌ - നന്ദി :-)

ദീപ - ഇങ്ങിനേം നടന്നിട്ടുണ്ട്‌ :-)

കാദംബരി - ഒരു വിധത്തിലാ കോലം കത്തിച്ചു എന്നു പറയാം :-)

സ്മിത - അവിടെയുണ്ടായിരുന്ന വിത്തുകളുടെ പേരെന്താ? ചിലപ്പോ അന്നു കോലത്തിനു തീ കൊടുത്ത വല്ലവരുമാകും അത്‌ :-)

തൂലികാ ഭായ്‌ - നന്ദി :-)

വേണു venu said...

ഒന്നാംതരം ഹാസ്യം തെന്നാലി.
ഈശ്വരാ...കീരീക്കാടന്‍ ജോസിന്‌ ഭീമന്‍ രഘുവിലുണ്ടായ പോലൊരു മൊതല്‌.
ഹാഹാ.... ചിരിച്ചു.നന്നായി ചിരിച്ചു.:)

sajive gangadharan said...

മൂത്രശൂന്യ പ്രകമ്പരാശി
ണകോത്രികോ പ്രക്ഷോഭ്യമദ്ധ്യെ
നസീര്‍ബേന കുളസര്‍ദാരിണീ
ഷെരീഫകോണ കോലകത്യെ
രസം.രസം.രസഗുളാന്തരസ്യം!

പാവത്താൻ said...

ഇതു കലക്കി.സർക്കിൾ എന്താ വാങ്ങി തന്നത്‌/ ചായ അല്ലേ? പിന്നെ എന്താവശ്യമുണ്ടെങ്കിലും അങ്ങോട്ടു ചെന്നോളാനും പറഞ്ഞു അല്ലേ? ശരി ശരി. എല്ലാം മനസ്സിലായി. പിന്നെ 2 - 3 തവണ പോയതെന്തിനായിരുന്നു? സർക്കിളിനെ പറ്റി അപവാദം പറഞ്ഞതിനായിരുന്നോ? ചായ വാങ്ങി തന്നെന്നും മറ്റും......

ശ്രീഇടമൺ said...

എന്റമ്മോ.....
അപാര രാജ്യസ്നേഹം.............!!
പറയാതെ വയ്യ....!!!!!

the man to walk with said...

kollam

MP SASIDHARAN said...

നര്മം ഭാഷയെ മിഴിവുറ്റതാക്കുന്നു. അഭിനന്ദനങ്ങള്

ThE DiSpAsSioNAtE ObSErVEr said...

ആദ്യായിട്ടാണ് ഈ വഴി..കലക്കി മാഷെ...
രഹസ്യം ഇപ്പളും പരമ രഹസ്യം ആണുട്ടോ...ആരും അറിഞ്ഞിട്ടില്ല..ഇനിം പറയണ്ടാട്ടോ...

തെന്നാലിരാമന്‍‍ said...

വേണുച്ചേട്ടാ, നന്ദി :-)

സജീവ്‌ ഭായി, ഇതെന്താണു കഥ.... ഞാന്‍ രണ്ടുദിവസം എടുത്തു ഇതിണ്റ്റെ അറ്‍ഥം കുറച്ചൊന്നു മനസ്സിലാക്കാന്‍ :-) നന്ദി മാഷേ

പാവത്താന്‍ - അതുപിന്നെ...ഞാന്‍...അവിടെ...ഹോ, അല്ലേപ്പിന്നെ അതൊക്കെ ഇനി പറഞ്ഞിട്ടെന്നാത്തിനാന്നേയ്‌... :-) നന്ദി മാഷ്‌

ശ്റീച്ചേട്ടാ....നന്ദി :-) (എണ്റ്റെ ഇവിടുത്തെ ഫോണ്ടിണ്റ്റെ കുഴപ്പമാണെന്നു തോന്നുന്നു. താങ്കളുടെ പേര്‌ ശരിക്കു വായിക്കാന്‍ പറ്റുന്നില്ല. )

the man to tak with - നന്ദി ചങ്ങാതീ :-)

ശശിധരന്‍ ചേട്ടാ.... നന്ദി :-)

ThE DiSpAsSioNAtE ObSErVEr - നന്ദിയുണ്ടേയ്‌ :-) കമണ്റ്റിനും പിന്നെ ആ രഹസ്യം ആരോടും പറയാത്തതിനും...

ശാരദ നിലാവ് said...

ഇഷ്ടാ... ഒന്നാംതരം.... ഓഫീസില്‍ ഇരുന്നാ വായിച്ചേ .. ചിരി അടക്കാന്‍ വല്ലാതെ കഷ്ടപ്പെട്ടു... എന്നിട്ടും ഇടയ്ക്കിടയ്ക്ക് ചിരി പൊട്ടിപ്പോയി ..അടുത്ത കാബിനിലെ ഫിലിപ്പീനി എന്ത് പറ്റി എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു ... അസ്സല്‍ ജോക്ക് ..

Deepa said...

dey puthiya post onnum illede??

faayasam|ഫായസം said...

മനോഹരം.. അതി ഗംഭീരം... വേറെന്തൊക്കെയോ പറയണം എന്നുണ്ട്..

എസ്സെന്‍ കോളേജിന്റെ ഉള്ളില്‍ നിന്നും തുടങ്ങി പോളിഗ്രൗണ്ട് താണ്ടി അഥീന കോളേജിന്റെയും പ്രൈവെറ്റ് സ്റ്റാന്റിന്റെയും ഇടയിലൂടെ തൃപ്രയാര്‍ ജംഗ്ഷനില്‍ കാത്തു നിന്നിരുന്ന പോലീസ് ജീപ്പില്‍ എന്റെ ഓട്ടം അവസാനിച്ചതിന്റെ പരിണിത ഫലമായി വലപ്പാട് പോലീസ് സ്റ്റേഷന്റെ മുന്നില്‍ വാതിലിന്റെ ഇടതു വശത്തായിട്ടുള്ള സങ്കല്പ കസേരയില്‍ ഇരുന്നതും... സോറി.. ഇരുത്തിയതും കോണ്‍സ്റ്റബിളു ചേട്ടന്റെ തെറി ടച്ചിങ്ങ്സാക്കിയുള്ള സ്നേഹാന്വേഷണങ്ങളും... നല്ല ഓര്‍മയുള്ളത് കൊണ്ട് ഈ കഥ വായിച്ചപ്പോള്‍ നന്നായി ചിരിക്കാന്‍ പറ്റി.. കൊടുങ്ങല്ലൂര്‍ അസ്മാബി കോളിജില്‍ പോകുന്ന ഇവനെങ്ങനെ നാട്ടിക എസ്സെന്‍ കോളേജില്‍ എത്തി എന്നുള്ള സംശയത്തിനു ഒരുത്തരം കിട്ടുന്ന വരെ അവരെന്നെ ഇരുത്തി സല്‍ക്കരിച്ചു...

അന്നത്തെ സി ഐ യുടെ ചോദ്യം ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്..
"നിനക്കൊക്കെ കരിങ്കല്ലു വെച്ചു ഉന്നം പഠിക്കാനുള്ളതാണോടാ #%#@#$%$% മോനേ കേരള പോലീസിന്റെ തല..??"
ഉപയോഗമുള്ള സാധനങ്ങളൊന്നും എറിഞു പൊട്ടിക്കരുതെന്ന് ഡാഡ് പറഞിട്ടുണ്ടെന്ന് അവരോട് പറയാന്‍ പറ്റുമോ..?? :)

എപ്പൊഴാ രാമാ അടുത്ത വീരകൃത്യവും രഹസ്യവും വെളിപ്പെടുത്താന്‍ പോണത്..?? ആ കസേര ഇപ്പഴും അവിടുണ്ടോ..??

Josjin said...

Kidu... Kidu... Kidu...

OAB said...

രസിച്ചു.
അല്പമൊന്ന് ചിരിക്കാൻ ഇനിയുമെഴുതുക. വൈകിയെത്തിയതിന് ക്ഷമയോടെ, ഒഎബി

കുമാരന്‍ | kumaran said...

‘പ്രിന്‍സിപ്പലായി അഭിനയിച്ചോണ്ടിരുന്നത്‌.’
അതു കലക്കി.

ഉമേഷ്‌ പിലിക്കൊട് said...

നമിച്ചു മാഷെ