Oct 25, 2007

റിയല്‍ റിയാലിറ്റീസ്‌

സൂപ്പര്‍ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍, സൂപ്പര്‍ ഡാന്‍സര്‍, അതിന്റെ ജൂനിയര്‍, സൂപ്പര്‍ മോം അഥവാ വനിതാരത്നം, (എന്നാണാവോ "സൂപ്പര്‍ മോം ജൂനിയര്‍" വരണത്‌, കല്യാണം കഴിക്കാത്ത അമ്മമാര്‍ക്കു വേണ്ടി...അമ്മമാരേ, ക്ഷമിക്കുക)....

റിയാലിറ്റി (??) ഷോകളുടെ ഈ ചങ്ങലയുടെ ഇടയിലുള്ള ഒരു കണ്ണിയാണ്‌ "സ്മയില്‍ പ്ലീസ്‌". ഏഷ്യാനെറ്റ്‌ പ്ലസ്സ്‌ ചാനലുകാര്‍ നമ്മളെയൊക്കെ ചിരിപ്പിച്ച്‌ ചിരിപ്പിച്ച്‌ (ഉവ്വാാ) കൊല്ലാന്‍ വേണ്ടി അണിയിച്ചൊരുക്കുന്ന ഒരു so called reality show... ഇത്തവണ നാട്ടില്‍ പോയപ്പോളാണ്‌ മഹത്തായ ഈ പരിപാടി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത്‌. ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി. കണ്ടുകഴിഞ്ഞപ്പോള്‍ അതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതാതെ ഒരു സമാധാനക്കേട്‌.

കോട്ടയം നസീര്‍, കല്‍പ്പന, അബി തുടങ്ങിയവരാണ്‌ ജഡ്‌ജസ്സ്‌. അവതാരകന്‍ ഒരു സിറ്റുവേഷന്‍ പറഞ്ഞുകൊടുക്കും. എന്നിട്ടു സെക്കന്റുകള്‍ക്കുള്ളില്‍ എന്തെങ്കിലും ഒരു സ്കിറ്റ്‌ ഉണ്ടാക്കി അവതരിപ്പിക്കണം, അല്ല, എല്ലാരേയും ചിരിപ്പിക്കണം. ഇതാണ്‌ സംഗതി. കാമറ കാണുമ്പോള്‍തന്നെ വെറുതെ ചിരിക്കാന്‍ വേണ്ടി കുറെ പ്രേക്ഷകരെ സ്റ്റുഡിയോയില്‍ കൊണ്ടുവന്നിരുത്തിയിട്ടുണ്ട്‌ (ആ നേരം വല്ല ജാഥക്കും പോയിരുന്നേല്‍ നൂറ്റമ്പതു രൂപയും ബിരിയാണിയും കിട്ടിയേനേ പാവങ്ങള്‍ക്ക്‌)

ഇത്‌ കാണാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന്‌ വെച്ചാല്‍, പങ്കെടുക്കുന്നത്‌ കുട്ടികളാണ്‌. ഇവരൊക്കെ എന്തു തമാശയാണാവോ കാണിക്കുന്നത്‌ എന്ന ഒരു ആകാംക്ഷയോടെയാണ്‌ കാണാന്‍ ഇരുന്നത്‌.ആദ്യം വന്നത്‌ ഒരു പെണ്‍കുട്ടിയായിരുന്നു. പത്ത്‌ വയസ്സില്‍ താഴെയേ വരൂ. ആ കൊച്ചുകുട്ടിക്ക്‌ കൊടുത്ത സിറ്റുവേഷന്‍ കണ്ടപ്പോള്‍ തന്നെ പരിപാടിയെക്കുറിച്ച്‌ ഏതാണ്ടൊരു ഐഡിയ കിട്ടി. അവതാരകന്റെ ഭാഷയില്‍ തന്നെ അതങ്ങ്‌ അവതരിപ്പിച്ചേക്കം.

"മോളേ, മോളൊരു പുരുഷനാണെന്നു കരുതുക. മോളുടെ ഭാര്യ പ്രസവിക്കാന്‍ കിടക്കുവാണ്‌. മോളാകെ ടെന്‍ഷനടിച്ച്‌ നില്‍ക്കുവാണ്‌. ഡേറ്റ്‌ ആകാതെയുള്ള പ്രസവമാണ്‌, ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. അതുകൊണ്ട്‌ തന്നെ ടെന്‍ഷനും കൂടുതല്‍ കാണുമല്ലോ. ആ ടെന്‍ഷന്‍ കൊണ്ടുണ്ടാകുന്ന തമാശകള്‍ ഒന്നവതരിപ്പിച്ചേ"

കണ്ണുതള്ളിപ്പോയി. ഇത്തിരിയില്ലാത്ത കൊച്ചിനു അവന്‍ കൊടുത്ത സിറ്റുവേഷന്‍...പിന്നെ ആശ്വസിച്ചു. സ്ത്രീപീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയായി അഭിനയിച്ച്‌, ആ "ടെന്‍ഷന്‍ കൊണ്ടുണ്ടായ തമാശ" അവതരിപ്പിക്കാന്‍ പറഞ്ഞില്ലല്ലോ.എന്തായാലും ഒരു കാര്യം പറയട്ടെ. നമുക്കുണ്ടായ (അല്ലെങ്കില്‍ എനിക്കെങ്കിലും) ഈ വിഷമമോ അമര്‍ഷമോ ഒന്നും കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന പ്രേക്ഷകസമൂഹത്തിനുണ്ടായില്ല. അവര്‍ ആ സിറ്റുവേഷനും പൊട്ടിച്ചിരിയോടെ കയ്യടിച്ച്‌ ആസ്വദിച്ചു...കണ്ണ്‌ കൂടുതല്‍ തള്ളിയത്‌ അപ്പോഴല്ല. വെറും പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ആ പത്തുവയസ്സുകാരി ഈ സിറ്റുവേഷന്‌ സ്കിറ്റുണ്ടാക്കി അവതരിപ്പിച്ച്‌, എല്ലാവരേയും "ചിരിപ്പിക്കുന്ന" റിയാലിറ്റി ഷോയിലെ റിയല്‍ അല്ലാത്ത രംഗം കണ്ടപ്പോഴാണ്‌. അതും പോരാഞ്ഞ്‌ "മോളേ, തകര്‍ത്തു", "കലക്കി മോളേ" എന്നിങ്ങനെ ജഡ്‌ജസ്സ്‌ വക അഭിനന്ദന പ്രവാഹം. ഇതെല്ലാം കണ്ട്‌ ചിരിക്കാനും കയ്യടിക്കാനും വിധിക്കപ്പെട്ട കുറെ അപ്പാവികളും...

വേറെയും ഉണ്ടായിരുന്നു ഇത്തരം "മനോഹരമായ" സിറ്റുവേഷന്‍സ്‌.

"മോനേ, മോന്‌ പത്തുമുപ്പത്‌ വയസ്സായെന്നു കരുതുക. കല്യാണം കഴിഞ്ഞിട്ടില്ല. മോനാണെങ്കില്‍ ഇങ്ങിനെ പുര നിറഞ്ഞ്‌ കല്യാണം കഴിക്കാന്‍ മുട്ടി നിക്കുവാണ്‌. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ആലോചന വരുന്നു. മോന്‍ പെണ്ണുകാണാന്‍ പോകുന്നു. അവിടെ വെച്ച്‌ ഉണ്ടാകുന്ന തമാശകള്‍ എന്തൊക്കെയാണെന്നൊന്നു കാണിച്ചേ"

കല്യാണം കഴിക്കാന്‍ "മുട്ടി നിക്കുന്ന" രംഗം ആ പത്തുവയസ്സുകാരന്‍ അവതരിപ്പിക്കുന്നത്‌ കണ്ട്‌ ഞാനും കോരിത്തരിച്ചു.ഇതേ റേഞ്ചിലുള്ള "റിയല്‍" സംഭവങ്ങള്‍ എല്ലാ റിയാലിറ്റി ഷോയിലും കാണാം. "കോമഡിരാജ നമ്പര്‍ വണ്‍" എന്ന പരിപാടിയിലും ഉണ്ട്‌ ഇങ്ങിനെ പത്ത്‌ സെക്കന്റ്‌ കൊണ്ട്‌ ഭാവനയില്‍ നിന്നും ചിരി ഉണ്ടാക്കുന്ന അദ്ഭുതപ്രതിഭാസം. ആരെ പറ്റിക്കാനായാലും, "നുണ പറയുമ്പോള്‍ കേള്‍ക്കുന്നവനെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയണം" എന്ന പൊതുതത്വം ഇവരൊന്നും ഓര്‍ക്കുന്നില്ലല്ലോ ദൈവമേ...

വേറെ ഒരു പ്രഹസനം "എലിമിനേഷന്‍ റൗണ്ട്‌" ആണ്‌. ശോകഗാനങ്ങളുടെ അകമ്പടിയോടെ താരങ്ങളെ സ്ലോ മോഷനില്‍ യാത്രയാക്കുന്ന ചടങ്ങ്‌. കരയില്ലെന്നുറപ്പിച്ചു നിക്കുന്നവരെപ്പോലും കോഞ്ഞാട്ട ചോദ്യങ്ങള്‍ ചോദിച്ച്‌ കരയിപ്പിച്ച്‌ വിടാന്‍ വേണ്ടി "celebrity guests". മൊത്തത്തില്‍ അതൊരാഘോഷം തന്നെയാണ്‌.

പറഞ്ഞുവന്ന കാര്യം അതല്ല. പ്രേക്ഷകരുടെ SMS നെ ആധാരമാക്കിയാണ്‌ എലിമിനേഷന്‍ എന്നാണ്‌ പറയപ്പെടുന്നത്‌. ഇതാണ്‌ തെന്നാലിക്കു മനസ്സിലാകാത്തത്‌. ഈ എലിമിനേഷന്‍ റൗണ്ട്‌ പ്രക്ഷേപണം ചെയ്യുന്നതിന്റെ തൊട്ടുതലേ ദിവസം പോലും ഈ ഷോ ഉണ്ട്‌. അതു കണ്ടുകഴിഞ്ഞ്‌ പ്രേക്ഷകര്‍ അയച്ച SMS ഒക്കെ എണ്ണി വെടിപ്പാക്കി, എലിമിനേഷന്‍ എപ്പിസോഡ്‌ ഷൂട്ട്‌ ചെയ്ത്‌, അത്‌ എഡിറ്റ്‌ ചെയ്ത്‌...തൊട്ടടുത്ത ദിവസം തന്നെ പ്രക്ഷേപണം..."ഹോ,ഇവരെയൊക്കെ സമ്മതിക്കണമല്ലോ" എന്ന മണ്ടന്‍ ചിന്തയുമായി തെന്നാലി കുറേ നാള്‍ നടന്നിരുന്നു.

പിന്നീടൊരിക്കല്‍, എലിമിനേഷന്‍ എപ്പിസോഡ്‌ പ്രക്ഷേപണം ചെയ്യുന്നതിനും രണ്ടാഴ്ച മുന്‍പേ തന്നെ, "അമൃത TV സൂപ്പര്‍ ഡാന്‍സര്‍" ഇല്‍ പങ്കെടുത്ത മാളു, "താന്‍ എലിമിനേറ്റ്‌ ചെയ്യപ്പെട്ടു, ഇതുവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി" എന്ന്‌ അമൃത TV യുടെ ഓണ്‍ലൈന്‍ ഫോറത്തില്‍ മെസ്സേജ്‌ ഇട്ടതുകണ്ടപ്പോളാണ്‌ തെന്നാലിക്ക്‌ കാര്യം ഏതാണ്ട്‌ മനസ്സിലായത്‌.

കുറേ മണ്ടന്മാര്‍ വെറുതെ SMS അയച്ച്‌ വിരലിന്റെ അറ്റം തേഞ്ഞുപോകുന്നു. SMS ഒന്നിന്‌ 6 രൂപ വെച്ച്‌ വാങ്ങി AirTel ഉം Idea യും ഒക്കെ കാശുണ്ടാക്കുന്നു...എലിമിനേറ്റ്‌ ചെയ്യപ്പെടുന്നവരുടെ കണ്ണീര്‌ വിറ്റ്‌ ചാനലുകാരും കാശുണ്ടാക്കുന്നു. പാപ്പാനെ ആന വലിച്ചുകീറുന്നതിന്റെ ലൈവും പിറ്റേന്ന് പത്രത്തിന്റെ മുന്‍പേജില്‍ ഫോട്ടോയും സ്ഥിരമായി കാണുന്ന നമുക്കീ കരച്ചിലൊക്കെ ഒരു ഹരമല്ലേ...!!!

21 comments:

തെന്നാലിരാമന്‍‍ said...

കണ്ണില്‍കണ്ടപ്പോള്‍ വായില്‍ തോന്നിയത്‌...

പൊന്നമ്പലം said...

എസ്സ് എം എസ്സ് എന്നതു വെറും ഗിമ്മിക്കാണ്‍! ആര്‍ക്കും അതിനെ കുറിച്ച് ഒരു ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഇല്ല എന്നാണ് അവസാനമായി അറിഞ്ഞ കാര്യം. പിന്നെ ഇതിന്റെ പിന്നിലെ കളികളെ കുറിച്ച് ഒരുപാട് ചിന്തിക്കാതെ “നേരം കൊല്ലുക”.

അനില്‍ശ്രീ... said...

ഈ പറ്റിക്കലിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതിയും, ഒരു പൊതുപ്രവര്‍ത്തകനും തയ്യാറാകുന്നില്ലല്ലോ....

ഞാ‍ന്‍ നേരത്തെ എഴിതിയിരുന്നു ഒരു കുറിപ്പ്.
http://swakaryangal.blogspot.com/2007/10/blog-post_21.html

സഹയാത്രികന്‍ said...

രാമാ കണ്ടതും തോന്നീതും നന്നായീ...

‘അനില്‍ ശ്രീ‘ ടെ ആ പോസ്റ്റും ഒന്ന് നോക്കിക്കൊള്ളൂ...അതില്‍ തന്നെ കമന്റില്‍ ‘ശ്യാ’മിന്റെ പോസ്റ്റിലേക്കുള്ള ലിങ്കും കിട്ടും...

:)

ശ്രീ said...

തെന്നാലിരാമാ..


നല്ല ലേഖനം... ഈ എസ്സ് എം എസ്സ് പരിപാടി വെറും തട്ടിപ്പാണ്‍... കഷ്ടം.

:)

ബാജി ഓടംവേലി said...

ഇതാണ് ആ ഷോ കളുടെ റിയാലിറ്റി
എന്നിട്ടും നാം ചിരിക്കുന്നു.
ചിരിക്കാതെ എന്തോ ചെയ്യാനാ

ക്രിസ്‌വിന്‍ said...

ആരെയും ചിന്തിപ്പിക്കുന്ന ലേഖനം
:)

ഹരിശ്രീ (ശ്യാം) said...

തെന്നാലീ നന്നായി. ഇവന്മാര്‍ക്കൊക്കെ ഒറ്റ SMS പോലും കിട്ടാത്ത കാലം ഉണ്ടാവട്ടെ എന്നു നമുക്കു മുട്ടിപ്പായി പ്രാര്‍ഥിക്കാം. എന്റെ ബ്ലോഗിനു സഹയാത്രികനായതിനു സഹയാത്രികനും നന്ദി.

ഹരിശ്രീ (ശ്യാം) said...

ഇന്നു ഫോര്‍വേര്‍ഡ്‌ ആയി കിട്ടിയ ഒരു മെയിലിന്റെ content താഴെ ചേര്‍ക്കുന്നു.
==============================
Hi friends,
I think most of u people are watching Reality shows held in tv channels especially Asianet`s IDEA STARSINGER, it is sms based program but there is no value of SMS, bcoz already next elimination round is over (21. 10. 2007) and still eliminated participants requesting for sms. I can give u next eliminated candidates name( just check below).

so pls do not send any SMS for any REALITY SHOWS, they are simply cheating the viewers

friends, forward this mail to all Ur friends & STOP SMS VOTING


IDEA STAR SINGER
Please find below the names of ELIMINATED CONTESTANTS this round. (Shooting of elimination round was on 21.10.2007), will be telecasted to viewers in next week.

DANGER ZONE

MURALI, MUFEEDA, SUDARSHAN, BINEETA, RITWIK, KRISHNAJITH, SANNIDANANDAN & ARUN GOPAN (TOTAL 8 )

ELIMINATED ONLY 3 NOS.
MURALI, MUFEEDA & SUDARSHAN


SO pls do not send sms vote for any reality shows, they are simply cheating the viewers

friends, i hope u will forward this mail to ur friends and also wil stop SMS VOTING.

മുരളി മേനോന്‍ (Murali Menon) said...

:)))

വികടന്‍ said...

അല്ല തെന്നാലീ... എന്താ ഭാവം ? മനോരമയിലെ "തരംഗങ്ങളില്‍" മോഡല്‍ ലേഖനങ്ങള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. "മദ്യാരംഭം" മുതലായ കഥകളില്‍ നിന്നും ഉള്ള ഈ ഭീകര ചെയ്‌ഞ്ച്‌ ഒരു കുഞ്ഞ്യേ ഞെട്ടല്‍ ഉണ്ടാക്കി. (കറവ വറ്റീട്ട്‌ പോരേ പശൂനെ അറക്കാന്‍ കൊടുക്കല്‍ ?) ഇപ്പൊ ചെയ്തതു ചെയ്തു... ഇനി മേലാക്കം ഈ വക ഐറ്റംസ്‌ കൊണ്ട്‌ വന്നാല്‍ തിരോന്തരം കാണിക്കില്ല (സംഭവം നന്നായിട്ട്ണ്ട്‌ ട്ടാ... ഒരു കറക്ഷന്‍ ഉണ്ട്‌. SMS വകയില്‍ AirTel/Idea ടീമിന്‌ 6 രൂപ കിട്ടില്ലെന്നും അതില്‍ ഒരു പാര്‍ട്ട്‌ (5 രൂപ ആണെന്ന് തോന്നുന്നു) Asianet ന്‌ ഉള്ളതാണെന്നും ഏതോ ഒരു ഗഡി അയച്ച മെയിലില്‍ ഉണ്ടായിരുന്നു. ഈ വക അലമ്പ്‌ തട്ടിപ്പ്‌ പരിപാടികളില്‍ തെനാലിക്കും ബ്ലോഗോളവാസികള്‍ക്കും ഒപ്പം വികടനും പ്രതിഷേധിക്കുന്നു). തെനാലീ... അടുത്ത ഐറ്റം ഒരു പെടപ്പന്‍ കഥ തന്നെ ആയിക്കോട്ടെ. വെയ്റ്റിംഗ്‌ !!!

നിഷ്ക്കളങ്കന്‍ said...

sms പോലും. ചുമ്മാതാണെന്നേ. :)
പോസ്റ്റ് വാസ്ത‌വ‌ം!

ഏ.ആര്‍. നജീം said...

ഐഡിയ സ്റ്റാര്‍ സിംഗറെ കുറിച്ച് കുറെ കേള്‍ക്കുന്നു എന്തു ചെയ്യാം നമ്മുക്ക് തല്‍ക്കാലം ഒരു സിനിമയോ സീരിയലോ പോലെ സമയം ഉണ്ടെങ്കില്‍ കണ്ടു മറക്കാം അത്രതന്നെ..
പക്ഷേ, സ്മൈല്‍ പ്ലീസ് എന്ന പരിപാടിയെ കൂറിച്ചുള്ള സൂചന വളരെ നന്നായി. എനിക്കും പലതവണ ബോധ്യപ്പെട്ട കാര്യമാണ്. പലപ്പോഴും അതിന്റെ ടൈറ്റില്‍ മ്യൂസിക്ക് കേള്‍ക്കുമ്പൊള്‍ അത് കാണികളെ കൊഞ്ചനം കുത്തുകയാണോ എന്ന് വരെ തോന്നിയിട്ടുണ്ട്

തെന്നാലിരാമന്‍‍ said...

പൊന്നമ്പലം ഭായ്‌, അതാണ്‌ സത്യം. നേരത്തെ വെറുതെ "കൊല്ലുക" :-)

അനില്‍ ശ്രീ, താങ്കളുടെ പോസ്റ്റ്‌ നേരത്തെ കാണാന്‍ പറ്റിയിരുന്നില്ല. ആ നല്ല ലേഖനത്തിലേക്കുള്ള ലിങ്ക്‌ തന്നതിന്‌ നന്ദി. കമന്റും ഇട്ടിട്ടുണ്ട്‌.
ഈ വക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ വല്ല ബോണ്ടും സൈന്‍ ചെയ്യുന്നുണ്ടാകുമല്ലേ, ഇതൊന്നും പൂറത്ത്‌ പറയില്ലെന്ന്. അല്ലെങ്കില്‍ അവരെങ്കിലും പ്രതികരിക്കേണ്ടതല്ലേ...

സഹന്‍ചേട്ടാ, ശ്യാമിന്റെ പോസ്റ്റും വായിച്ചു. വഴിയെ ഈ വക തട്ടിപ്പുപരിപാടികളെല്ലാം കെട്ടിപ്പൂട്ടുമെന്നു കരുതാം അല്ലേ...

ശ്രീ, നന്ദി. :-)

ബാജിഭായ്‌, നമുക്കു ചിരിക്കാം...ലൈവ്‌ ഓഡിയന്‍സായി ഇരിക്കുന്നവരുടെ ചിരി കണ്ടിട്ട്‌..:-)

ക്രിസ്‌വിന്‍, നന്ദി. :-)

തെന്നാലിരാമന്‍‍ said...

ശ്യാം ഭായ്‌, ഈ മെയില്‍ തകര്‍ത്തു. ഇതു കിട്ടുന്നവരെങ്കിലും ചുരുങ്ങിയ പക്ഷം മനസ്സിലാക്കട്ടെ,നേരത്തെ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ്‌ അനുസരിച്ചുള്ള ഒരു സിനിമ മാത്രമാണ്‌ ഇത്തരം "റിയാലിറ്റി" ഷോകളെന്ന്.

മുരളിച്ചേട്ടാ, ഇവിടെ വരെ വന്നതിനും ചിരിച്ചതിനും ( :-) ) നന്ദിയുണ്ടേയ്‌...

എന്റെ പൊന്നുവികടസ്വാമീ, എന്നോട്‌ ക്ഷമിക്കൂൂ....എഴുതിപ്പോയി...ഇനി ശ്രദ്ധിച്ചോളാം :-)
പിന്നേയ്‌, താങ്കളുടെ തൂലികക്കെന്തു പറ്റി? തിരക്കിലാണോ? അതോ മലക്കുപോയി വന്നിട്ട്‌ ഒരു "ഇല്ല്യാണ്ടൊട്ടില്ലെയ്‌നും" എഴുതാനുള്ള പ്ലാന്‍ ആണോ? :)

നിഷ്‌കളങ്കന്‍ ചേട്ടാ, കമന്റിനു നന്ദി. :-)

നജീമിക്കാ, ടൈറ്റില്‍ സോങ്ങിനെ കുറിച്ചുള്ള കമന്റ്‌ എനിക്കിഷ്ടപ്പെട്ടു :-) ( ഇക്കാന്റെ കയ്യക്ഷരം കൊള്ളാം കേട്ടോ :-))) )

Muraleedharan V P said...

എസ് എം എസ് എന്ന ഈ പുതുവരുമാനമാര്‍ഗ്ഗം ആദ്യമായി കണ്ടുപിടിച്ചത് ഹിന്ദിക്കാരാണ്. 'ഇന്ത്യന്‍ ഐഡ്ള്‍' പോലുള്ളവ വെച്ച് ചാനലുകാരു കാശുണ്ടാക്കിയതിനെക്കുറിച്ചൊക്കെ മാധ്യമങ്ങളില്‍ വിശദമായി വന്നതുമാണ്. ഹിന്ദിക്കാര്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി മാന്യത് പുലര്‍ത്തുന്നുവെന്നു മാത്രം. എസ് എം എസുകള്‍ കിട്ടിയതിനു ശേഷം മാത്രമേ അവര്‍ ഫലം പറയുന്ന എപിസോഡുകള്‍ ഷൂട്ട് ചെയ്യാറുള്ളു.
വെറും എസ് എം എസില്‍ ജീവിക്കുന്ന ചില്ലറ ചാനലുകളുമുണ്ട്. പ്ലേ ടി വി പോലുള്ളവ. അവിടെ ഇപ്പറഞ്ഞ പോലെ സന്ദേശമയച്ച് തങ്ങള്‍ക്ക് സമ്മാനം കിട്ടുമെന്നും കരുതിയിരിക്കുന്നവരെ വടിയാക്കുന്ന വിദ്യ ഇഷ്ടം പോലെ പ്രയോഗിക്കുന്നു.
ആളുകളെ വിഡ്ഢിയാക്കാന്‍ ഓരോ കാലത്തും ഓരോ തട്ടിപ്പുകള്‍ അവതരിക്കപ്പെടുന്നു.
ബ്ലോഗിലെ മറ്റു പോസ്റ്റിംഗ്സും വായിച്ചു, ഇഷ്ടപ്പെട്ടു. ഞാനൊരു പാതി തൃപ്രയാറുകാരനായതിനാല്‍ ഏറെയും.

എന്റെ ഹൈസ്കൂള്‍, കോളേജ് വിദ്യാഭ്യാസം തൃപ്രയാറിലായിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ വടക്കുഭാഗത്താണ് വീട്.

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

തെന്നാലിരാമന്‍‍ said...

മുരളീധരന്‍ചേട്ടാ, നല്ല അഭിപ്രായങ്ങള്‍ക്ക്‌ നന്ദിയുണ്ട്‌ട്ടോ. മറ്റ്‌ പോസ്റ്റുകളും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ കൂടുതല്‍ സന്തോഷം.:-)

ഉണ്ണിയപ്പം said...

അപ്പൊ പറഞ്ഞതു പോലെ തന്നെ...(harisree's comment & email)
മുഫീത, മുരളി പിന്നെ സുദര്‍ശന്‍...പുറത്തായി..
കഷ്ടം...
ആരുമില്ലേ ഇത്തരം SMS show കള്‍ നിയന്ത്രിക്കാന്‍

തെന്നാലിരാമന്‍‍ said...

എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ...ഉണ്ണിയപ്പം ഭായ്‌, മിക്കവാറും ആ 40 ലക്ഷത്തിന്റെ ഫ്ലാറ്റിന്റെ രെജിസ്ട്രേഷന്‍ വരെ കഴിഞ്ഞുകാണും :-)

അനില്‍ശ്രീ... said...

പൊതു താല്പര്യ ഹര്‍ജി ആയി പരിഗണിക്കണം എന്ന് പറഞ്ഞ് ഞാന്‍ ഇന്ന് ഹൈക്കോര്‍ട്ടിലേക്ക് ഒരു ലെറ്റര്‍ അയച്ചു.SMS scrandel എങ്കിലും നിയന്ത്രിക്കണം എന്ന് പറഞ്ഞാണ് അയച്ചത്. SMS അയക്കുന്നത് നാട്ടിലെ നിഷ്കളങ്കര്‍ ആയ ആള്‍ക്കാര്‍ ആണ് . അവരുടെ വിശ്വാസത്തെ ആണ് ഇവര്‍ വഞ്ചിക്കുന്നത്.

ഇന്നലെ ഔട്ട് ആകുന്ന കുട്ടികള്‍ക്ക് അറിയാമായിരുന്നു അവര്‍ ഔട്ട് ആകുമെന്ന്. ഔട്ട് ആകുമ്പോള്‍ പാടാനുള്ള പാട്ടും പ്രാക്ടീസ് ചെയ്തിട്ടാണ് അവര്‍ വന്നത്. കണ്ടില്ലേ...

പരിപാടി നല്ലതല്ല എന്ന് എനിക്ക് അഭിപ്രായം ഇല്ല.