Sep 18, 2007

മദ്യാരംഭം

സത്യന്‍ അന്തിക്കാടിന്റെ പേരിലൂടെയല്ലാതെ അന്തിക്കാടിന്‌ സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിക്കൊടുത്തതില്‍ കള്ളിനുള്ള പങ്ക്‌ വളരെ വലുതാണ്‌. അന്തിക്കാടിന്റെ ഈ നേട്ടത്തില്‍ നല്ലൊരു പങ്ക്‌ വഹിച്ചത്‌ ചെമ്മാപ്പിള്ളിയിലെ ചെത്തുതൊഴിലാളികളാണ്‌. ചെമ്മാപ്പിള്ളിയിലൂടെ പറക്കുന്ന ഒരു കാക്ക കാഷ്ടിച്ചാല്‍ അതു ചെന്നുവീഴുന്നത്‌ ഒരു ചെത്തുകാരന്റെ തലയിലായിരിക്കും എന്നൊരു ചൊല്ലുവരെ അവിടെ നിലനിന്നിരുന്നു.

ഈ ചെത്തുകാരായ ചെത്തുകാരെല്ലാം കൂടിയുണ്ടാക്കുന്ന കള്ളൊന്നും ചെമ്മാപ്പിള്ളി വിട്ട്‌ പുറത്തുപോകാതിരിക്കാന്‍ അവിടുത്തുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുറുക്കാന്‍കടകളേക്കാള്‍ കൂടുതല്‍ കള്ളുഷാപ്പുകളുണ്ടായിരുന്ന ആ സുവര്‍ണ്ണകാലം പക്ഷേ പതിയെ പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആനേശ്വരം അമ്പലത്തിന്റെ മുന്നിലുള്ള വെയിറ്റിംഗ്‌ ഷെഡ്ഡില്‍ വെടിവട്ടത്തിനിരിക്കുന്ന കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ "കലികാലം, ഇങ്ങിനെ പോയാല്‍ വയസ്സുകാലത്ത്‌ ഒരുതുള്ളി കള്ള്‌ കിട്ടാതെ ചാകേണ്ടിവരുമല്ലോ ദൈവമേ".

കള്ളുഷാപ്പുകളെ ബീവറേജ്‌ സ്റ്റോറുകള്‍ കീഴടക്കിത്തുടങ്ങി. ചെമ്മാപ്പിള്ളിയിലെ പുതുതലമുറ കള്ളിനെ മറന്ന് വിദേശിയുടെ പുറകേ പോയിത്തുടങ്ങി. പക്ഷേ അന്നും ഇന്നും കുട്ടന്‍കുളം ഷാപ്പില്‍ തിരക്കിനു കുറവില്ല. ഒരു നല്ല മദ്യ സംസ്കാരത്തിന്റെ മായാത്ത സ്മാരകമായി ഈ ഷാപ്പ്‌ ഇന്നും തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുന്നു.

ചെമ്മാപ്പിള്ളിയുടെ ഈ കള്ളുസംസ്ക്കാരത്തിന്റെ കഥ പറഞ്ഞത്‌ മറ്റൊന്നിനുമല്ല. ഈയുള്ളവനും അച്ചാറില്‍ "ഹരിശ്രീ റമ്മായ നമ:" എന്നെഴുതിക്കൊണ്ട്‌ മദ്യപാനത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചത്‌ ഈ മദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാകുന്നു. മദ്യപാനരംഗത്തെ ആ അരങ്ങേറ്റം ഒരു സംഭവം തന്നെയായിരുന്നു. മദ്യം എന്ന പരമമായ സത്യത്തെ നേരില്‍ കണ്ട ആനന്ദത്തില്‍ ഞാന്‍ അന്നെന്തൊക്കെയോ ചെയ്തുകൂട്ടി. ഉള്ളതുപറയാമല്ലോ, ഇവിടെ എഴുതുന്ന ഈ വിവരണം സത്യമായിട്ടും എന്റെ ഓര്‍മ്മയില്‍നിന്നുള്ളതല്ല. പിന്നീട്‌ പലപ്പോഴായി എന്റെ ആത്മാര്‍ഥസ്നേഹിതന്മാര്‍ എന്നെ കളിയാക്കുന്നതുകേട്ട്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്‌.

ശ്രീരാമാ പോളിടെക്‍നിക്കില്‍ ഫസ്റ്റിയര്‍ ഡിപ്ലോമക്കു പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ സംഭവം.(പഠിച്ചുകൊണ്ട്‌ എന്ന വാക്ക്‌ ചുമ്മാ ആലങ്കാരികമായി പറഞ്ഞതാ. പോളിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ എന്നതാണ്‌ വാസ്തവം). ഒരു അഷ്ടമിരോഹിണി ദിവസം. അവധിദിവസങ്ങളില്‍ ചെമ്മാപ്പിള്ളിയില്‍ പോവുക എന്നത്‌ കൃത്യനിഷ്ടയോടുകൂടി ഞാന്‍ ചെയ്തുപോന്നിരുന്ന ഒരു ആചാരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ചെമ്മാപ്പിള്ളിക്കാര്‍ കായികരംഗത്ത്‌ താല്‍പ്പര്യമുള്ളവരായിരുന്നു. ചീട്ടുകളി എന്ന കായികവിനോദത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയായിരുന്നു അവധിദിവസങ്ങളില്‍ മുടങ്ങാതെയുള്ള ഈ തീര്‍ഥാടനം. അന്നു പോകുമ്പോഴും അത്രയൊക്കെയേ ഉദ്ദേശിച്ചിരുന്നുള്ളൂ.

വരാനുള്ളത്‌ പക്ഷേ എവിടേം തങ്ങില്ലെന്നാണല്ലോ. വന്നു. വന്നത്‌ സൈക്കിളിലായിരുന്നു. സുമേഷിന്റെ രൂപത്തില്‍. ചീട്ടുകളി സുമേഷിനിഷ്ടമല്ല. കാരണം സുമേഷിനു കളിക്കാനറിയില്ല. അതുകൊണ്ടുതന്നെ വന്നപ്പോള്‍ മുതല്‍ സുമേഷിന്റെ ശ്രമം കളി എങ്ങിനേലും നിര്‍ത്തി ബാക്കി കുടിയന്മാരേയും കൊണ്ട്‌ വെള്ളമടിക്കാന്‍ പോകാനായിരുന്നു. ഒടുവില്‍ മദ്യം ജയിച്ചു, ചീട്ടുകളി തോറ്റു. ഏഴു മദ്യപാനികളും പിന്നെ ഞാനും നാലു സൈക്കിളുകളിലായി കുട്ടന്‍കുളം ഷാപ്പിനെ ലക്ഷ്യമാക്കി നീങ്ങി. ആ പോക്കിലും ഷാപ്പിലെ കക്കയിറച്ചിയടിക്കാം എന്നൊരു നല്ല ഉദ്ദേശം മാത്രമേ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ.

പകുതിവഴി പിന്നിട്ടതോടെ എന്റെ മാന്യപിതാശ്രീയുടെ മുഖം ഉള്ളില്‍ ചെറുതായൊന്നു മിന്നി. ഉള്ളില്‍ നിന്നും അത്യാവശ്യം വലിയൊരു കിളിപോയി. ചെമ്മാപ്പിള്ളി എന്ന സ്ഥലത്ത്‌ അച്ചനെ അറിയാത്തവര്‍ പൊതുവേ കുറവായിരുന്നു. തന്റെ നാല്‍പ്പത്തഞ്ചാം വയസ്സില്‍ അച്ചമ്മയുടെ ഉഗ്രകോപത്തിനുമുന്നില്‍ കീഴടങ്ങി വിവാഹം എന്ന ക്രൂരകര്‍മ്മത്തിനു തയ്യാറാകുന്നതുവരെ പിതാശ്രീ ചെമ്മാപ്പിള്ളിയില്‍ ഒരു ശിങ്കമായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ഈയുള്ളവന്റെ ഒളിഞ്ഞുതിന്നുള്ള ബീഡിവലികള്‍ പോലും ട്രാജഡിയിലാണ്‌ ചെന്നവസാനിക്കാറുള്ളത്‌. ഏതെങ്കിലും ഒരു സൈഡില്‍ നിന്നും ഒരു അശരീരി കേള്‍ക്കാം,

"ആഹാ, മേനോന്‍കുട്ട്യേ, ഇതാണല്ലേ പരിപാടി".

ഇത്തിരിയില്ലാത്ത ഒരു ബീഡി വലിക്കുന്നത്‌ കണ്ടുപിടിച്ചതിനു ഒരുമാതിരി അമേരിക്ക കണ്ടുപിടിച്ച കൊളമ്പസ്സിന്റെ ഭാവം കാണിക്കുന്ന കാപാലികര്‍, ഞാന്‍ ഷാപ്പില്‍ കയറുന്നതെങ്ങാനും കണ്ടാല്‍ അത്‌ പിതാശ്രീയെ അറിയിക്കും എന്നത്‌ മൂന്നരത്തരം. അറിഞ്ഞോണ്ടൊരു കൊലച്ചതിയിലേക്ക്‌ എടുത്തുചാടണോ എന്നു ഞാന്‍ ആലോചിക്കുമ്പോഴേക്കും എന്റെ ഭാഗ്യദോഷത്തിന്‌ ഞങ്ങള്‍ കുട്ടന്‍കുളം ഷാപ്പിനുമുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു.

മണിയറയിലേക്കു കയറുന്ന നവവധുവിന്റെ ഭാവവാഹാദികളോടെ ഞാന്‍ ആ ഷാപ്പിലേക്ക്‌ വലതുകാല്‍ വെച്ചുകയറി. ആദ്യമൊക്കെ മദ്യപാനത്തിലെ എന്റെ കന്യകാത്വം നഷ്ടപ്പെടുത്താന്‍ തയ്യാറാകാതിരുന്ന എന്നെ ക്രൂരന്മാരായ ആ ഏഴു കുടിയന്മാര്‍ അയ്യപ്പന്‍വിളക്കിന്റെ ഉടുക്‌ക്‍കൊട്ടുപാട്ടുപോലെ വട്ടമിട്ടിരുന്ന് തെറിവിളിച്ചു. അതേത്തുടര്‍ന്ന്, മദ്യപാനത്തിന്റെ നല്ലവശങ്ങളെക്കുറിച്ചും മദ്യപിച്ചാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും സര്‍വ്വശ്രീ കഴുപ്പറമ്പില്‍ ഷജില്‍, പൂക്കാട്ട്‌ സുധി എന്നിവര്‍ ക്ലാസ്സെടുത്തു. ഇത്രയുമൊക്കെ ആയപ്പോള്‍ എന്റെയുള്ളിലും വെള്ളമടിക്കാനുള്ള ആഗ്രഹം ചെറുതായി ഉടലെടുത്തുതുടങ്ങി. അങ്ങനെ ആ ഷാപ്പില്‍നിന്നും മൂന്നുകുപ്പി കള്ള്‌ കുടിച്ച്‌ ഞാന്‍ എന്റെ അരങ്ങേറ്റം കുറിച്ചു.

കുട്ടന്‍കുളം ഷാപ്പിലെ കള്ള്‌ തീര്‍ന്നതുകൊണ്ട്‌ കിട്ടാവുന്ന സ്പീഡില്‍ ഞങ്ങള്‍ പുല്ലാമ്പുഴ ഷാപ്പിലേക്ക്‌ വെച്ചുപിടിച്ചു. പുല്ലാമ്പുഴ ഷാപ്പില്‍നിന്ന് രണ്ടാമത്തെ കുപ്പി കുടിച്ചുകഴിഞ്ഞ്‌ ഇനീം വേണമെന്നു ഞാന്‍ വാശിപിടിക്കണതാണ്‌ എനിക്കു വ്യക്തമായി ഓര്‍മ്മയുള്ള അവസാനത്തെ രംഗം. പിന്നീടുള്ള സംഭവങ്ങള്‍ അടൂരിന്റെ സിനിമയിലെ രംഗങ്ങള്‍ പോലെ മങ്ങിയതും മറ്റുള്ളവര്‍ പറഞ്ഞുതന്നതും ആണ്‌.

മങ്ങിയ രീതിയില്‍ എനിക്കോര്‍മ്മയുള്ള ഒരു സംഭവം, തിരിച്ചുവരുന്ന വഴിയിലെവിടെയോ സൈക്കിളെല്ലാം നിര്‍ത്തിവെച്ച്‌ ബാക്കി ഏഴുപേരും കൂടി എന്തോ പറഞ്ഞ്‌ തര്‍ക്കിക്കുന്നതാണ്‌. ആ തര്‍ക്കം "എന്നെ ആര്‌ സൈക്കിളില്‍ കയറ്റും" എന്നതിനെക്കുറിച്ചായിരുന്നെന്ന് പിന്നീട്‌ ജിത്ത്‌ പറഞ്ഞാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.

എന്റെ ഗഡികള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ പറഞ്ഞുതന്ന ആ സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയുള്ള ക്രമത്തില്‍ എഴുതട്ടെ.

ഒന്ന് - പുല്ലാമ്പുഴ ഷാപ്പിന്റെ സൈഡിലുള്ള പുഴയിലേക്ക്‌ വാളുവെക്കാനിരുന്ന ബാബുവിന്റെ പുറം തടവിക്കൊടുക്കാനുള്ള എന്റെ ശ്രമം ബാബുവിനെ തള്ളി പുഴയിലേക്കിടുന്നതിലാണ്‌ കലാശിച്ചത്‌. (ഗുണപാഠം - അവനവനു നേരെ നില്‍ക്കാനുള്ള ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ വാളുവെക്കുന്നവരെ സഹായിക്കാവൂ. പ്രത്യേകിച്ച്‌ പുഴയിലേക്ക്‌ വാളുവെക്കുന്നവരെ.)

രണ്ട്‌ - ഷാപ്പില്‍ വെച്ച്‌ എഴുന്നേല്‍ക്കാനുള്ള സൗകര്യത്തിനുവേണ്ടി മുന്നിലുള്ള മേശ എടുത്ത്‌ നീക്കിയിട്ടു. എന്റെ കഷ്ടകാലത്തിന്‌ മേശപ്പുറത്ത്‌ പത്ത്‌ കുപ്പികളും എട്ട്‌ ഗ്ലാസ്സുകളും ഉണ്ടായിരുന്നു. കുപ്പീം ഗ്ലാസ്സുമൊക്കെയല്ലേ, തട്ടീം മുട്ടീമൊക്കെ ഇരിക്കും.

മൂന്ന് - ചെറിയച്ചന്റെ വീടിന്റെ അടുത്തുതന്നെ താമസിക്കുന്ന വിമലട്ടീച്ചറും മോളും നടന്നുവരുമ്പോള്‍ ടീച്ചറുടെ മോളോട്‌ "എന്തോ" പറഞ്ഞു. ഈ പറഞ്ഞതെന്താണെന്ന് എനിക്കിന്നും സത്യമായിട്ടും ഓര്‍മ്മയില്ല. ഞാന്‍ പറഞ്ഞു എന്ന പേരില്‍ എന്റെ ക്രൂരന്മാരായ സുഹൃത്തുക്കള്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ സത്യമാണെന്ന് എനിക്കുറപ്പില്ലാത്തതുകൊണ്ടും ഇവിടെ എഴുതാന്‍ കൊള്ളാത്തതായതുകൊണ്ടും ഒഴിവാക്കുന്നു.

നാല്‌ - എന്നേം പുറകില്‍ വെച്ച്‌ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന സുമേഷിന്റെ വല്ല്യച്ചനെ വഴിയില്‍ വെച്ച്‌ തെറിവിളിച്ചു. ( ഈ സംഭവത്തിനു ശേഷമാണ്‌ എന്നെ സൈക്കിളില്‍ കയറ്റുന്നതിനെക്കുറിച്ചുള്ള തര്‍ക്കം ഉണ്ടായതത്രേ. സ്വാഭാവികം.)

അഞ്ച്‌ - മുറ്റിച്ചൂര്‍ വളവ്‌ കഴിഞ്ഞ്‌ മൂത്രമൊഴിക്കാന്‍ വേണ്ടി സൈക്കിള്‍ നിര്‍ത്തിയപ്പോള്‍ ജിത്തിന്റെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടു. അവിടുന്നു ജിത്തും ബാബുവും സൈക്കിളും തള്ളി നടന്നാണ്‌ വീട്ടില്‍ എത്തിയത്‌.

ആറ്‌ - എന്റെ കയ്യിലെ വാച്ച്‌ ഊരി പുല്ലമ്പുഴ ഷാപ്പിന്റെ സൈഡിലുള്ള പുഴയിലേക്കു വലിച്ചെറിഞ്ഞു. ഈ സംഭവം സത്യമാണെന്നതിന്‌ തര്‍ക്കമില്ല. കാരണം പിറ്റേന്ന് പാമ്പിന്റെ പടം പൊഴിച്ച്‌ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ എന്റെ കയ്യില്‍ വാച്ചുണ്ടായിരുന്നില്ല. പക്ഷേ എന്തിനാണിത്‌ ചെയ്തതെന്ന് ഇന്നും എനിക്കും കൂടെ ഉണ്ടായിരുന്നവര്‍ക്കും പിടികിട്ടിയിട്ടില്ല. പിറ്റേന്ന് വാച്ചിനേക്കുറിച്ച്‌ വീട്ടില്‍ പറയാന്‍ നല്ല നുണയൊന്നും കിട്ടാതെ, പരശുറാമിനു തലവെക്കണോ ജയന്തി ജനതക്കു തലവെക്കണോ എന്നു ചിന്തിച്ച്‌ ടെന്‍ഷനടിച്ചോണ്ടിരുന്നപ്പോള്‍, സ്വന്തം കയ്യീന്ന് അതേ മോഡല്‍ വാച്ച്‌ ഊരിത്തന്ന് എന്നെ സഹായിച്ച എന്റെ ചെറിയച്ചന്റെ മകന്‍ കൂടിയായ ഷജിലിനോടുള്ള നന്ദി ഞാന്‍ ഇവിടെ പ്രകാശിപ്പിക്കട്ടെ.

ഏഴ്‌ - അഷ്ടമിരോഹിണി നാളിലെ ശോഭയാത്രക്കുവേണ്ടി രണ്ടുസൈഡിലും കുരുത്തോലയൊക്കെ തൂക്കി വൃത്തിയാക്കിയിട്ടിരുന്ന ആനേശ്വരം അമ്പലത്തിലേക്കുള്ള വഴിയില്‍ എന്റെവക ചില അലങ്കാരങ്ങള്‍ കൂടി ചാര്‍ത്തി. അതിമനോഹരമായ മൂന്നു തങ്കവാളുകള്‍. അതും കൃത്യസമയത്ത്‌. ബോധമില്ലായിരുന്നതുകൊണ്ട്‌ കൃഷ്ണന്മാരും രാധമാരും വാളിനെ കവച്ചുവെച്ച്‌ കടന്നുപോകുന്ന ആ സീന്‍ മിസ്സ്‌ ആയിപ്പോയി. ( ദൈവം പൊറുക്കട്ടെ )

എല്ലാം എഴുതാന്‍ പോയാല്‍ ഈ ബ്ലൊഗ്‌ സൈറ്റ്‌ മതിയാകില്ലെന്നതുകൊണ്ടും പറയാനുള്ളതെല്ലാം കൂടുതല്‍ കൂടുതല്‍ തറനിരപ്പിലുള്ളതായതുകൊണ്ടും ഇത്രേം വെച്ച്‌ നിര്‍ത്തുന്നു. എന്തായാലും ഈ സംഭവത്തിനുശേഷവും പലതവണ, വിമലട്ടീച്ചറും അവരുടെ ഭര്‍ത്താവ്‌ അശോകേട്ടനും സുമേഷിന്റെ വല്ല്യച്ചന്‍ പ്രഭാകരേട്ടനും എല്ലാം എന്റെ സാന്നിധ്യത്തില്‍ വെച്ചുതന്നെ എന്റെ പിതാശ്രീയെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെ ഈ സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നതിന്‌ അവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

വര്‍ക്കത്തുള്ള ഈ അരങ്ങേറ്റത്തിനുശേഷം ഞാന്‍ നല്ലൊരു കുടിയനായി മാറിയെങ്കിലും ഇത്രേം പേരെ വെറുപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വേറെ വെള്ളമടിപ്പരിപാടികള്‍ ഒന്നും പിന്നീടു ദൈവം സഹായിച്ച്‌ ഉണ്ടായിട്ടില്ല. മദ്യഭഗവാനേ, നിനക്കു നന്ദി.

15 comments:

മനോജ് കുമാർ വട്ടക്കാട്ട് said...

രാമന്‍ കൊള്ളാലോ!

സഹയാത്രികന്‍ said...

രാമാ അസ്സലായി... സുന്ദരമായി എഴുതി...

(അഷ്ടമിരോഹിണി ദിവസത്തെ വാളുവപ്പ് എന്നില്‍ ഗതകാല സ്മരണകള്‍ ഉണര്‍ത്തി... വാളുവച്ചത് എന്റെ സുഹൃത്തായിരുന്നെങ്കിലും ആ വാള്‍ എറ്റെടുക്കാനുള്ള ഭാഗ്യം എന്റെ ശരീരത്തിനായിരുന്നു.)
:)

myexperimentsandme said...

പ്രാദേശിക വാര്‍ത്തയിലെ മംഗലം‌ജീയെ കൊണ്ടുവരണോ... :)

“മദ്യമേ വിഷമേ വിഷമദ്യമേ... മര്‍ത്യനെ മയക്കും വിഷമേ...”

കള്ളാണെങ്കിലും വിവരണം കലക്കി :)

തെന്നാലിരാമന്‍‍ said...

വക്കാരിചേട്ടാ, മംഗലംജിയെ കൊണ്ടുവന്ന് ആ നല്ല മദ്യാഭ്യാസസ്ഥാപനം പൂട്ടിക്കരുത്‌. ഒരുപാട്‌ പേരുടെ ശാപം കിട്ടും :-)
യാത്രികന്‍ ചേട്ടന്റെ കൂട്ടുകാരനും ശോഭയാത്ര കലക്കിയോ?

തെന്നാലിരാമന്‍‍ said...

പടിപ്പുരചേട്ടാ, താങ്‌ക്‍സ്‌ ഉണ്ടുട്ടോ...ഇങ്ങിനെയൊക്കെയാണേലും രാമന്‍ ഒരു പാവമാണേ...:-)

ശ്രീ said...

മദ്യപുരാണം നന്നായി, കേട്ടോ
:)

പോക്കിരി said...

Mr.തെന്നാലി രാമന്‍....കലക്കന്‍ പുരാണം....നല്ലോണം ചിരിച്ചു....പോരട്ടെ കഥകള്‍....

വേണു venu said...

നല്ല രസികന്‍‍ വിവരണം.
ഇതിനു് കമന്‍റെഴുതുന്ന ദിവസം വ്ന്നു ഭവിച്ചിരിക്കുന്നതും ഈ ദിവസം. മദ്യമേ......:)

വെള്ളെഴുത്ത് said...

നമിച്ചു..
“ഇത്ര മ്ലേച്ച്ചവും ജുഗുപ്സാവഹവും ചൈനീസുമായ ജീവചരിത്ര വിവരണം ജീവിതത്തില്‍ കേട്ടിട്ടില്ല. വാഴച്ചോട്ടില്‍ കിടന്നോണ്ടാ മതി. വീട്ടില്‍ കാലെടുത്ത് കുത്തരുത്!“ (മാന്യശ്രീ ബഷീര്‍ വി കെ എന്‍ എന്ന തിരുമാലിയോട് പറഞ്ഞത്.)

തെന്നാലിരാമന്‍‍ said...

ശ്രീ,പോക്കിരീ,വേണുച്ചേട്ടാ, നന്ദിയുണ്ട്‌ട്ടോ
വെള്ളെഴുത്തണ്ണാ, ഞാന്‍ ഒരു പാവമാണേയ്‌...ഈ ചെയ്തതൊന്നും ഞാനല്ലാ...കുട്ടന്‍കുളത്തെയും പുല്ലാമ്പുഴയിലേയും പുളിച്ച കള്ളാണിത്‌ മുഴുവനും ചെയ്തത്‌...:-)

Sethunath UN said...

ഹ!ഹ!
ഇപ്പോഴാ വായിച്ച‌ത്.
ഇതു ക‌ലക്കി കേട്ടോ എന്റെ രാമാ
:))

കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്: സാന്‍ഡോസേ ഇങ്ങേരെ അങ്ങയെ ഏല്‍പ്പിക്കുന്നു ഒന്ന് ‘നന്നാക്കി’ എടുക്കൂ :)

കലക്കീട്ടാ. വെങ്കിടങില്‍ നിന്നുള്ള രണ്ടാം പുലി- ബൂലോഗചരിത്രത്തിലാദ്യാ? ഒരേ പഞ്ചായത്തീന്ന് രണ്ട് ബൂലോഗ പുലികള്‍

തെന്നാലിരാമന്‍‍ said...

നിഷ്‌കളങ്കാ, നന്ദിയുണ്ട്‌ട്ടോ
കുട്ടിച്ചാത്തന്‍ഭായീ, അരുത്‌...സാന്റോസിനെ ഏല്‍പ്പിച്ച്‌ എന്നെ നന്നാക്കരുത്‌...നന്നായാല്‍ ഞാന്‍ ഞാനല്ലാതാകും...:-)

`````Shine```` said...

അണ്ണാ.. തകര്‍ത്തു...ഇതു വായിച്ചിട്ടു ചിരി അടക്കാന്‍ പറ്റുന്നില്ല. കിടു!!!

തെന്നാലിരാമന്‍‍ said...

ഷൈന്‍... നന്ദി :-)