Oct 25, 2007

റിയല്‍ റിയാലിറ്റീസ്‌

സൂപ്പര്‍ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍, സൂപ്പര്‍ ഡാന്‍സര്‍, അതിന്റെ ജൂനിയര്‍, സൂപ്പര്‍ മോം അഥവാ വനിതാരത്നം, (എന്നാണാവോ "സൂപ്പര്‍ മോം ജൂനിയര്‍" വരണത്‌, കല്യാണം കഴിക്കാത്ത അമ്മമാര്‍ക്കു വേണ്ടി...അമ്മമാരേ, ക്ഷമിക്കുക)....

റിയാലിറ്റി (??) ഷോകളുടെ ഈ ചങ്ങലയുടെ ഇടയിലുള്ള ഒരു കണ്ണിയാണ്‌ "സ്മയില്‍ പ്ലീസ്‌". ഏഷ്യാനെറ്റ്‌ പ്ലസ്സ്‌ ചാനലുകാര്‍ നമ്മളെയൊക്കെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ (ഉവ്വാാ) കൊല്ലാന്‍ വേണ്ടി അണിയിച്ചൊരുക്കുന്ന ഒരു so called reality show... ഇത്തവണ നാട്ടില്‍ പോയപ്പോളാണ്‌ മഹത്തായ ഈ പരിപാടി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത്‌. ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി. കണ്ടുകഴിഞ്ഞപ്പോള്‍ അതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതാതെ ഒരു സമാധാനക്കേട്‌.

കോട്ടയം നസീര്‍, കല്‍പ്പന, അബി തുടങ്ങിയവരാണ്‌ ജഡ്‌ജസ്സ്‌. അവതാരകന്‍ ഒരു സിറ്റുവേഷന്‍ പറഞ്ഞുകൊടുക്കും. എന്നിട്ടു സെക്കന്റുകള്‍ക്കുള്ളില്‍ എന്തെങ്കിലും ഒരു സ്കിറ്റ്‌ ഉണ്ടാക്കി അവതരിപ്പിക്കണം, അല്ല, എല്ലാരേയും ചിരിപ്പിക്കണം. ഇതാണ്‌ സംഗതി. കാമറ കാണുമ്പോള്‍തന്നെ വെറുതെ ചിരിക്കാന്‍ വേണ്ടി കുറെ പ്രേക്ഷകരെ സ്റ്റുഡിയോയില്‍ കൊണ്ടുവന്നിരുത്തിയിട്ടുണ്ട്‌ (ആ നേരം വല്ല ജാഥക്കും പോയിരുന്നേല്‍ നൂറ്റമ്പതു രൂപയും ബിരിയാണിയും കിട്ടിയേനേ പാവങ്ങള്‍ക്ക്‌)

ഇത്‌ കാണാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന്‌ വെച്ചാല്‍, പങ്കെടുക്കുന്നത്‌ കുട്ടികളാണ്‌. ഇവരൊക്കെ എന്തു തമാശയാണാവോ കാണിക്കുന്നത്‌ എന്ന ഒരു ആകാംക്ഷയോടെയാണ്‌ കാണാന്‍ ഇരുന്നത്‌.ആദ്യം വന്നത്‌ ഒരു പെണ്‍കുട്ടിയായിരുന്നു. പത്ത്‌ വയസ്സില്‍ താഴെയേ വരൂ. ആ കൊച്ചുകുട്ടിക്ക്‌ കൊടുത്ത സിറ്റുവേഷന്‍ കണ്ടപ്പോള്‍ തന്നെ പരിപാടിയെക്കുറിച്ച്‌ ഏതാണ്ടൊരു ഐഡിയ കിട്ടി. അവതാരകന്റെ ഭാഷയില്‍ തന്നെ അതങ്ങ്‌ അവതരിപ്പിച്ചേക്കം.

"മോളേ, മോളൊരു പുരുഷനാണെന്നു കരുതുക. മോളുടെ ഭാര്യ പ്രസവിക്കാന്‍ കിടക്കുവാണ്‌. മോളാകെ ടെന്‍ഷനടിച്ച്‌ നില്‍ക്കുവാണ്‌. ഡേറ്റ്‌ ആകാതെയുള്ള പ്രസവമാണ്‌, ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. അതുകൊണ്ട്‌ തന്നെ ടെന്‍ഷനും കൂടുതല്‍ കാണുമല്ലോ. ആ ടെന്‍ഷന്‍ കൊണ്ടുണ്ടാകുന്ന തമാശകള്‍ ഒന്നവതരിപ്പിച്ചേ"

കണ്ണുതള്ളിപ്പോയി. ഇത്തിരിയില്ലാത്ത കൊച്ചിനു അവന്‍ കൊടുത്ത സിറ്റുവേഷന്‍...പിന്നെ ആശ്വസിച്ചു. സ്ത്രീപീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയായി അഭിനയിച്ച്‌, ആ "ടെന്‍ഷന്‍ കൊണ്ടുണ്ടായ തമാശ" അവതരിപ്പിക്കാന്‍ പറഞ്ഞില്ലല്ലോ.എന്തായാലും ഒരു കാര്യം പറയട്ടെ. നമുക്കുണ്ടായ (അല്ലെങ്കില്‍ എനിക്കെങ്കിലും) ഈ വിഷമമോ അമര്‍ഷമോ ഒന്നും കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന പ്രേക്ഷകസമൂഹത്തിനുണ്ടായില്ല. അവര്‍ ആ സിറ്റുവേഷനും പൊട്ടിച്ചിരിയോടെ കയ്യടിച്ച്‌ ആസ്വദിച്ചു...കണ്ണ്‌ കൂടുതല്‍ തള്ളിയത്‌ അപ്പോഴല്ല. വെറും പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ആ പത്തുവയസ്സുകാരി ഈ സിറ്റുവേഷന്‌ സ്കിറ്റുണ്ടാക്കി അവതരിപ്പിച്ച്‌, എല്ലാവരേയും "ചിരിപ്പിക്കുന്ന" റിയാലിറ്റി ഷോയിലെ റിയല്‍ അല്ലാത്ത രംഗം കണ്ടപ്പോഴാണ്‌. അതും പോരാഞ്ഞ്‌ "മോളേ, തകര്‍ത്തു", "കലക്കി മോളേ" എന്നിങ്ങനെ ജഡ്‌ജസ്സ്‌ വക അഭിനന്ദന പ്രവാഹം. ഇതെല്ലാം കണ്ട്‌ ചിരിക്കാനും കയ്യടിക്കാനും വിധിക്കപ്പെട്ട കുറെ അപ്പാവികളും...

വേറെയും ഉണ്ടായിരുന്നു ഇത്തരം "മനോഹരമായ" സിറ്റുവേഷന്‍സ്‌.

"മോനേ, മോന്‌ പത്തുമുപ്പത്‌ വയസ്സായെന്നു കരുതുക. കല്യാണം കഴിഞ്ഞിട്ടില്ല. മോനാണെങ്കില്‍ ഇങ്ങിനെ പുര നിറഞ്ഞ്‌ കല്യാണം കഴിക്കാന്‍ മുട്ടി നിക്കുവാണ്‌. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ആലോചന വരുന്നു. മോന്‍ പെണ്ണുകാണാന്‍ പോകുന്നു. അവിടെ വെച്ച്‌ ഉണ്ടാകുന്ന തമാശകള്‍ എന്തൊക്കെയാണെന്നൊന്നു കാണിച്ചേ"

കല്യാണം കഴിക്കാന്‍ "മുട്ടി നിക്കുന്ന" രംഗം ആ പത്തുവയസ്സുകാരന്‍ അവതരിപ്പിക്കുന്നത്‌ കണ്ട്‌ ഞാനും കോരിത്തരിച്ചു.ഇതേ റേഞ്ചിലുള്ള "റിയല്‍" സംഭവങ്ങള്‍ എല്ലാ റിയാലിറ്റി ഷോയിലും കാണാം. "കോമഡിരാജ നമ്പര്‍ വണ്‍" എന്ന പരിപാടിയിലും ഉണ്ട്‌ ഇങ്ങിനെ പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ഭാവനയില്‍ നിന്നും ചിരി ഉണ്ടാക്കുന്ന അദ്ഭുതപ്രതിഭാസം. ആരെ പറ്റിക്കാനായാലും, "നുണ പറയുമ്പോള്‍ കേള്‍ക്കുന്നവനെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയണം" എന്ന പൊതുതത്വം ഇവരൊന്നും ഓര്‍ക്കുന്നില്ലല്ലോ ദൈവമേ...

വേറെ ഒരു പ്രഹസനം "എലിമിനേഷന്‍ റൗണ്ട്‌" ആണ്‌. ശോകഗാനങ്ങളുടെ അകമ്പടിയോടെ താരങ്ങളെ സ്ലോ മോഷനില്‍ യാത്രയാക്കുന്ന ചടങ്ങ്‌. കരയില്ലെന്നുറപ്പിച്ചു നിക്കുന്നവരെപ്പോലും കോഞ്ഞാട്ട ചോദ്യങ്ങള്‍ ചോദിച്ച്‌ കരയിപ്പിച്ച്‌ വിടാന്‍ വേണ്ടി "celebrity guests". മൊത്തത്തില്‍ അതൊരാഘോഷം തന്നെയാണ്‌.

പറഞ്ഞുവന്ന കാര്യം അതല്ല. പ്രേക്ഷകരുടെ SMS നെ ആധാരമാക്കിയാണ്‌ എലിമിനേഷന്‍ എന്നാണ്‌ പറയപ്പെടുന്നത്‌. ഇതാണ്‌ തെന്നാലിക്കു മനസ്സിലാകാത്തത്‌. ഈ എലിമിനേഷന്‍ റൗണ്ട്‌ പ്രക്ഷേപണം ചെയ്യുന്നതിന്റെ തൊട്ടുതലേ ദിവസം പോലും ഈ ഷോ ഉണ്ട്‌. അതു കണ്ടുകഴിഞ്ഞ്‌ പ്രേക്ഷകര്‍ അയച്ച SMS ഒക്കെ എണ്ണി വെടിപ്പാക്കി, എലിമിനേഷന്‍ എപ്പിസോഡ്‌ ഷൂട്ട്‌ ചെയ്ത്‌, അത്‌ എഡിറ്റ്‌ ചെയ്ത്‌...തൊട്ടടുത്ത ദിവസം തന്നെ പ്രക്ഷേപണം..."ഹോ,ഇവരെയൊക്കെ സമ്മതിക്കണമല്ലോ" എന്ന മണ്ടന്‍ ചിന്തയുമായി തെന്നാലി കുറേ നാള്‍ നടന്നിരുന്നു.

പിന്നീടൊരിക്കല്‍, എലിമിനേഷന്‍ എപ്പിസോഡ്‌ പ്രക്ഷേപണം ചെയ്യുന്നതിനും രണ്ടാഴ്ച മുന്‍പേ തന്നെ, "അമൃത TV സൂപ്പര്‍ ഡാന്‍സര്‍" ഇല്‍ പങ്കെടുത്ത മാളു, "താന്‍ എലിമിനേറ്റ്‌ ചെയ്യപ്പെട്ടു, ഇതുവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി" എന്ന്‌ അമൃത TV യുടെ ഓണ്‍ലൈന്‍ ഫോറത്തില്‍ മെസ്സേജ്‌ ഇട്ടതുകണ്ടപ്പോളാണ്‌ തെന്നാലിക്ക്‌ കാര്യം ഏതാണ്ട്‌ മനസ്സിലായത്‌.

കുറേ മണ്ടന്മാര്‍ വെറുതെ SMS അയച്ച്‌ വിരലിന്റെ അറ്റം തേഞ്ഞുപോകുന്നു. SMS ഒന്നിന്‌ 6 രൂപ വെച്ച്‌ വാങ്ങി AirTel ഉം Idea യും ഒക്കെ കാശുണ്ടാക്കുന്നു...എലിമിനേറ്റ്‌ ചെയ്യപ്പെടുന്നവരുടെ കണ്ണീര്‌ വിറ്റ്‌ ചാനലുകാരും കാശുണ്ടാക്കുന്നു. പാപ്പാനെ ആന വലിച്ചുകീറുന്നതിന്റെ ലൈവും പിറ്റേന്ന് പത്രത്തിന്റെ മുന്‍പേജില്‍ ഫോട്ടോയും സ്ഥിരമായി കാണുന്ന നമുക്കീ കരച്ചിലൊക്കെ ഒരു ഹരമല്ലേ...!!!

Oct 1, 2007

ജീവിതം

പത്താം തരം പാസ്സായി തെക്കുവടക്കുനടക്കുന്ന സമയത്താണ്‌ ജീവിതത്തെ ആദ്യമായി നേരില്‍ കണ്ടത്‌. അന്ന് ജീവിതം ചോദിച്ചു
"ഇനിയെന്താ പരിപാടി?"

പ്ലസ്‌ 1 ന്റെ അഡ്‌മിഷനുള്ള അപേക്ഷകള്‍ അയച്ച്‌ കാത്തിരിക്കുമ്പോള്‍ ജീവിതം വീണ്ടും ചോദിച്ചു. "എവിടേം കിട്ടിയില്ലല്ലേ?"

അച്ചന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി entrance എഴുതി ദയനീയമായി തകര്‍ന്നപ്പോള്‍ ജീവിതം വീണ്ടും വന്നു.
"റ്റ്യൂഷനു പോയി കാശ്‌ കളഞ്ഞത്‌ മിച്ചം, അല്ലേ?"

ഡിഗ്രി കഴിഞ്ഞ്‌ ജോലി അന്വേഷിച്ച്‌ നടക്കുന്ന സമയത്ത്‌ പലയിടത്തും വെച്ച്‌ ജീവിതം ചോദിച്ചുകൊണ്ടേയിരുന്നു
"വല്ലോം നടക്കോ? ഇന്നത്തെ കാലത്ത്‌ ഒരു ഡിഗ്രി ഉണ്ടായതോണ്ടൊന്നും കാര്യമില്ലെന്നേ. ഉദാഹരണത്തിനു നമ്മടെ ......."

കാലത്തിന്റെ കുത്തൊഴിക്കില്‍കൂടി മുന്നോട്ടുള്ള യാത്രകള്‍ക്കിടയില്‍ ജീവിതത്തെ പലതവണ കണ്ടു...എന്നും ഓരോ ചോദ്യങ്ങളുണ്ടായിരുന്നു ജീവിതത്തിന്‌ ചോദിക്കാന്‍...
"കല്യാണം ഒന്നും ശരിയായില്ലല്ലേ?"
"സ്ത്രീധനം എന്തുകിട്ടി?"
"കുട്ടികള്‍ ഒന്നും ആയില്ലേ? കുഴപ്പം വല്ലതും..."
"പിള്ളേര്‍ക്കൊന്നും ജോലി ആയില്ലേ?"
"മക്കളുടെ വിവരമൊക്കെ ഇല്ലേ? അവരൊക്കെ നാട്ടില്‍ വന്നിട്ടിപ്പൊ കൊല്ലം കുറെ ആയല്ലോ!!"
"പുറത്തേക്കൊന്നും കാണാറില്ലല്ലോ...അസുഖം വല്ലതും..."
....................................................................................................................................................................
മങ്ങിത്തുടങ്ങിയ കണ്ണിലൂടെ മച്ചിലെ മാറാമ്പില നോക്കികിടക്കുമ്പോള്‍ ഒരു കൊച്ചുപാദസരം കിലുക്കിക്കൊണ്ട്‌ ജീവിതം അടുത്തേക്ക്‌ വന്നു...കുഞ്ഞുശബ്ദത്തില്‍ ചെവിയില്‍ ചോദിച്ചു...
"അപ്പൂപ്പനെന്താ ചാകാത്തെ?"