Feb 10, 2009

കാര്‍ത്തുമ്പിയും പൂവാലന്‍മാരും

ഞാന്‍ പത്താം ക്ളാസ്സില്‍ പഠിക്കണ കാലത്താണ്‌ തേന്‍മാവിന്‍ കൊമ്പത്ത്‌ റിലീസായത്‌. ആ പടവും കാര്‍ത്തുമ്പി എന്ന പേരും മുദുഗവു എന്ന വാക്കും ഒക്കെ ഇങ്ങിനെ മൊത്തത്തില്‍ ഒരു തരംഗമായി നിക്കണ സമയത്താണ്‌ വാവ (ഷജില്‍ എന്നണ്‌ ശരിക്കുള്ള പേര്‌. എണ്റ്റെ ചെറിയച്ഛണ്റ്റെ മോന്‍. എല്ലാരും വാവ എന്നു വിളിക്കും) ഒരു സൈക്കിള്‍ വാങ്ങിയത്‌. വാങ്ങിയതല്ല, പണിയിപ്പിച്ചത്‌. വാവയെക്കുറിച്ച്‌ പറഞ്ഞാല്‍, കക്കൂസില്‍ പോകാനാണേലും അവന്‍ സൈക്കിളിലേ പോകൂ എന്ന്‌ ഞങ്ങള്‍ കളിയാക്കി പറയാറുണ്ട്‌. പിന്നീട്‌ സൈക്കിള്‍ മാറി ബൈക്കും കാറുമൊക്കെ ആയെങ്കിലും ആ സ്വഭാവത്തിന്‌ മാറ്റമൊന്നുമില്ല. രണ്ട്‌ മിനിറ്റ്‌ നടക്കാനുള്ള ദൂരത്തേക്കും അണ്ണന്‍ വണ്ടീം കൊണ്ടേ പോകൂ.

പറഞ്ഞുവന്നത്‌ സൈക്കിളിനെ പറ്റിയാണല്ലോ. കാലുകൊണ്ട്‌ ചവിട്ടുന്ന പോലെയായിരുന്നു അതിണ്റ്റെ ബ്രേക്‌. പെഡലില്‍ നിന്ന്‌ മേലേക്ക്‌ പോണ വടിയിന്‍മേലാണ്‌ ബ്രേക്ക്‌ പെഡല്‍. കൈ വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യണ ബ്രേക്ക്‌ ഇല്ല.പിന്നെ സ്റ്റ്ടെയിറ്റ്‌ ഹാണ്റ്റിലും. ചെലവ്‌ ചുരുക്കലിണ്റ്റെ ഭാഗമായിട്ടോ അതോ ഒരു റഫ്‌ ലുക്ക്‌ വരുത്താനോ എന്തോ, ബെല്ല്‌, ലൈറ്റ്‌,കേരിയര്‍, സ്റ്റാണ്റ്റ്‌ തുടങ്ങിയ ആഡംഭരങ്ങളൊന്നും അവന്‍ അതിനു വെച്ചിരുന്നില്ല. എഴുതാവുന്നിടത്തൊക്കെ കാര്‍ത്തുമ്പി എന്ന്‌ പേരും എഴുതിവെച്ചു.രണ്ട്‌ വീലും പെഡലും ഹാണ്റ്റിലും കാലു കൊണ്ട്‌ ചവിട്ടണ ബ്രേക്കും. അതായിരുന്നു കാര്‍ത്തുമ്പി. സംഗതി ഹിറ്റായി. കാര്‍ത്തുമ്പി ഒരു വികാരമായി പടര്‍ന്നു കയറി. അന്നു ബൈക്ക്‌ നമ്മളെ സംബന്ധിച്ച്‌ ഒരു സ്വപ്നം മാത്രമായതോണ്ട്‌, കാര്‍ത്തുമ്പി ചവിട്ടിച്ചെന്ന്‌ ബൈക്ക്‌ നിര്‍ത്തണ പോലെ കാലുകൊണ്ട്‌ ബ്രേക്ക്‌ ചവിട്ടി നിര്‍ത്തി ജാഡയില്‍ ഇറങ്ങണത്‌ ഞങ്ങള്‍ക്കൊക്കെ ഒരു ത്രില്ലായി. നല്ല തൈരും പപ്പടോം ഒക്കെ കൂട്ടിക്കൊഴച്ച്‌ ചോറുണ്ണുമ്പോ കിട്ടണ ഒരു...ഒരു...ഒരിതില്ലേ...അതിനേക്കാള്‍ ഇതായിരുന്നു കര്‍ത്തുമ്പി ചവിട്ടാന്‍.

ആ പേരിനോടുള്ള ഇഷ്ടം കൊണ്ടോ എന്തോ, എല്ലാര്‍ക്കും കാര്‍ത്തുമ്പിയോട്‌ ഭയങ്കര താല്‍പ്പര്യമായിരുന്നു. എല്ലാരും കൂടി സൈക്കിളെടുത്ത്‌ എങ്ങോട്ടേലും പോകുന്ന അവസരങ്ങളില്‍ കാര്‍ത്തുമ്പിക്കു വേണ്ടി ഒരു അടി പതിവാണ്‌. ആര്‍ക്കു കിട്ടും എന്നുറപ്പില്ലെങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, വാവക്കൊരിക്കലും അതു കിട്ടാറില്ല.

ചെമ്മാപ്പിള്ളിയില്‍ ഉള്ളപ്പോഴൊക്കെ പെരിങ്ങോട്ടുകര കോണ്‍വെണ്റ്റ്‌ വിടാന്‍ നേരത്ത്‌ ഞങ്ങള്‍ക്കൊരു സ്ത്ഥിരം യാത്രയുണ്ടായിരുന്നു സൈക്കിളില്‍. യൂണിഫോമിട്ട ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനി പോലും അവിടെ ബാക്കി ഇല്ലെന്നുറപ്പു വരുത്തിയിട്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. പ്രതിഫലേച്ച്ഛ കൂടാതെ, ഉത്തരവാദിത്തത്തോടെ ഞങ്ങളീ ജോലി വൃത്തിയായി ചെയ്തുപോന്നു. അവിടുത്തെ പെമ്പിള്ളേര്‍ക്കൊക്കെ സ്വാഭവികമായും, ഈ സൈക്കിള്‍ ഇവന്‍മാരുടെ ചന്തിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നതാണൊ എന്നൊരു സംശയം ഉണ്ടായിക്കാണണം. കാരണം സൈക്കിളീന്നിറങ്ങിയിട്ട്‌ അവര്‍ ഞങ്ങളെ ഒരിക്കല്‍ പോലും കണ്ടിരുന്നില്ല. ആദ്യമൊക്കെ പെമ്പിള്ളെര്‍ക്കൊരു കൌതുകമായിരുന്നു, അഞ്ചെട്ടുപേര്‌ അവരു പോണ വഴി മുഴുവന്‍ ഒരു നാണവുമില്ലാതെ ഇങ്ങിനെ തെണ്ടണതു കാണുമ്പോള്‍. കാലക്രമേണ അതു മാറി പുച്ചവും മറ്റു പല ഭാവങ്ങളും ആയിമാറിയെങ്കിലും ഞങ്ങള്‍ തളര്‍ന്നില്ല.

അങ്ങനെ ഒരു ദിവസം. അന്നു കാര്‍ത്തുമ്പിയെ എനിക്കാണ്‌ കിട്ടിയത്‌. കോണ്‍വെണ്റ്റ്‌ പരിസരത്ത്‌ ഞങ്ങല്‍ പട്ട്രോളിംഗ്‌ നടത്തുന്നു.ക്ളാസ്സ്‌ വിട്ടു.മുഖത്തു ഞങ്ങളോടുള്ള പുച്ചം ആവുന്നത്ത്ര വാരിത്തേച്ച്‌ കിളികള്‍ പറന്നുതുടങ്ങി. ഞങ്ങള്‍ യജ്ഞവും തുടങ്ങി. കുറച്ച്‌ നേരം ചവിട്ടിയപ്പോള്‍ മനസ്സില്‍ ഒരാഗ്രഹം,തുമ്പിയെ 180 ഡിഗ്രി തിരിക്കാന്‍. (കാര്‍ത്തുമ്പിയില്‍ ആയിടെ ഞാന്‍ അഭ്യസിച്ച ഒരു സംഭവമായിരുന്നു അത്‌, ചവിട്ടി വന്ന അതേ സ്പീഡില്‍ പെട്ടെന്നുതന്നെ 180 ഡിഗ്രി തിരിച്ച്‌ നേരെ ഓപ്പോസിറ്റ്‌ സൈഡിലേക്ക്‌ ചവിട്ടിപ്പോവുന്ന ഒരു അഡാറ്‌ വിദ്യ. ചവിട്ടി വന്നിട്ട്‌ പെട്ടെന്ന്‌ ചെറുതായി ഒന്നു ബ്രേക്ക്‌ കൊടുത്തിട്ട്‌ ഒറ്റ തിരിച്ചില്‍. തുമ്പി ചതിക്കാറില്ല. വണ്ടി നേരെ ഓപ്പോസിറ്റ്‌ സൈഡിലേക്കായിക്കിട്ടും. ഇതാണോ വല്ല്യ കൊമ്പത്തെ അഭ്യാസം, ഇതിപ്പോ വേറെ ഏതു സൈക്കിളിലും പറ്റില്ലേ എന്നെന്നോടു ചോദിക്കരുത്‌, കാരണം ഞാന്‍ ആകെ ഇത്‌ തുമ്പിയുടെ പുറത്തേ പയറ്റിയിട്ടുള്ളൂ). വരാനുള്ളത്‌ വണ്ടി പിടിച്ചാണേലും വരാതിരിക്കില്ലല്ലോ. എണ്റ്റെ ഈ അമാനുഷികമായ കഴിവ്‌ കാണിച്ച്‌ പെമ്പിള്ളേരെ ഞെട്ടിക്കാന്‍ നാനുറപ്പിച്ചു.

അങ്ങനെ പെണ്‍കുട്ടികള്‍ പോണതിണ്റ്റെ ഓപ്പോസിറ്റ്‌ സൈഡീന്നു ഞാന്‍ ആവുന്നത്ത്ര സ്പീഡില്‍ ചവിട്ടി വന്നു. ഏറ്റവും ജനസാന്ദ്രതയുള്ള സ്ത്ഥലമെത്തിയപ്പോള്‍ ചെറുതായി ബ്രേക്ക്‌ ചവിട്ടി "കാവിലമ്മേ കാത്തോളണേ" എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഒരൊറ്റ തിരിച്ചില്‍. എനിക്കന്ന്‌ കണ്ടകശ്ശനി ആയിരുന്നെന്ന്‌ പിന്നീട്‌ മംഗളം വാരികയിലെ നക്ഷത്ത്രഫലത്തീന്നാണ്‌ ഞാന്‍ അറിഞ്ഞത്‌. അന്നാദ്യമായി തുമ്പി എന്നെ ചതിച്ചു. കൊടും ചതി. തിരിച്ചിലിണ്റ്റെ ശക്തിയില്‍ ഭൂമീദേവിയുടെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ച്‌ കൊണ്ട്‌ ഞാന്‍ ക്രാഷ്‌ ലാണ്റ്റ്‌ ചെയ്തു.

കിടന്ന കിടപ്പില്‍ മരിച്ചു പൊകണേ എന്ന്‌ ആത്മാര്‍ത്ഥ്തമായി ആഗ്രഹിച്ചുപോയി ഒരു നിമിഷത്തേക്ക്‌. ആ കുറച്ച്‌ നേരം കൊണ്ട്‌ ഞാനെന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടു. എണ്റ്റെ അഭ്യാസം കണ്ട്‌ ഒരു 10 പെമ്പിള്ളെരെങ്കിലും എന്നെ പ്രേമിക്കുന്നു. അതില്‍ നല്ല 5 എണ്ണത്തിനെ നോക്കി ഞാനും പ്രേമിക്കുന്നു. അതില്‍ ഏറ്റവും നല്ലതിനെ കെട്ടി ഹണിമൂണിനു പോകുന്നു...ഒരു നിമിഷം കൊണ്ടെല്ലാം തീര്‍ന്നില്ലേ...

പണ്ടു സീതാദേവി മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭൂമി പിളര്‍ന്നു അകത്തെക്കു കൊണ്ടോയതായി കേട്ടിട്ടുണ്ട്‌. ആ വഴിക്കും ഒരു ശ്രമം ഞാന്‍ നടത്തിനോക്കി. അറിയാവുന്ന രീതിയിലൊക്കെ പ്രാര്‍ത്ഥിച്ചു നോക്കി, ഭൂമിയില്‍ ഒരു ചെറിയ ഓട്ടയെങ്കിലും വരാന്‍.ആ ഗ്യാപ്പില്‍ കൂടി ഞാന്‍ നൂണിറങ്ങിപ്പോയേനെ. കുറച്ച്‌ നേരം നോക്കി. യെവടെ, ഭൂമിക്കൊരു കുലുക്കവുമില്ല. എന്നു വെച്ച്‌ അവിടെ തന്നങ്ങു കിടക്കാന്‍ പറ്റില്ലല്ലോ. ഇടംവലം നോക്കാതെ എണീറ്റു.

അന്നു വരെ തിരിഞ്ഞുപോലും നോക്കാത്ത കോഞ്ഞാട്ടകളൊക്കെ എന്നെത്തന്നെ നോക്കുന്നു. ആദ്യം അമ്പരന്നു നോക്കിയും പിന്നെ ആക്കിച്ചിരിച്ചും പിന്നെ അലറിച്ചിരിച്ചും അവരുടെ റോള്‍ അവര്‍ ഭംഗിയായി അഭിനയിച്ചു.

അതില്‍പ്പിന്നെ കുറെ നാള്‍ ഞാന്‍ തുമ്പിയുമായി പിണക്കത്തിലായിരുന്നു. പിന്നെ വീണ്ടും ഞങ്ങള്‍ ഇണങ്ങി, കോണ്‍വെണ്റ്റിണ്റ്റെ മുന്നില്‍ പിന്നേം പോയി. പക്ഷേ അഭ്യാസത്തിനു പിന്നെ നിന്നിട്ടില്ല. 

പിന്നീട്‌ വാവ ബൈക്ക്‌ വാങ്ങിയപ്പോള്‍ തുമ്പിയെ ആര്‍ക്കോ കൊടുത്തു. ഈയടുത്ത്‌ വാവ കാര്‍ വാങ്ങിയപ്പോള്‍ അതിണ്റ്റേം നാലു സൈഡിലും അവന്‍ സ്റ്റിക്കര്‍ കേറ്റി, "കാര്‍ത്തുമ്പി".

8 comments:

തെന്നാലിരാമന്‍‍ said...

ഒരുപാടുനാളായി ആഗ്രഹിക്കുന്നു ബൂലോഗത്തിലേക്കൊരു തിരിച്ചുവരവ്‌. അതിനു നിമിത്തമായത്‌ വാവയുടെ കാറിലെ കാര്‍ത്തുമ്പി സ്റ്റിക്കര്‍.

Sethunath UN said...

ഹ‌ലോ തെന്നാലി,
ഇതെവിട്യാ? :)
കൊള്ളാട്ടാ. ങ്ങട് പോര‌ട്ടെ പഴേ ഫോമില്.
:)

ഇസാദ്‌ said...

ഹാ, എന്താ എഴുത്ത്. രസം ഒട്ടും ചോര്‍ന്നുപോവാതെ ഭംഗിയായി വിവരിച്ചിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. അടുത്തത് പോരട്ടേ ...

ഗൗരിനാഥന്‍ said...

haha....ഓര്‍മ്മയില്‍ എത്ര കാര്‍തുമ്പികള്‍...സ്കൂള്‍ ഗേറ്റിനു മുന്‍പില്‍ ഇങ്ങനെ വീണവരെത്ര..അതു കണ്ട് ഏറ്റവും കൂടുതല്‍ ആര്‍മാദിക്കാറുള്ളത് ഞാന്‍ തന്നെ..അവരെ നോക്കി അലറി ചിരിക്കാന്‍ എന്തു രസമാണെന്നോ...ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ

ശ്രീ said...

"പണ്ടു സീതാദേവി മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭൂമി പിളര്‍ന്നു അകത്തെക്കു കൊണ്ടോയതായി കേട്ടിട്ടുണ്ട്‌. ആ വഴിക്കും ഒരു ശ്രമം ഞാന്‍ നടത്തിനോക്കി. അറിയാവുന്ന രീതിയിലൊക്കെ പ്രാര്‍ത്ഥിച്ചു നോക്കി, ഭൂമിയില്‍ ഒരു ചെറിയ ഓട്ടയെങ്കിലും വരാന്‍.ആ ഗ്യാപ്പില്‍ കൂടി ഞാന്‍ നൂണിറങ്ങിപ്പോയേനെ. കുറച്ച്‌ നേരം നോക്കി. യെവടെ, ഭൂമിക്കൊരു കുലുക്കവുമില്ല. എന്നു വെച്ച്‌ അവിടെ തന്നങ്ങു കിടക്കാന്‍ പറ്റില്ലല്ലോ. ഇടംവലം നോക്കാതെ എണീറ്റു."

ശരിയ്ക്കു ചിരിപ്പിച്ചു, മാഷേ... കാര്‍ത്തുമ്പി കൊള്ളാം. :)

ഒരു വര്‍ഷം അജ്ഞാതവാസത്തിലായിരുന്നോ?

തെന്നാലിരാമന്‍‍ said...

നിഷ്ക്കളങ്കന്‍ ഭായ്‌, ഇനി ഞാന്‍ ഇവിടെത്തന്നെ കാണും :-) താങ്ക്സ്ട്ടാ...

ഇസാദ്‌, നല്ലവാക്കുകള്‍ക്ക്‌ ഒരുപാട്‌ നന്ദി. അടുത്തപോസ്റ്റും ഇട്ടിട്ടുണ്ട്‌ :-)

ഗൌരി, വീഴുമ്പോള്‍ ചിരിക്കാത്തവന്‍ ശത്റു എന്നല്ലേ പഴമൊഴി... ഇനിയും ചിരിക്കൂ :-)

ശ്രീ...മടിയായിരുന്നു എന്നു പറയാന്‍ മടിയുണ്ട്‌. പക്ഷേ സത്യം അതായിരുന്നു :-) നല്ല അഭിപ്റായത്തിന്‌ നന്ദി ശ്രീ.

Sapna Anu B.George said...

ഒരു തിരിച്ചു വരവിന്റെ നിറം..നല്ല വായന

തെന്നാലിരാമന്‍‍ said...

സപ്നച്ചേച്ചീ... നന്ദി :-)