Nov 7, 2007

കരുമുരളീരവം

പണ്ട്‌പണ്ട്‌ ഒരു കാട്ടില്‍ കുറെ മരങ്ങളിലായി ഒരുപാട്‌ കുരങ്ങന്മാര്‍ താമസിച്ചിരുന്നു. അവിടെ കുരണ്‍ഗ്രസ്സ്‌ എന്ന വലിയൊരുമരത്തില്‍ കുരങ്ങാകരന്‍ എന്നൊരു കുരങ്ങന്‍ ഉണ്ടായിരുന്നു. ആ കുരങ്ങനായിരുന്നു ആ മരത്തിലെ ലീഡര്‍. കുരങ്ങാകരന്‌ രണ്ട്‌ മക്കളുണ്ടായിരുന്നു. ഒരു ആണും ഒരു പെണ്ണും. കുരങ്ങീധരനും പപ്പിക്കുരങ്ങും.

എപ്പോഴും കുരങ്ങാകരന്‍ രണ്ടുമക്കളേയും തോളിലെടുത്തുകൊണ്ടേ നടക്കാറുള്ളൂ. ഇതുകാണുമ്പോള്‍ മറ്റു കുരങ്ങന്മാര്‍ കുരങ്ങാകരനെ ഉപദേശിക്കും.

"മരത്തിന്റെ മുകളിലേക്ക്‌ ഇവരേയും താങ്ങിനടന്നാല്‍ അവസാനം എല്ലാവരുടേയും ഭാരം താങ്ങാനാവാതെ ലീഡര്‍ താഴേക്കു വീഴുമേ"

പക്ഷേ കുരങ്ങാകരന്‍ അതൊന്നും ചെവിക്കൊണ്ടില്ല. എങ്ങോട്ടുപോകുമ്പോഴും മക്കളേം താങ്ങിക്കൊണ്ടുതന്നെ നടന്നു.കാലം കടന്നുപോയി. മക്കള്‍ വളര്‍ന്നു. സ്വാഭാവികമായും അവരുടെ ഭാരം കൂടി. കുരങ്ങീധരന്‌ ശരീരഭാരത്തോടൊപ്പം തലക്കനവും കൂടി.

ഒടുവില്‍ അനിവാര്യമായത്‌ സംഭവിച്ചു. ഭാരം താങ്ങാനാവാതെ ബാലന്‍സ്‌ തെറ്റി ലീഡര്‍ കുരങ്ങന്‍ ആ വന്മരത്തിന്റെ മുകളില്‍നിന്ന്‌ താഴേക്ക്‌ വീണു.ഒരുവിധത്തില്‍ മക്കളേയും താങ്ങി മരത്തിലേക്ക്‌ തിരികെ വലിഞ്ഞുകയറിയെങ്കിലും, മുകളിലത്തെ ചില്ലയില്‍ മറ്റുചില കുരങ്ങന്മാര്‍ ചേക്കേറിയിരുന്നു. തല്‍ക്കാലത്തേക്ക്‌ കുരങ്ങാകരനും മക്കളും താഴത്തെ ചില്ലയില്‍ കേറിക്കൂടി.

തന്റെ അവസ്ഥയില്‍ മനംനൊന്തിരിക്കുന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

താഴെ ഇരുന്നുകൊണ്ട്‌ മുകളിലിരിക്കുന്ന കുരങ്ങന്മാരെ ശല്യപ്പെടുത്താവുന്നതിന്റെ പരമാവധി ചെയ്യാന്‍ എപ്പോഴും കുരങ്ങാകരന്‍ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി മുകളിലുള്ള ഒരു കുരങ്ങുണ്ണിത്താന്റെ ഉടുതുണി മകന്‍ കുരങ്ങീധരനെക്കൊണ്ട്‌ മറ്റുള്ളവരുടെ മുന്നില്‍വെച്ച്‌ അഴിപ്പിക്കുക വരെ ചെയ്തു. പോരാത്തതിന്‌ മുകളിലിരിക്കുന്ന കുരങ്ങന്മാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും എതിര്‍ക്കാനും തുടങ്ങി.

പക്ഷേ അതുകൊണ്ടൊന്നും ഒരുകാര്യവുമില്ലെന്നു മനസ്സിലായപ്പോള്‍ കുരങ്ങാകരന്‍ പാളയത്തില്‍ പടയുണ്ടാക്കന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം തന്റെ മക്കളേയും പിന്നെ വേറെ കുറെ കുരങ്ങന്മാരേയും കൊണ്ട്‌ ആ മരത്തില്‍ നിന്നിറങ്ങിപ്പോയി. വേറൊരു ചെറിയ മരത്തില്‍കയറി സ്വയം രാജാവായി പ്രഖ്യാപിച്ച്‌ പൊറുതിയും തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം സമീപത്തുള്ള, ചുവന്ന ഇലകളുള്ള ഒരു മരത്തില്‍നിന്നും കുറേ പേര്‍ കുരങ്ങാകരനെ കാണാന്‍ വന്നു. മക്കള്‍ക്ക്‌ തിന്നാന്‍ കുറെ പഴങ്ങളും കൊടുത്തു. സന്തുഷ്ടനായ കുരങ്ങാകരന്‍ മക്കളേയും പിന്നെ തന്റെ പുറകേ കൂടിയ മറ്റു കുരങ്ങന്മാരേയും കൂട്ടി ചുവന്ന ഇലകളുള്ള മരത്തിലേക്ക്‌ ചെന്നു.

ആ മരത്തിലെ പലര്‍ക്കും കുരങ്ങാകരന്റെ ഈ വരവ്‌ ഇഷ്ടപ്പെട്ടില്ല. അവിടുത്തെ പ്രായം കൂടിയ കുരങ്ങനായ കുരങ്ങാനന്ദന്‍ കുരങ്ങാകരനെ നോക്കി കൊഞ്ഞനം കാണിക്കുകയും കുരങ്ങീധരന്റെ ചെവിയില്‍ പിടിച്ചുവലിക്കുകയും ചെയ്തെങ്കിലും മുടിനീട്ടിവളര്‍ത്തിയ അന്ന്യന്‍ കുരങ്ങന്‍ ഇടപെട്ട്‌ അവരെ സമാധാനിപ്പിച്ചു.

കുരണ്‍ഗ്രസ്സ്‌ മരത്തിലെ കുരങ്ങന്മാരും ചുവന്ന ഇലയുള്ള മരത്തിലെ കുരങ്ങന്മാരും തമ്മില്‍ ഒരു മത്സരം നടക്കാനിരിക്കുന്ന സമയമായിരുന്നു അത്‌. അന്ന്യന്‍ കുരങ്ങനായിരുന്നു ചുവന്ന മരത്തിന്റെ പ്രതിനിധി. കുരങ്ങാകരനില്‍ നിന്നും കുരണ്‍ഗ്രസ്സ്‌ മരത്തിലുള്ള കുരങ്ങന്മാരുടെ തന്ത്രങ്ങളെല്ലാം മനസ്സിലാക്കിയ അന്ന്യന്‍ കുരങ്ങന്‍ മത്സരത്തില്‍ വിജയിച്ചു.

വിജയാഘോഷം നടക്കുമ്പോള്‍ മക്കളേം തോളില്‍ക്കേറ്റി കൈവിട്ട്‌ മതിമറന്നാടിയ കുരങ്ങാകരനെ തക്കം നോക്കി കുരങ്ങാനന്ദന്‍ ആരുമറിയാതെ താഴേക്ക്‌ തള്ളിയിട്ടു. വീണ്ടും പൊത്തിപ്പിടിച്ചുകേറാന്‍ നോക്കിയ അവരെ അന്ന്യന്‍ കുരങ്ങനടക്കമുള്ള കുറെ കുരങ്ങന്മാര്‍ വീണ്ടും തള്ളിത്താഴേക്കിട്ടു. ഇനിയിവിടെ കയറാന്‍ പറ്റില്ലെന്നുറപ്പായപ്പോള്‍ കുരങ്ങാനന്ദനെ നോക്കി "പോടാ കുരങ്ങാ" എന്നു വിളിച്ച്‌ കുരങ്ങാകരനും കൂട്ടരും തങ്ങളുടെ ചെറിയ മരത്തിലേക്കുതന്നെ തിരിച്ചുപോയി.

അടുത്ത മത്സരത്തില്‍ മറ്റു രണ്ട്‌ മരത്തിലെ കുരങ്ങന്മാരേയും ഒറ്റക്കു തോല്‍പ്പിക്കുമെന്ന്‌ കുരങ്ങാകരന്‍ പ്രതിജ്‌ഞ്ഞ ചെയ്തു. ആവുന്ന പണി ചെയ്താല്‍ പോരേ എന്നു കൂടെയുള്ള കുരങ്ങന്മാരില്‍ ചിലര്‍ കുരങ്ങാകരനോട്‌ ചോദിച്ചെങ്കിലും അച്ഛനും മക്കളും അതൊന്നും ചെവിക്കൊണ്ടില്ല.അങ്ങനെ കൂട്ടത്തില്‍ ചില കുരങ്ങന്മാര്‍ കുരങ്ങാകരനെ തെറിവിളിച്ച്‌ കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കുതന്നെ തിരിച്ചുപോയി.

ഇതുകണ്ട്‌ വിഷമിച്ചുനിന്ന കുരങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

അങ്ങനെ മത്സരമായി. അച്ഛനും മക്കളും കൂടെയുള്ള കുരങ്ങന്മാരും ആവുന്നത്‌ ശ്രമിച്ചെങ്കിലും മറ്റുകുരങ്ങന്മാരെല്ലാം ചേര്‍ന്ന്‌ അച്ഛന്റേം മക്കടേം കട്ടേം പടോം മടക്കി.ഈ സംഭവത്തോടെ പപ്പിക്കുരങ്ങ്‌ നാടുവിട്ടുപോയി. അതിനുശേഷം പപ്പിക്കുരങ്ങിനെക്കുറിച്ച്‌ ആരും കേട്ടിട്ടില്ല.

മനസ്സ്‌ തളര്‍ന്ന്‌ വിഷമിച്ചിരുന്ന കുര്‍ങ്ങാകരനോട്‌ കുരങ്ങീധരന്‍ പറഞ്ഞു.

"സാരല്ല്യാ അച്ഛാ. അച്ഛന്റെ കൂടെ ഞാനുണ്ട്‌"

പുത്രസ്നേഹിയായ അച്ഛന്‍ കുരങ്ങന്റെ മനസ്സ്‌ നിറഞ്ഞു.

അങ്ങനെയിരിക്കെ നല്ല പവറുള്ള മറ്റൊരു കുരങ്ങന്‍ കുരങ്ങാകരനെ സഹായിക്കാനെത്തി. തന്റെ മരത്തിന്റെ താഴത്തെ ചില്ലയില്‍ കയറിയിരുന്നോളാന്‍ ആ കുരങ്ങന്‍ കുരങ്ങാകരനോട്‌ പറഞ്ഞു. അങ്ങനെ കുരങ്ങാകരനും കുരങ്ങീധരനും ബാക്കി കുരങ്ങന്മാരും പവറുള്ള കുരങ്ങന്റെ കൂടെക്കൂടി.

പക്ഷേ കാലക്രമേണ തനിക്കവിടെ മുകളിലെ ചില്ലകളൊന്നും കിട്ടില്ലെന്നു മനസ്സിലാക്കിയ കുരങ്ങാകരന്‍ ഒരു ദിവസം മകനെ വിളിച്ചുപറഞ്ഞു.

"വല്ലവന്റേം മരത്തില്‍ അടിമകളായി ജീവിക്കണതിലും നല്ലത്‌ സ്വന്തം മരത്തില്‍ സാധാരണക്കാരനായി ജീവിക്കണതാണ്‌. നമുക്കു കുരണ്‍ഗ്രസ്സ്‌ മരത്തിലേക്കു മടങ്ങിപ്പോകാം"

പതിവുപോലെ "അച്ഛന്റെ കൂടെ ഞനും ഉണ്ട്‌" എന്ന മറുപടിക്കു കാത്തുനിന്ന കുരങ്ങാകരനെ ഞെട്ടിച്ചുകൊണ്ട്‌

"അച്ഛന്‍ പോണേല്‍ പൊക്കോ....ഞാന്‍ വരണില്ല"

എന്നും പറഞ്ഞ്‌ കുരങ്ങീധരന്‍ മരത്തിന്റെ മുകളിലെ ചില്ലയിലേക്ക്‌ ഓടിപ്പോയി.

[കരുണാകരന്‍ പോയാലും NCP ക്ക്‌ ഒന്നും സംഭവിക്കില്ല എന്ന മുരളീധരന്റെ പ്രസ്താവന കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ്‌. ദയവായി ഇതില്‍ രാഷ്ട്രീയം കാണരുത്‌. വെറുമൊരു തമാശയേ ഉദ്ദേശിച്ചുള്ളൂ. ഈ കൊച്ചുകഥ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌. കഥകള്‍ കഥകളായിത്തന്നെയിരിക്കട്ടെ. കലഹങ്ങള്‍ക്ക്‌ വഴിമാറാതിരിക്കട്ടെ]

20 comments:

തെന്നാലിരാമന്‍‍ said...

ഈ കഥയിലെ കുരങ്ങന്മാര്‍ക്ക്‌ ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ മറ്റു കുരങ്ങന്മാരുമായി യാതൊരു ബന്ധവുമില്ല. അഥവാ എന്തെങ്കിലും സാദ്ര്ശ്യം തോന്നുന്നുണ്ടെങ്കില്‍ അതവരുടെ കയ്യിലിരിപ്പുകൊണ്ട്‌ മാത്രം

എന്റെ ഉപാസന said...

രാമാ‍ാ : നന്നായി പോരട്ടെ കഥകള്‍
:)
ഉപാസന

Satheesh :: സതീഷ് said...

നന്നായിട്ടുണ്ട്!

സഹയാത്രികന്‍ said...

രാമാ...രാമാ...രാമ രാമ രാമ....

കൊള്ളാം...

:)

RR said...

കൊള്ളാം :)

ഏ.ആര്‍. നജീം said...

ശെഡാ...
ഇതിലെ കഥാപാത്രങ്ങളെ ഞാന്‍ എവിടേയോ കണ്ടിട്ടൂണ്ടല്ലോ... അത് ഒന്നു ചോദിക്കാമെന്ന് വച്ചാ കയ്യിലിരിപ്പ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുന്നു....
ആഹ് എന്തെങ്കിലും ആവട്ടെ എന്തായാലും ഒരുപാട് ഗുണപാഠമുള്ള കഥ

വാല്‍മീകി said...

ആഹ.. നല്ല അവതരണം.

മുരളി മേനോന്‍ (Murali Menon) said...

തൃപ്രയാര്‍ കമ്മിറ്റിയിലേക്ക് ഇതിന്റെ ലിങ്ക് അയച്ചുകൊടുത്തീട്ടുണ്ട്.... തൃപ്രയാര്‍ പുഴയിലൂടെ തെക്കോട്ട് നീന്തിയാലും വീട്ടിലേക്ക് കേറാന്‍ എളുപ്പവഴിയുണ്ടല്ലോ അല്ലേ....

ഹ ഹ ഹ.... അടി എരന്നു വാങ്ങാന്‍ ഓരോ വഴികള്‍.... ഇതിപ്പോ ഉന്തിന്റെ കൂടെ ഒരു തള്ളും എന്നു പറഞ്ഞതുപോലെയായ് പാവങ്ങള്‍ടെ ഒരു കാര്യം.

കൊള്ളാം ട്ടാ

സണ്ണിക്കുട്ടന്‍ /Sunnikuttan said...

തെന്നാലി, ഇതങ്ങട്ട് ശരിക്ക് ബോധിച്ചു ട്ടോ!

വേണു venu said...

ഇതാണു് കുരങ്ങാണിസം. രസിച്ചു തെന്നാലി.:)

പൈങ്ങോടന്‍ said...

ഇതു വളരെ മൃഗീയവും പൈശാചികവുമായിപോയി....
ഹി ഹി ഹി
അസ്സലായിരിക്ക്‍ണൂ

തെന്നാലിരാമന്‍‍ said...

ഉപാസന ഭായ്‌, സതീഷ്‌ഭായ്‌, സഹന്‍ചേട്ടാ, rr ഭായ്‌, അഭിപ്രായങ്ങള്‍ക്കു നന്ദിയുണ്ട്‌ട്ടോ. :-)

നജീമിക്കാ, കയ്യിലിരിപ്പെന്നു പറഞ്ഞത്‌ കഥാപാത്രങ്ങളുടെ കയ്യിലിരിപ്പിനെപ്പറ്റിയാണേയ്‌...;-)അഭിപ്രായത്തിനു നന്ദീട്ടോ...

വാല്‍മീകിഭായ്‌, നന്ദി :-)

തെന്നാലിരാമന്‍‍ said...

എന്റെ പൊന്നുമുരളിച്ചേട്ടാ, എന്നോടിത്‌ വേണ്ടായിരുന്നു. പുഴനീന്തിയാലും വീട്ടിലെത്താം. പക്ഷേ പുഴ വരെ എത്തണ്ടേ:-)
അഭിപ്രായത്തിനു താങ്‌ക്‍സ്‌ണ്ട്‌ട്ടാ:-)
സണ്ണിക്കുട്ടാ, നന്ദി :-)
വേണുച്ചേട്ടാ, ഇതുതന്നെയല്ലേ കുരങ്ങ്യൂണിസവും...:-) നന്ദി...
പൈങ്ങോടരേ...നന്ദി:-)

നിഷ്ക്കളങ്കന്‍ said...

തെന്നാലീ,
ചിരിപ്പിച്ചു കൊന്നു. കേട്ടോ. :))))
കൊള്ളാം കുരങ്ങനിസ്സവും കുരങ്ങ്യൂണിസ്സവും . ഹ ഹ ഹ

തെന്നാലിരാമന്‍‍ said...

നിഷ്‌കളങ്കന്‍ഭായ്‌, നന്ദിയുണ്ടേയ്‌...:-)

ഹരിശ്രീ said...

ആക്ഷേപഹാസ്യം അടിപൊളി...

തെന്നാലിരാമന്‍‍ said...

ഹരിശ്രീഭായ്‌, നന്ദി :-)

Sibi said...

Mahesheeeeeeeeeee..........

manasilaayitto...........

തെന്നാലിരാമന്‍‍ said...

sibeee...welcome...:-)

ഒരു ആത്മ സംതൃപ്തിക്കായ്........ said...

ആദ്യമായാണ് ഈ വഴിയില് മനോഹരം