Oct 1, 2007

ജീവിതം

പത്താം തരം പാസ്സായി തെക്കുവടക്കുനടക്കുന്ന സമയത്താണ്‌ ജീവിതത്തെ ആദ്യമായി നേരില്‍ കണ്ടത്‌. അന്ന് ജീവിതം ചോദിച്ചു
"ഇനിയെന്താ പരിപാടി?"

പ്ലസ്‌ 1 ന്റെ അഡ്‌മിഷനുള്ള അപേക്ഷകള്‍ അയച്ച്‌ കാത്തിരിക്കുമ്പോള്‍ ജീവിതം വീണ്ടും ചോദിച്ചു. "എവിടേം കിട്ടിയില്ലല്ലേ?"

അച്ചന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി entrance എഴുതി ദയനീയമായി തകര്‍ന്നപ്പോള്‍ ജീവിതം വീണ്ടും വന്നു.
"റ്റ്യൂഷനു പോയി കാശ്‌ കളഞ്ഞത്‌ മിച്ചം, അല്ലേ?"

ഡിഗ്രി കഴിഞ്ഞ്‌ ജോലി അന്വേഷിച്ച്‌ നടക്കുന്ന സമയത്ത്‌ പലയിടത്തും വെച്ച്‌ ജീവിതം ചോദിച്ചുകൊണ്ടേയിരുന്നു
"വല്ലോം നടക്കോ? ഇന്നത്തെ കാലത്ത്‌ ഒരു ഡിഗ്രി ഉണ്ടായതോണ്ടൊന്നും കാര്യമില്ലെന്നേ. ഉദാഹരണത്തിനു നമ്മടെ ......."

കാലത്തിന്റെ കുത്തൊഴിക്കില്‍കൂടി മുന്നോട്ടുള്ള യാത്രകള്‍ക്കിടയില്‍ ജീവിതത്തെ പലതവണ കണ്ടു...എന്നും ഓരോ ചോദ്യങ്ങളുണ്ടായിരുന്നു ജീവിതത്തിന്‌ ചോദിക്കാന്‍...
"കല്യാണം ഒന്നും ശരിയായില്ലല്ലേ?"
"സ്ത്രീധനം എന്തുകിട്ടി?"
"കുട്ടികള്‍ ഒന്നും ആയില്ലേ? കുഴപ്പം വല്ലതും..."
"പിള്ളേര്‍ക്കൊന്നും ജോലി ആയില്ലേ?"
"മക്കളുടെ വിവരമൊക്കെ ഇല്ലേ? അവരൊക്കെ നാട്ടില്‍ വന്നിട്ടിപ്പൊ കൊല്ലം കുറെ ആയല്ലോ!!"
"പുറത്തേക്കൊന്നും കാണാറില്ലല്ലോ...അസുഖം വല്ലതും..."
....................................................................................................................................................................
മങ്ങിത്തുടങ്ങിയ കണ്ണിലൂടെ മച്ചിലെ മാറാമ്പില നോക്കികിടക്കുമ്പോള്‍ ഒരു കൊച്ചുപാദസരം കിലുക്കിക്കൊണ്ട്‌ ജീവിതം അടുത്തേക്ക്‌ വന്നു...കുഞ്ഞുശബ്ദത്തില്‍ ചെവിയില്‍ ചോദിച്ചു...
"അപ്പൂപ്പനെന്താ ചാകാത്തെ?"

25 comments:

തെന്നാലിരാമന്‍‍ said...

പഠിക്കുന്ന കാലത്ത്‌ മാഗസിനില്‍ ഇടാന്‍ വേണ്ടി എഴുതിയതാണ്‌. അന്നതിനുള്ള ധൈര്യം വന്നില്ല. ഇവിടെ ഇട്ടുനോക്കുവാണ്‌. എന്തായലും ആരും നേരില്‍ വന്ന് തല്ലില്ലല്ലോ :-)

ശ്രീ said...

നന്നായിട്ടുണ്ട്...
മാഗസിനിലും ഇടാമായിരുന്നു.
:)

കുഞ്ഞന്‍ said...

മരിച്ചുകിടന്നപ്പോഴും ജീവിതം ചോദിച്ചു നീ എന്തുനേടിയെന്ന്? ഉത്തരം കൊടുത്തു സല്‍പ്പേര് രാമന്‍‌കുട്ടി...

സു | Su said...

:) നന്നായിട്ടുണ്ടല്ലോ. ചോദ്യങ്ങളൊരിക്കലും തീരില്ല.

സഹയാത്രികന്‍ said...

ഐ .... ന്താ രാമാ ഇങ്ങനൊരു കളി.... സ്ഥിരം പല്ലവീന്നു വിട്ടൊരു കളി... നന്നായിരിക്കണൂട്ടോ...
:)

എന്നോടോരിക്കേ ജീവിതം ഇതേപോലെ ചോദിച്ചു..., "ഇനി എന്താ പരിപാടി...വല്ലതും നടക്ക്വോ...."
ഞാന്‍ പറഞ്ഞു ,"ചാന്‍സ് കുറവാ..."

ഉടനെ "നിന്റെ കാര്യം പോക്കാ മക്കളേ...അതോണ്ട് ഞാനും പോവാ" എന്നും പറഞ്ഞ് ജീവിതം പോയി ഒന്നു തിരിഞ്ഞുപോലും നോക്കതെ...

:(

കുറുമാന്‍ said...

നേരിട്ട് വന്ന് ചിലപ്പോള്‍ ചോദിക്കുംട്ടാ, വെങ്കിടങ്ങിലുള്ള വേറെം പലരുംണ്ട് ഇവിടെ .....

ഇടിവാളേ അയല്പക്കം

വെള്ളെഴുത്ത് said...

പല സൈസില്‍ മരണം വന്നു നിന്ന് പലതും ചോദിക്കണതും കിണുങ്ങണതും ചെസ്സു കളിക്കണതും കണ്ടിട്ടൊണ്ട്. ജീവിതം ചോദ്യങ്ങളുമായി വന്നു നില്ക്കണത് ആദ്യമായിട്ട് കാണേണ്..അല്ല വന്നു നിന്നു ചോദിച്ചതൊക്കെ ജീവിതമാണെന്ന് വല്ല ഒറപ്പുമുണ്ടാ? വേഷം മാറിയ മരണങ്ങളല്ലായിരുന്നോ ഒക്കെ?

Murali K Menon said...

നന്നായിരിക്കുന്നു. ധൈര്യമായിട്ട് എവിടെ വേണമെങ്കിലും ഇട്ടോളു.

തെന്നാലിരാമന്‍‍ said...

ശ്രീഭായീ, നന്ദി. മാഗസിനില്‍ ഇടാനുള്ള ഒരു "ഇത്‌" ഉണ്ടായില്ല...:-)
കുഞ്ഞന്‍ചേട്ടാ, സത്യം പറഞ്ഞാല്‍ എനിക്കു എന്താ ഉദ്ദേശിച്ചതെന്ന്‌ മനസ്സിലായില്ല :-((
സു, വളരെ കറക്റ്റ്‌. ജനിച്ചുവീഴുമ്പോള്‍ "ആണോ പെണ്ണോ" എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഈ ചോദ്യാവലി എവിടേം തീരുന്നില്ല...
സഹന്‍ചേട്ടാ, എന്നാലും അതെന്താ ജീവിതം അങ്ങിനെ കണ്ണില്‍ചോരയില്ലാതെ തിരിഞ്ഞുനടന്നത്‌? പിന്നെ, സ്ഥിരം പല്ലവി വിട്ടിട്ടൊന്നുമല്ലാട്ടോ, ഇതു പണ്ടെഴുതിവെച്ചിരുന്നതാ...അതാ ഒരു പഴയ ശൈലി...:-)

തെന്നാലിരാമന്‍‍ said...

കുറുമാന്‍ജീ, ജീവിതം അങ്ങനെ ചോദിക്ക്യോ? :-)
വെള്ളെഴുത്ത്‌ ചങ്ങാതീ, അതൊന്നും മരണമായിരുന്നില്ല...ചില മാരണങ്ങളായിരുന്നു...ജീവിതത്തിന്റെ ഓരോ കളികളേയ്‌...!!!
മുരളിച്ചേട്ടാ...ഒരുപാട്‌ നന്ദി...

sandoz said...

പണ്ടൊരിക്കല്‍ ജീവിതം എന്നോടും ചോദിച്ചു....
'വല്ലതും നടക്കോ...'
ഞാന്‍ പറഞ്ഞു..
'പോടാപ്പാ...നീ ആവട്ടെ...എന്നോട്‌ മുട്ടാന്‍ നീ ഒന്നൂടെ വളരട്ടെ...'

അത്‌ കഴിഞ്ഞ്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ജീവിതം എന്നോട്‌ ചോദിച്ചു....
'വൈകീട്ടെന്താ പരിപാടി...'

അന്ന് മുതല്‍ ഞാനും ജീവിതവും കൂട്ടാണ്‌...

Sethunath UN said...

രാമാ.. ന‌ന്നായി. താന്‍ ന‌ന്നാകാന്‍ വേണ്ടിയുള്ള ചോദ്യങ്ങ‌ളും ചോദ്യക‌ര്‍ത്താക്ക‌ളും ഇതില്‍ വ‌ള‌രെ കു‌റയും. "അയ്യോ... ഇവ‌ന്‍ ന‌ന്നായി പോകുമോ" എന്ന ചിന്ത‌യാവും കൂടുത‌ലും.

തെന്നാലിരാമന്‍‍ said...

സാന്റോസേ, ജീവിതത്തോട്‌ അങ്ങനെ പറയേണ്ടായിരുന്നു...:-)
നിഷ്‌കളങ്കന്‍ഭായീ, അതു സത്യം. പല ചോദ്യങ്ങളിലും ഫീല്‍ ചെയ്യണത്‌ അത്തരം ആകാംക്ഷ മാത്രമാണ്‌.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:തിരിച്ച് ചോദിക്കൂ ജീവിതത്തോട് ഉത്തരം കിട്ടൂലെ?

ഓടോ:സാന്‍ഡോ ജീവിതം നിന്നോട് ചോദിച്ചത് നീ തെറ്റിക്കേട്ടതാ
“'വല്ലതും നടക്കോ...'“ എന്നല്ല.
“ഇന്നെങ്ങാനും ഇവിടുന്ന് എഴുന്നേറ്റ് നടക്കോ” എന്നാവും, ഷാപ്പീന്ന്.
(അത് ചോദിച്ചത് ജീവിതവുമല്ല ഷാപ്പ് മൊതലാളിയാവും.അതെങ്ങനാ ബോധം വേണ്ടേ)

തെന്നാലിരാമന്‍‍ said...

ചാത്തന്‍സേ, ചിലപ്പോളൊക്കെ, ഉത്തരം കിട്ടാതെവന്നപ്പോള്‍ കൊഞ്ഞനം കാണിച്ചിട്ടുണ്ട്‌ ജീവിതത്തെനോക്കി :-)
പിന്നെ സാന്റോസിന്റെ കാര്യത്തില്‍ ഞാന്‍ താങ്കളോട്‌ നൂറ്റൊന്നു ശതമാനം യോജിക്കുന്നു....പ്രത്യേകിച്ചും "വൈകീട്ടെന്താ പരിപാടി" എന്ന ആ രണ്ടാമത്തെ ചോദ്യം...അത്‌ ആ ഷാപ്പുകാരന്‍ തന്നെ...:-)

പിആര്‍വിഎന്‍ | PRVN said...

ഇത് പെടച്ചു...

അല്ല അറിയാന്‍ വയ്യാത്തോണ്ടു ചോദിക്കേണ്‍... അപ്പൂപ്പനെന്താ ചാവാത്തെ! ?


സ്വന്തം പീലു...

തെന്നാലിരാമന്‍‍ said...

ഈ അപ്പാപ്പന്‍ അത്ര പെട്ടെന്നൊന്നും ചാകില്ലെടാ മോനേ പീലൂ...:-)

ഹരിശ്രീ said...

വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍...

Sathees Makkoth | Asha Revamma said...

തെന്നാലി,
നല്ല കുറിപ്പ്. ഒരിക്കലും അവസാനിക്കാത്ത ചോദ്യങ്ങള്‍...ചോദിക്കാന്‍ വേണ്ടി മാത്രം ചോദിക്കപ്പെടുന്നവ. അവയേല്‍പ്പിക്കുന്ന നൊമ്പരങ്ങളെക്കുറിച്ച് ഒരുനിമിഷം ചോദ്യകര്‍ത്താവ് ആലോചിച്ചിരുന്നെങ്കില്‍...

രാജ് said...

വെള്ളെഴുത്തിന്റെ കമന്റിന്റെ തെളിച്ചത്തില്‍ ആസ്വദിക്കുവാന്‍ കഴിഞ്ഞ ഒരു പോസ്റ്റ്.

തെന്നാലിരാമന്‍‍ said...

ഹരിശ്രീ, ഒരുപാട്‌ നന്ദി
സതീശ്‌ ഭായ്‌, ചിലപ്പോഴൊക്കെ അത്തരം ചോദ്യങ്ങള്‍ നമ്മെ ഉണര്‍ത്താറുമുണ്ട്‌. അറിഞ്ഞ്‌കൊണ്ടമരുന്ന അലസതയില്‍ നിന്നും...
പെരിങ്ങോടരേ, പ്രോല്‍സാഹനത്തിന്‌ ഒരുപാട്‌ നന്ദി

മൂര്‍ത്തി said...

നന്നായിട്ടുണ്ട്...

ഇസാദ്‌ said...

സത്യം. എത്ര സിമ്പിളായി പറഞ്ഞിരിക്കുന്നു.

തെന്നാലിരാമന്‍‍ said...

മൂര്‍ത്തിഭായ്‌, ഇസാദ്ഭായ്‌, നന്ദി...വളരെ വൈകിപ്പോയൊരു നന്ദി.

Raman said...

Nannaayittundu maashe.