Nov 5, 2007

രാമുണ്ണിനായര്‍ ആട്ടക്കഥ ഒന്നാം ദിവസം

"മീനേ...., മീനേ"

പുറത്തുനിന്ന്‌ ഉറക്കെയുള്ള വിളികേട്ട്‌ അകത്തിരുന്ന്‌ മുറുക്കാന്‍ ചവക്കുകയായിരുന്ന ഭാനുമതിയമ്മ വിളിച്ചുപറഞ്ഞു

"എട്യേ തങ്കമണ്യേ...മീനെന്താന്ന്‌ നോക്കിയേടീ. നല്ലതുവല്ലോം ആണേല്‌ കൂട്ടാത്തിന്‌ കൊറച്ച്‌ വാങ്ങിച്ചോ"

"ഓാാ, ഈ പണ്ടാറത്തള്ളേനെക്കൊണ്ട്‌ ഞാന്‍ തോറ്റു. അതു മീന്‍കാരനൊന്നുമല്ല. ആ കോന്തന്‍ നായര്‌ അയാടെ മോളെ വിളിക്കണതാ"

അടുക്കളയില്‌ മനോരമേം വായിച്ചോണ്ടിരുന്ന തങ്കമണി ആദ്യത്തെ വാചകം പതിയെയും പിന്നത്തേത്‌ തൊണ്ടയുടെ മാക്സിമം പവറിലും പറഞ്ഞു

..............................................................................................................

"മീനേ, ഡീ കുരുത്തംകെട്ടോളേ, ഇറങ്ങിവാടീ"

രാമുണ്ണ്യായര്‌, നേരത്തെ തങ്കമണി പറഞ്ഞ അതേ കോന്തന്‍നായര്‌, തന്റെ വീടിനുമുന്നില്‍ നിന്ന്‌ അലറി. നായര്‌ ആളൊരു ആജാനുബാഹു. അഞ്ചടി പൊക്കം. മെലിഞ്ഞ ശരീരം. കോപം കൊണ്ട്‌ നായര്‍ അടിമുടി വിറച്ചു. വിറയലിന്റെ കാരണം കോപം മാത്രമായിരുന്നില്ല. പതിവുള്ള സ്മാളടി അന്ന്‌ നടന്നിരുന്നില്ല. വീശിയില്ലേല്‍ പുള്ളീടെ കയ്യും കാലും വിറക്കും. രണ്ടെണ്ണം വിടാന്‍ വേണ്ടി പുറത്തോട്ടിറങ്ങിയപ്പോഴാണ്‌ കവലയില്‍ വെച്ച്‌ വര്‍ക്കിമാപ്പള ഈ കാര്യം പറഞ്ഞത്‌. കേട്ട ഉടനെ തിരിച്ചതാണ്‌ വീട്ടിലേക്ക്‌.

നായരുടെ അലര്‍ച്ച കേട്ട്‌ അകത്തുനിന്ന്‌ നല്ലപാതി ഭവാനി ഇറങ്ങിവന്നു.

"എന്താ? എന്തിനാ ഈ കിടന്ന്‌ ചാടണത്‌?"

"ഫഠേ" എന്നൊരു ശബ്ദമായിരുന്നു അതേത്തുടര്‍ന്ന് കേട്ടത്‌. മലയാളം സെക്കന്റ്‌ ലാംഗ്വേജായിപ്പോലും പഠിക്കാത്തവര്‍ ശ്രദ്ധിക്കുക. അതു "ഫ + പഠേ" എന്നായിരുന്നു. ഇറങ്ങിവന്ന നല്ലപാതിക്ക്‌ രാമുണ്ണ്യായര്‌ വക ആട്ടൊന്ന്, അടിയൊന്ന്.

"നിന്റെ പേരാണോടീ മീനാന്ന്? അതോ കുരുത്തം കെട്ടവളെന്ന്‌ വിളിച്ചതോണ്ടാണോ നിന്നെ കെട്ടിയെടുത്തത്‌? ചെന്ന്‌ നിന്റെ മോളെ ഇറക്കിവിടടീ...ഇന്നവളെ ഞാന്‍ കൊല്ലും"

കിട്ടിയതും കൊണ്ട്‌ തൃപ്തയായി ഭവാനിച്ചേച്ചി അകത്തേക്ക്‌ ഊളിയിട്ടു. അങ്ങാടീല്‍ തോറ്റതിന്റെ കെറുവ്‌ അകത്ത്‌ ടീവീം കണ്ടോണ്ടിരിക്കണ സല്‍പ്പുത്രിയോട്‌ തീര്‍ത്തു.

"ചെകിട്‌ കേട്ടൂടേടീ മന്തിപ്പോത്തേ...നെന്നെ ദേ നെന്റെ മുതുകാലന്‍ തന്ത വിളിക്കണ്‌. ചെന്നു കിട്ടാനുള്ളത്‌ വാങ്ങിച്ചോണ്ട്‌ പോരേ..."

അരിച്ചാക്കിന്റെ മുകളില്‍ വരിക്കച്ചക്ക എടുത്തുവെച്ചതുപോലുള്ള ഭാരിച്ച ശരീരവും താങ്ങി മിസ്സ്‌ മീനാരാമുണ്ണി പുറത്തേക്ക്‌ ചെന്നു.നായര്‌ പക്ഷേ ഭവാനിയെ വരവേറ്റതുപോലെ മീനക്കിട്ട്‌ പൊട്ടിക്കാന്‍ പോയില്ല. കാര്യം മോളാണെങ്കിലും അവടെ കയ്യീന്ന്‌ ഒന്നുകിട്ടിയാല്‍ JCB കേറിനിരങ്ങിയ മൂന്നാറുപോലെയാകും തന്റെ കാര്യമെന്ന്‌ കക്ഷിക്ക്‌ നന്നായിട്ടറിയാം. അതുകൊണ്ട്‌ ഒരു കയ്യകലം സൂക്ഷിച്ചുകൊണ്ടാണ്‌ ചോദിച്ചത്‌.

"ഡീ, നീയും ആ അരവിന്ദന്‍മാഷും ആയിട്ടെന്താ ബന്ധം?"

"ആ,എനിക്കറിയാന്‍മേല. അമ്മയോടെങ്ങാനും ചോദിക്ക്‌. വകയില്‌ വല്ല ബന്ധവും ഉണ്ടോന്ന്‌"

"പ്‌ഫാ...തറുതല പറയുന്നോടീ പുല്ലേ...അവന്‍ നെന്റെ അമ്മേടെ ബന്ധുവാണോന്നല്ലടീ ശവമേ ഞാന്‍ ചോദിച്ചത്‌.അവടമ്മേടെ...ബന്ധം...എടീ നീയും അവനും തമ്മിലെന്താ ഇടപാടെന്ന്?"

"ദേ അച്ഛാ, വേണ്ടാതീനം പറയരുത്‌. കള്ളുകുടിച്ചാല്‍ വയറ്റീകിടക്കണം"

ഒരുതുള്ളിപോലും മോന്താതെ കരിംപച്ചക്ക്‌ നിക്കുന്ന തന്നോട്‌ ആ പറഞ്ഞത്‌ രാമുണ്ണ്യായര്‍ക്കു പിടിച്ചില്ല. ആ ദേഷ്യം കൂടി ചേര്‍ത്ത്‌ സല്‍പ്പുത്രിയുടെ തലമുടിക്ക്‌ കുത്തിപ്പിടിച്ച്‌ നായര്‌ അലറി.

"നായിന്റെ മോളേ...."

അങ്ങനെ വിളിച്ചാല്‍ നായയാകുന്നത്‌ താനാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും നായര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെ മീന അത്‌ തിരുത്താനും പോയില്ല.

"സത്യം പറയെടീ....നീയും ആ അരവിന്ദന്‍മാഷും തമ്മിലെന്താടീ ഏര്‍പ്പാട്‌? നിങ്ങള്‌ രണ്ടുംകൂടെ സിംലയില്‌ സിനിമാക്ക്‌ പോയെന്ന്‌ ആ വര്‍ക്കിമാപ്പ്പ്പള പറഞ്ഞല്ലോടീ...നീ കോളേജീപ്പോണത്‌ അവടത്തെ സാറമ്മാരുടെ കൂടെ തെണ്ടാന്‍ പോകാനാണോടീ?"

ഇത്തവണ മീന ഒന്നു ഞെട്ടി. ക്രൗച്ചിംഗ്‌ ടൈഗര്‍ മോഡല്‍ ഒരു പ്രയോഗത്തിലൂടെ തന്റെ മുടികൊഴിയാതെ, ശ്രദ്ധയോടെ നായരുടെ പിടിവിടുവിച്ച്‌ മീന ചീറി.

"വര്‍ക്കിമാപ്പള പറഞ്ഞെങ്കി അയ്യാടെ പെണ്ണുമ്പിള്ളയാവും സിനിമാക്കു പോയത്‌. അരവിന്ദന്‍ മാഷോട്‌ ഞാനിതുവരെ മിണ്ടീട്ടുകൂടിയില്ല. പിന്നല്ലേ സിനിമാപ്പോക്ക്‌. അച്ഛന്‍ വെറുതെ നാട്ടാര്‌ ഓരോന്ന്‌ പറയണതും കേട്ട്‌ സത്യമറിയാതെ എന്റെ മെക്കിട്ട്‌ കേറല്ലേ"

ശക്തമായ ഈ ഡയലോഗ്‌ കേട്ടപ്പോ നായര്‍ക്കും ഡൗട്ടായി. ഇനിയിപ്പോ മാപ്പ്‌ള വെറുതെ പറഞ്ഞതാവുമോ? ഏയ്‌...എന്നാലും സ്വന്തം മോളെക്കുറിച്ച്‌ ഒരു തന്തയോട്‌ ഒരുത്തന്‍ അങ്ങനെ നുണ പറയുമോ?

അച്ചന്റെ ശൗര്യം ഒന്നടങ്ങിയെന്ന്‌ കണ്ടതോടെ മീനയുടെ കുരുട്ടുബുദ്ധി വര്‍ക്കൗട്ടായി.

"അല്ലേലും ആ ക്‍ണാപ്പന്‍ മാപ്പ്‌ളക്ക്‌ ചെറിയൊരു സൂക്കേടുള്ളതാ...കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെ പറ്റി വേണ്ടാതീനം പറഞ്ഞുണ്ടാക്കണത്‌"

"കാണാന്‍ കൊള്ളാവുന്ന" എന്ന ആ പ്രയോഗം, "ഇവളിതാരെക്കുറിച്ചാണ്‌ പറയണത്‌" എന്നൊരു ആശങ്ക നായര്‍ക്കുണ്ടാക്കിയെങ്കിലും അവളുടെ മോന്തക്കുറ്റിയില്‍ പ്രത്യക്ഷപ്പെട്ട ഭാവത്തില്‍ നിന്നും അതു ലവളെക്കുറിച്ചുതന്നെയായിരുന്നു എന്ന്‌ മനസ്സിലായി.നായരിങ്ങിനെ വര്‍ണ്ണ്യത്തിലാശങ്കയുമായി നില്‍ക്കുമ്പോള്‍, കിട്ടിയ തല്ലിന്റെ ചൂട്‌ വളരെ സിമ്പിളായി കൈകൊണ്ട്‌ തൂത്തുകളഞ്ഞ്‌ ഭവാനിയും മകളുടെ സൈഡില്‍ കളിക്കാനെത്തി.

"വല്ലവരും പറയണത്‌ കേട്ട്‌ സ്വന്തം മോളെപ്പറ്റി വേണ്ടാതീനോം പറഞ്ഞ്‌ വന്ന്‌, പെമ്പ്രന്നോത്തിയേം തല്ലി ഞെളിഞ്ഞുനിക്കണ്‌. നാണമില്ലേ മനുഷ്യാ? ചെന്ന്‌ ഇതുപറഞ്ഞോനോട്‌തന്നെ ചെന്ന്‌ ചോദിക്ക്‌"

പറയണതിനിടക്ക്‌ തന്നെ തല്ലിയത്‌ അനാവശ്യമായിപ്പോയെന്നും, അതു താന്‍ പെന്റിംഗില്‍ ഇട്ടിട്ടുണ്ടെന്നും വ്യക്തമായ സൂചന നല്‍കാന്‍ ഭവാനി മറന്നില്ല.

നായര്‌ പിന്നെ ഒന്നും ആലോചിച്ചില്ല. അധവാ ആലോചിക്കന്‍ മാത്രമുള്ള ബുദ്ധിയൊന്നും ആ മന്തന്‍ തലക്കകത്തുണ്ടായിരുന്നില്ല. വന്ന ഗിയറില്‍ തന്നെ കവലയിലേക്ക്‌ തിരിച്ചു

..............................................................................................................

ഡെസ്പ്പടിച്ചിരിക്കുന്ന മകളെ കണ്ടപ്പോള്‍ ഭവാനിക്ക്‌ സങ്കടം വന്നു. അവര്‍ സങ്കടം കടിച്ചമര്‍ത്തി. അമര്‍ത്തിയമര്‍ത്തി പല്ലുപൊട്ടാറായപ്പോള്‍ ഭവാനി മകളോട്‌ പറഞ്ഞു

"പോട്ടെ മോളേ...മോളതങ്ങ്‌ വിട്ടുകള. എന്നാലും ആ വര്‍ക്കിമാപ്പ്‌ളക്ക്‌ എങ്ങിനെയീ വേണ്ടാതീനം പറയാന്‍ തോന്നി?"

അത്രേം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഭവാനിക്കും ഒരു ഡൗട്ട്‌. ഒന്നുമില്ലാതെ അയാളിങ്ങിനെ പറയുമോ?

"മോളേ, സത്യം പറ...ഇനി നീയെങ്ങാനും ആ മാഷുടെ കൂടെ സിനിമാക്ക്‌ പോയാ?"

"യൂ റ്റൂ ഭവാനീീ" എന്നൊരു ഭാവത്തില്‍ മീന അമ്മയെ നോക്കിപ്പറഞ്ഞു

"ഇല്ലമ്മേ, ആ മാഷോട്‌ ഞാന്‍ മിണ്ടീട്ട്‌പോലുമില്ല...എന്റെ അമ്മയാണേ സത്യം"

അതമ്മക്കങ്ങ്‌ സുഖിച്ചു. തന്നേപ്പിടിച്ച്‌ സത്യം ചെയ്തതല്ലേ, അവളങ്ങനെയൊന്നും ചെയ്തുകാണത്തില്ല. വര്‍ക്കിമാപ്പ്‌ളയെ പാമ്പുകൊത്തി, ആശുപത്രീല്‍ കൊണ്ടുപോണവഴിക്ക്‌ വണ്ടിയിടിച്ച്‌ ചാകട്ടെ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഭവാനി മോളോട്‌ പറഞ്ഞു

"ആ, എന്റെ മോളതങ്ങ്‌ വിട്ടേക്ക്‌. എന്നാലും ആ വര്‍ക്കി...അയാളെന്തുകാര്യത്തിനാണാവോ ഇങ്ങിനൊക്കെ അതിയാനോട്‌ പറഞ്ഞുകൊടുത്തത്‌?"

അമ്മയുടെ ന്യായമായ ആ സംശയത്തിന്‌ മീന മറുപടി പറഞ്ഞു

"അയാള്‍ക്ക്‌ തെറ്റിയതാവും അമ്മേ...സുഗുണന്‍ മാഷെ കണ്ടിട്ടാവും ആ മണ്ടന്‍ മാപ്പ്‌ള, അരവിന്ദന്‍ മാഷാണെന്ന്‌ കരുതീത്‌"

17 comments:

തെന്നാലിരാമന്‍‍ said...

ചുറ്റുവട്ടത്തുണ്ടായ ഒരു വഴക്കിനെ ഒന്നു പൊലിപ്പിച്ചെടുത്ത്‌ വളിപ്പില്‍ ചാലിച്ച്‌ പോസ്റ്റിയതാണ്‌. വെറുതേ ഒരു പോസ്റ്റ്‌...

ശ്രീ said...

ഹ ഹ... അതു കലക്കി, ആ അവസാനത്തെ ഡയലോഗ്. തേങ്ങ എന്റെ വക ഇരിക്കട്ടേ...

“ഠേ!”
:)

രജീഷ് || നമ്പ്യാര്‍ said...

:-D

നമ്മടെ ഫേവറിറ്റ് :‌ "കാണാന്‍ കൊള്ളാവുന്ന" എന്ന ആ പ്രയോഗം, "ഇവളിതാരെക്കുറിച്ചാണ്‌ പറയണത്‌" എന്നൊരു ആശങ്ക നായര്‍ക്കുണ്ടാക്കിയെങ്കിലും

നിഷ്ക്കളങ്കന്‍ said...

ചില പ്രയോഗങ്ങ‌ളും എഴുത്തിന്റെ ഒരു രീതിയുമൊഴിച്ചാല്‍, രാമാ, ഇതു ബോറായി.

തമനു said...

നല്ല സുന്ദരമായ എഴുത്തു തെന്നാലീ...

ചില പ്രയോഗങ്ങള്‍ പൊട്ടിച്ചിരിപ്പിച്ചു കളഞ്ഞു..
:)

KMF said...

ഇഷ്ടപ്പെട്ടു.

സഹയാത്രികന്‍ said...

ഹ ഹ ഹ... രാ‍മാ കലക്കി...
അടിപൊളി...

"ഡീ, നീയും ആ അരവിന്ദന്‍മാഷും ആയിട്ടെന്താ ബന്ധം?"

"ആ,എനിക്കറിയാന്‍മേല. അമ്മയോടെങ്ങാനും ചോദിക്ക്‌. വകയില്‌ വല്ല ബന്ധവും ഉണ്ടോന്ന്‌“

ഇത് തകര്‍ത്തു...

ഹ..ഹ..ഹ... പോരട്ടേ ഇതേ കണക്കേ..

:)

മുരളീധരന്‍ വി പി said...

ആട്ടക്കഥയുടെ ക്ലൈമാക്സിനു ചെറിയൊരു കണ്ടുപരിചയമോ, കേട്ടുപരിചയമോ ഉള്ളതുപോലെ തോന്നുന്നെങ്കിലും... നന്നായി

കുഞ്ഞന്‍ said...

നല്ല നാടന്‍ എഴുത്ത്..അസ്സലായിട്ടുണ്ട് മാഷേ..!

തെന്നാലിരാമന്‍‍ said...

ശ്രീ, രജീഷ്‌, നിഷ്‌കളങ്കന്‍ചേട്ടാ, തമനു,kmf, സഹന്‍ചേട്ടാ, മുരളീധരന്‍ചേട്ടാ,കുഞ്ഞന്‍ഭായ്‌`, വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാര്‍ക്കും നന്ദിയുണ്ടേയ്‌....

sandoz said...

തെന്നാലീസ്‌...
ചില പ്രയോഗങ്ങള്‍ അങ്ങട്‌ ബോധിച്ചു...
മാഷുമായുള്ള ബന്ധം അമ്മേട്‌ ചോദിക്കാന്‍ പറഞ്ഞത്‌ പൊട്ടിച്ചിരിപ്പിച്ചു...

മൂര്‍ത്തി said...

കൊള്ളാലോ തെന്നാലീ...

മുരളി മേനോന്‍ (Murali Menon) said...

സിനിമയിലല്ലേ കാര്യം, പേരിലെന്തിരിക്കുന്നു.
കഥയറിയാതെ ആട്ടം കാണുന്ന പാവങ്ങള്‍... ഹ ഹ ഹ

കൊള്ളാം തെന്നാലി. അസ്സലായി

തെന്നാലിരാമന്‍‍ said...

സാന്റോസ്‌ ഭായ്‌, മൂര്‍ത്തീച്ചേട്ടാ, മുരളിച്ചേട്ടാ, നന്ദി :-)

വികടന്‍ said...

ഇതങ്ങട്‌ ബോധിച്ചിരിക്കണൂ... സാധാരണ കാണാറുള്ളതില്‍ നിന്നും ഒരു ഭീകര ചെയ്ഞ്ച്‌ വരുത്തിയുള്ള ആ അവതരണം കലക്കി. ദെന്താപ്പൊ ഈ കാണണേ... ഗംഭീരം തന്നെ തെന്നാലീ. ഒറ്റ വരിയിലും വേണ്ടാന്നു വയ്ക്കാനായി ഒരു വാക്കു പോലും ഇല്ല്യാ. വായിക്കാന്‍ ശ്ശി വൈകീച്ചാലും ആസ്വദിച്ചങ്ങട്‌ വായിച്ചിരിക്കണൂ. എഴുത്തിന്റെ കാര്യത്തില്‍ തെനാലി വാമനനായി തുടങ്ങീച്ചാലും ഇപ്പൊ വിശ്വരൂപം കാണിച്ചിരിക്കണൂ. ഭേഷ്‌, ഭേഷ്‌ ...!!! ശിഷ്യപ്പെടാന്‍ തരാവ്വ്വോ ? (അന്യായമണ്ണോ... അന്യായം. സാഷ്ടാംഗം വീണിരിക്കുന്നു. )

ഇസാദ്‌ said...

അമ്മച്ചിയാണേ .. ഈയിടെ വായിച്ചതില്‍ വെച്ച് എന്നെ ഏറ്റ്വും ചിരിപ്പിച്ച ഒരു പോസ്റ്റ്. തകറ്ത്തൂന്ന് വെച്ചാ പൊളിച്ചടക്കി.

എന്താ ഒരു ശൈലി .. നമിച്ചു.

തെന്നാലിരാമന്‍‍ said...

വികടാ, ഇസാദ്ഭായ്‌, വൈകിപ്പോയതിനു ക്ഷമാപണത്തോടെ... നന്ദി...