Nov 21, 2007

പുരുഷോത്തമന്‍സാറിന്റെ വിദ്യാഭ്യാസനയം

1999 ജൂലൈ മാസത്തിലെ, പ്രത്യേകിച്ചൊരു പുല്ലും സംഭവിക്കാത്ത ഒരു കോഞ്ഞാട്ട തിങ്കളാഴ്ച. ശനിയും ഞായറും അഴിഞ്ഞാടിയതിന്റെ ക്ഷീണത്തില്‍, ഞായറാഴ്ചയുടെ തൊട്ടടുത്ത്‌ തിങ്കളാഴ്ച കൊണ്ടുവെച്ച വിവരദോഷികളെ മനസ്സാ തെറിവിളിച്ച്‌, ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാതെ കിടക്കുകയായിരുന്നു.

ജെനറേഷന്‍ ഗ്യാപ്പ്‌ എന്നല്ലാതെ എന്തുപറയാന്‍. നമ്മുടെ മനോവിഷമം മനസ്സിലാക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്‍പു ജനിച്ച മാതാപിതാക്കള്‍ക്കു കഴിയുന്നില്ല.

"ക്ലാസ്സില്‍ പോവൊന്നും വേണ്ടേ? എണീക്കെടാ"

ഇതു പിതാജിയുടെ സൗമ്യമായ സ്വരം. സ്വരം നന്നായിരിക്കുമ്പോള്‍ ഉറക്കം നിര്‍ത്തുന്നതാണ്‌ നല്ലത്‌ എന്നു മുന്‍ അനുഭവങ്ങളില്‍ നിന്ന്‌ പഠിച്ചിട്ടുള്ളതുകൊണ്ട്‌, പിന്നെ വെച്ചുതാമസിപ്പിച്ചില്ല. ഒറ്റ എഴുന്നേല്‍ക്കലങ്ങ്‌ വെച്ചുകൊടുത്തു.

പറ്റാവുന്നത്ര പതുക്കെ പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ഡയലോഗ്‌.

"നീയെന്താടാ സ്ലോ മോഷന്‍ പഠിക്ക്യാണോ? പെട്ടെന്ന്‌ പല്ലുതേച്ചിട്ട്‌ പോടാാ"

ആ "പോടാാ" ക്കു ആവശ്യത്തിലധികം നീളമില്ലേ എന്നൊരു ശങ്ക തോന്നിയതുകൊണ്ട്‌ ഞാന്‍ പെട്ടെന്ന്‌ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ മോഡിലേക്കു മാറി.

കുളിമുറിക്ക്‌, അതിനുള്ളില്‍ ഒരാളു കയറി എന്നു മനസ്സിലാക്കാന്‍ പോലും കഴിയുന്നതിനുമുന്‍പേ ഞാന്‍ കുളിച്ചിറങ്ങി. കാരണം കുളിച്ചാലേ ഫുഡടിക്കാന്‍ തരൂ. ആഹാരം പണ്ടേ നമുക്കു താല്‍പ്പര്യമുള്ള വിഷയമായിരുന്നു.

ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഒരു ചടങ്ങുതീര്‍ക്കലിനു പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ അതാ ഫ്രന്റ്‌ പേജില്‍ ഒരു മൂലക്ക്‌ നല്ലൊരു വാര്‍ത്ത.

"കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ---- പഠിപ്പുമുടക്കുന്നു"

[ പാര്‍ട്ടിയുടെ പേര്‌ ഒഴിവാക്കുന്നു. അല്ലേലും ഒരു പേരിലെന്തിരിക്കുന്നു ]

മതി...ഇത്രേം മതി. ചെന്നിട്ടു ചെയ്യാനൊരു പണിയായല്ലോ. ശ്ശെ, നേരത്തേതന്നെ പത്രം നോക്കാമായിരുന്നു.

അതിവേഗം ബഹുദൂരം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഓടി. തൃപ്രയാര്‍ക്കു നേരിട്ട്‌ "പ്രിയം" എന്നൊരു ബസ്സുണ്ട്‌. അതുകിട്ടിയാല്‍ കാഞ്ഞാണിയില്‍ ചെന്ന്‌ ഇടിച്ചുകേറാന്‍ നിക്കണ്ട. അതിനുവേണ്ടിയായിരുന്നു ഓട്ടം. ഓടിയതു വെറുതെയായില്ല. ബസ്സ്‌ അതിന്റെ പാട്ടിനുപോയി. എന്നെ വെയിറ്റ്‌ ചെയ്യാന്‍ ബസ്സെന്റെ അളിയനൊന്നുമല്ലല്ലോ എന്നാശ്വസിച്ച്‌ അടുത്ത ബസ്സില്‍ കേറി ഞാനും പോയി.

പ്രതീക്ഷിച്ചതുപോലെ തന്നെ ചെന്നിറങ്ങുമ്പോഴേക്കും ഹോസ്റ്റല്‍ വാസികള്‍ പ്ലക്കാര്‍ഡടക്കമുള്ള സാധനസാമഗ്രികളെല്ലാം റെഡിയാക്കിയിരുന്നു. പാര്‍ട്ടിഭേദമന്യേ ഞങ്ങള്‍ പോളി വിദ്യാര്‍ഥികള്‍ ഒന്നിച്ചണിനിരക്കുന്ന മഹോല്‍സവങ്ങളായിരുന്നു സമരങ്ങള്‍.

സാധാരണ പത്തുമണിയാകാതെ ആ ഭാഗത്തേക്കുവരാത്തവന്മാരൊക്കെ നേരത്തോടെ എത്തിയിട്ടുണ്ട്‌. അങ്ങനെ പതിവുപോലെ കാന്റീനില്‍ നിന്നു ശശിയേട്ടന്‍ വക സമരം സ്പെഷല്‍ ചായയും കുടിച്ച്‌ "നശിച്ച വിദ്യാഭ്യാസനയം തുലയട്ടെ" എന്ന മുദ്രാവാക്യത്തോടെ ചടങ്ങുതുടങ്ങി. വിദ്യാഭ്യാസനയം ഒന്നു നേരെയാക്കിയിട്ടുവേണം ഞങ്ങള്‍ക്ക്‌ നേരെ തുഷാര, ബ്ലിസ്സ്‌ തുടങ്ങിയ ബാറുകളിലോ, നാട്ടിക, ചെമ്മാപ്പിള്ളി എന്നിവിടങ്ങളിലെ ഏതെങ്കിലും ഷാപ്പിലോ ചെന്ന്‌ അടുത്ത സമരം പ്ലാന്‍ ചെയ്യാന്‍.

എല്ലാ ക്ലാസ്സിലും കേറി "കേരളസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍" ആഹ്വാനം ചെയ്തും ക്ലാസ്സുകളില്‍ നിന്ന്‌ എല്ലാരേം പുറത്തിറക്കിയും ഞങ്ങള്‍ അര്‍മ്മാദിച്ചു. കൂടുതല്‍ ക്ലാസ്സുകളിലും പക്ഷേ പ്രത്യേകിച്ചൊന്നും പറയേണ്ടിവന്നില്ല. ഞങ്ങളെ കാണുമ്പോളേക്കും "എന്താ വരാന്‍ വൈകിയത്‌" എന്നൊരു ഭാവത്തോടെ നോക്കിക്കൊണ്ട്‌ സാറമ്മാര്‌ ഇറങ്ങിപ്പോയി. അങ്ങനെ തകര്‍ത്തടിച്ച്‌ ഇലക്ട്രിക്കല്‍ സെക്കന്റിയര്‍ ക്ലാസ്സിന്റെ മുന്നില്‍ എത്തിയപ്പോള്‍ പെട്ടെന്ന്‌ എല്ലാരും ഒന്നു സ്ലോവായി..കാര്യം വേറൊന്നുമല്ല. ക്ലാസ്സെടുത്തിരുന്നത്‌ പുരുഷോത്തമന്‍ സാറായിരുന്നു. ആളൊരു ജഗജില്ലി. പ്രിന്‍സിപ്പള്‍ കഴിഞ്ഞാല്‍ പിന്നെ പിള്ളേര്‍ക്കൊക്കെ പേടിയുള്ള ഏകവ്യക്തി. എല്ലാരുടേം ഉള്ളിലൊരു ആപത്ശങ്ക. കാര്യം അത്യാവശ്യം കൊള്ളാവുന്ന കുറേ പെമ്പിള്ളേരുള്ള ക്ലാസ്സാണേയ്‌. സാറെങ്ങാനും അവരുടെ മുന്നില്‍വെച്ച്‌ നാറ്റിക്കുമോ എന്നൊരു ഇത്‌...പിന്നെ ഒരു അതും...അങ്ങനെ ആകെയൊരു അതുമിതും...

ഒടുവില്‍ എന്തും വരട്ടെ എന്നും കരുതി ഞാനങ്ങു കേറി, എന്നു പറഞ്ഞാല്‍ അതൊരു നുണയാകും. ആരോ എന്നെപ്പിടിച്ച്‌ അകത്തേക്ക്‌ തള്ളി എന്നുള്ളതാണ്‌ സത്യം.

"എന്താടോ?"

ഒന്നുമറിയാത്തതുപോലെയുള്ള സാറിന്റെ ചോദ്യം. എനിക്കുറപ്പായി...പണികിട്ടി.

"അല്ല സാര്‍...അതുപിന്നെ...സ്ട്രൈക്കാണ്‌. എല്ലാ ക്ലാസ്സും വിട്ടു"

"അതുകൊണ്ട്‌?"

സാറ്‌ ചൊറിയാനുള്ള പുറപ്പാടുതന്നെയാണ്‌.

"സാറും സഹകരിക്കണം. ക്ലാസ്സ്‌ വിടണം"

"അത്രേയുള്ളോ? ശരിശരി, വിട്ടേക്കാം"

"ഹാവൂ" എന്നതിന്റെ "ഹാ" മുഴുവനാകുന്നതിനും മുന്‍പ്‌ ഞാന്‍ പേടിച്ചിരുന്ന ആ ചോദ്യം സാറ്‌ ചോദിച്ചു.

"എന്താടോ സമരത്തിന്റെ കാര്യം?"

പറയാതിരിക്കാന്‍ വകുപ്പില്ലല്ലോ.

"കേരളസര്‍ക്കാരിന്റെ...തെറ്റായ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ...."

ശബ്ദം പുറത്തുവരാത്തതുപോലെ...കരയുന്നതുപോലെ...ഒരുവിധത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.

പിടിച്ചതിലും വലുത്‌ അളയിലായിരുന്നു. സാറടുത്ത ചോദ്യം ചോദിച്ചു.

"ഓ അതുശരി...എന്താടോ വിദ്യാഭ്യാസനയത്തിലെ തെറ്റ്‌? അതുംകൂടി ഒന്നു പറഞ്ഞുതന്നിട്ട്‌ ക്ലാസ്സ്‌ വിടാം"

ആ സമയത്ത്‌ ഒരു കൊതുക്‌ എന്റെ മുഖത്ത്‌ വന്നുകടിച്ചാല്‍ കൊതുക്‌ ചമ്മിപ്പോയേനെ...ഒരുതുള്ളിപോലും ചോര കിട്ടാതെ...

"അതുപിന്നെ...ഈ...വിദ്യാഭ്യാസത്തിന്റെ...മറ്റേ...നയം....സര്‍ക്കാരിന്റെ ചില...."

കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം പോയിട്ട്‌, വിദ്യാഭ്യാസമന്ത്രി ആരെന്നറിയാത്ത എനിക്ക്‌ ഇതില്‍കൂടുതലൊന്നും പറയാന്‍ കഴിയില്ലായിരുന്നു. എന്തായാലും നാറി. അതുവരെ സീനിയര്‍ എന്ന ബഹുമാനം തന്നിരുന്ന പിള്ളാരൊക്കെ ആക്കിച്ചിരിക്കാന്‍ തുടങ്ങി. ചമ്മല്‍ എന്ന അവസ്ഥയില്‍നിന്നൊക്കെ ഒരുപാട്‌ ഉയരെയാണ്‌ ഞാന്‍ നില്‍ക്കുന്നതെന്ന്‌ എനിക്കു മനസ്സിലായി. ഒരുമാതിരി...മെഷീനിന്റെ ഉള്ളില്‍ കൈ കുടുങ്ങിയ അവസ്ഥ. വലിച്ചെടുക്കാന്‍ നോക്കിയാല്‍ കൈ മുറിഞ്ഞുപോകും. പോട്ടേന്നുവെച്ചാല്‍ ബോഡി മൊത്തം പോകും. അതില്‍ക്കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ എനിക്കാവില്ലായിരുന്നു. അതുകൊണ്ട്‌ ഞനൊരു കോമ്പ്രമൈസിനു തയ്യാറായി. അണ്ണാന്‍ ആനയോട്‌ "തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു" എന്നു പറഞ്ഞ പഴയ കഥയിലെപ്പോലെ...

"എന്നാപ്പിന്നെ, ഞാന്‍ പൊക്കോട്ടെ സാറേ? സാറ്‌ ഈ അവര്‍ കഴിഞ്ഞിട്ടു ക്ലാസ്സ്‌ വിട്ടാല്‍ മതി"

അവിടേം സാറുതന്നെ ഹീറോയായി.

"ഓ വേണ്ട...ഇനി ഞാന്‍ ക്ലാസ്സ്‌ വിടാത്തതോണ്ട്‌ വിദ്യാഭ്യാസനയം നേരെയാവാതിരിക്കണ്ട. പിന്നെ പറ്റുവാണേല്‍, ഇനിമുതലെങ്കിലും, ആരേലും എന്തേലും പറഞ്ഞെന്നുകേട്ട്‌ സമരോം തല്ലിക്കൂട്ടി ഇറങ്ങണതിനുമുന്‍പ്‌ ചെയ്യാന്‍ പോണത്‌ ശരിയാണെന്ന്‌ അവനവനെയെങ്കിലും ബോധ്യപ്പെടുത്തണം. അങ്ങനായാല്‍ ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം."

ഈ ഡയലോഗും പറഞ്ഞ്‌ സാറുപോയി.

അതില്‍പിന്നെ ഏതുസമരത്തിനിറങ്ങുമ്പോഴും, പറയാനുള്ള കാരണങ്ങള്‍ കാണാതെപഠിച്ചിട്ടേ ഞങ്ങള്‍ ഇറങ്ങാറുള്ളൂ. അഥവാ കാരണം പറഞ്ഞ്‌ പിടിച്ഛുനില്‍ക്കാന്‍ പറ്റില്ലെന്നുതോന്നിയാല്‍ പുരുഷോത്തമന്‍ സാറിന്റെ ക്ലാസ്സ്‌ ഞങ്ങളങ്ങ്‌ കണ്ടില്ലെന്നു നടിക്കും...!!!

20 comments:

തെന്നാലിരാമന്‍‍ said...

അതില്‍പിന്നെ ഏതുസമരത്തിനിറങ്ങുമ്പോഴും, പറയാനുള്ള കാരണങ്ങള്‍ കാണാതെപഠിച്ചിട്ടേ ഞങ്ങള്‍ ഇറങ്ങാറുള്ളൂ. അഥവാ കാരണം പറഞ്ഞ്‌ പിടിച്ഛുനില്‍ക്കാന്‍ പറ്റില്ലെന്നുതോന്നിയാല്‍ പുരുഷോത്തമന്‍ സാറിന്റെ ക്ലാസ്സ്‌ ഞങ്ങളങ്ങ്‌ കണ്ടില്ലെന്നു നടിക്കും...!!!

Sethunath UN said...

കൊള്ളാം. ബെസ്റ്റ് ചമ്മല്‍.
ചിരിപ്പിച്ചു രാമാ :)

ദിലീപ് വിശ്വനാഥ് said...

അങ്ങനെ തന്നെ വേണം. കാള പെറ്റെന്നു കേട്ടു കയറെടുക്കുമ്പോള്‍ ആലോചിക്കണം.
നല്ല രസമുള്ള വിവരണം.

കുഞ്ഞന്‍ said...

ഹഹ...

എന്തായാലും കൊതുകിനെ ചമ്മിപ്പിച്ചില്ലല്ലോ...

അപ്പോള്‍ ആളൊരു സമരവീര പരാക്രമിയാണല്ലെ..

Unknown said...

ഇതു വായിച്ചപ്പോളാണ്‌ ഓര്‍ത്തതു....

ഞാന്‍ പഠിച്ച വിമന്സ് കോളേജില്‍ സമരങ്ങളൊക്കെ അന്യം ....

എന്നാലും ഞങ്ങള്‍ കാത്തിരിക്കും ....

അയല്‍പക്കത്തുള്ള മിക്സഡ് കോളേജില്‍ സമരം വരാന്‍ ....

എന്നിട്ടു പിന്നെ അവിടുത്തെ ചേട്ടന്‍മാര്‍ നോക്കികൊള്ളും ഞങ്ങളുടെ ക്ലാസുകളുടെയും കാര്യം ....

യേതു ;-)

R. said...

ഹൈ ഹൈ!

ഹൊ, ആ ബസോ മറ്റോ അളിയനായാലുള്ള അവസ്ഥ, ന്റെ രാമാ, ആലോയ്കാന്‍ വയ്യ! ;-)

Murali K Menon said...

കലക്കി തെന്നാലി,,, ഇനിയും കാണാപാഠം പഠിച്ചുള്ള പരിപാടി വേണ്ട, പഴയതുപോലെ തന്നെ മതി. വരണോടത്ത് വെച്ച് കാണാന്നേ..

സു | Su said...

ഹി ഹി. എന്തായാലും സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിനുമുമ്പ് ഒക്കെ നോക്കിമനസ്സിലാക്കിയിട്ട് പോകാന്‍ തുടങ്ങിയത് നന്നായി. ജോലിസ്ഥലത്തും, ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാറുണ്ടോ? ;)

സഹയാത്രികന്‍ said...

ഹ ഹ ഹ..രമാ കലക്കി...

രസിച്ചു...

നിന്നോട് ഞാന്‍ ആദ്യേ പറഞ്ഞതാ സാജനല്ല നീയാ പുലീന്ന്...ഏത്...?

:)

മുരളീധരന്‍ വി പി said...

തെന്നാലി, കലക്കി.

ഞങ്ങളൊക്കെ പഠിക്കണ കാലത്ത് സമരം ചെയ്യണോര് നേരത്തെ എത്തി കോണിപ്പടിയിലിരുന്ന് സമരം തുടങ്ങുകയായിരുന്നു പതിവ്. മുകളിലത്തെ നിലയിലുള്ളവരൊക്കെ താഴെ നില്‍ക്കും. പ്യൂണിനെ ബെല്ലടിക്കാന്‍ സമ്മതിക്കാറില്ല. അതു കൊണ്ടു തന്നെ നേതാക്കന്മാര്‍ക്ക് ഒരോ ക്ലാസിലും ചെന്ന് ഇങ്ങനെ ചമ്മണ്ട അവസ്ഥ ഉണ്ടാവാറുമില്ല.
S N Collegil ക്ലാസ് വിട്ടാല്‍ ശ്രീരാമക്കു മുമ്പിലൂ ടെ നടന്ന് വീട്ടിലേക്ക് പോരുമ്പോള്‍ അവിടേ എങ്ങനെയാണ് സമരം എന്ന് നോക്കാന്‍ മെനക്കെട്ടിട്ടുമില്ല.

ഉപാസന || Upasana said...

നന്നായി രാമാ
:)
ഉപാസന

വികടൻ said...

ഹിഹിഹി... പെടച്ചു പെടച്ചു. പേരിനു പോലും വെള്ളം ചേര്‍ത്തിട്ടില്ല കഥയില്‍. ഇതേ പുരുഷോത്തമന്‍ സാറിന്റെ കാറിന്റെ മേലേയ്ക്ക്‌ ചക്ക വെട്ടി ഇട്ട കുന്നംകുളം പോളി ഡാക്കളുടെ ആ ഒരു ഗട്ട്‌സ്‌ സമ്മതിക്കണം.

സമയം ഓണ്‍ലൈന്‍ said...

nice blog
by
http://www.samayamonline.in

ഇടിവാള്‍ said...

പോസ്റ്റുകളെല്ലാം വായിച്ചു കേട്ടാ ;) അലക്കീട്ട്ണ്ട്ല്ലോ!

എന്താ ഇപ്പോ ഒരു ഗ്യാപ്പ്? തുടരൂ ..

മറ്റൊരു വെങ്കിടങ്ങുകാരന്‍ !

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the MP3 e MP4, I hope you enjoy. The address is http://mp3-mp4-brasil.blogspot.com. A hug.

webstudio said...

ആ സമയത്ത്‌ ഒരു കൊതുക്‌ എന്റെ മുഖത്ത്‌ വന്നുകടിച്ചാല്‍ കൊതുക്‌ ചമ്മിപ്പോയേനെ...ഒരുതുള്ളിപോലും ചോര കിട്ടാതെ... :)

തെന്നാലിരാമന്‍‍ said...

ഒരുപാട്‌ കാലത്തിനുശേഷമാണീ വരവ്‌. ഒരു നന്ദിവാക്കുപോലും പറയാതിരുന്നതിന്‌ എല്ലാവരോടും ആദ്യം വലിയൊരു ക്ഷമാപണം...പണിത്തിരക്കും മടിയും എല്ലാം കാരണങ്ങളായി പറയാമെങ്കിലും തെറ്റ്‌ തെറ്റല്ലാതാവില്ലല്ലോ. വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും തെന്നാലിയുടെ നന്ദി... ഇനി ഞാന്‍ ഇവിടൊക്കെത്തന്നെ കാണും, എല്ലാരേം വീണ്ടും ബോറടിപ്പിച്ചു കൊല്ലാന്‍ :-)

ഇസാദ്‌ said...

ആ സമയത്ത്‌ ഒരു കൊതുക്‌ എന്റെ മുഖത്ത്‌ വന്നുകടിച്ചാല്‍ കൊതുക്‌ ചമ്മിപ്പോയേനെ...ഒരുതുള്ളിപോലും ചോര കിട്ടാതെ...

ഹ ഹ ഹഹഹ് .. അത് കലക്കി

ഗൗരിനാഥന്‍ said...

നന്നയിട്ടുണ്ട്..ഇതേതു പോളിയാ...

തെന്നാലിരാമന്‍‍ said...

ഇസാദ്‌, എന്തായലും കൊതുകിനെ ചമ്മിപ്പിക്കേണ്ടിവന്നില്ല :-) നന്ദി മാഷ്‌.

ഗൌരി, നന്ദി. വലപ്പാട്‌ ശ്രീരാമാ പോളി. ഞങ്ങളെ ഞങ്ങളാക്കിയ ഞങ്ങടെ പോളി :-)